തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ പോലീസ് മേധാവിയായി എഡിജിപി അനിൽ കാന്തിനെ തെരഞ്ഞെടുത്തു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം.
യുപിഎസ്സി അംഗീകരിച്ച ചുരുക്കപ്പട്ടികയിൽനിന്ന് സുധേഷ് കുമാർ, ബി. സന്ധ്യ എന്നിവരെ ഒഴിവാക്കിയാണ് ഡൽഹി സ്വദേശിയായ അനിൽ കാന്തിനെ തെരഞ്ഞെടുത്തത്.
നിലവിൽ അനിൽ കാന്ത് റോഡ് സുരക്ഷാ കമ്മീഷണറായി പ്രവർത്തിച്ചുവരികയായിരുന്നു. 1988 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം.
പട്ടികവിഭാഗത്തിൽനിന്ന് കേരളത്തിൽ പോലീസ് മേധാവിയാകുന്ന ആദ്യത്തെ ഉദ്യോഗസ്ഥൻ കൂടിയാണ് അനിൽ കാന്ത്. എഡിജിപി റാങ്കിലുള്ള അദ്ദേഹം അടുത്ത മാസം മാത്രമേ ഡിജിപി റാങ്കിലെത്തൂ. ജൂലൈ 30 ന് ഋഷിരാജ് സിംഗ് വിരമിക്കുന്ന ഒഴിവിൽ ഡിജിപി റാങ്കിലേക്ക് എത്തും.
മന്ത്രിസഭയിൽ മുഖ്യമന്ത്രി അനിൽ കാന്തിന്റെ പേര് നിർദേശിക്കുകയും മറ്റുള്ളവർ അംഗീകരിക്കുകയുമായിരുന്നു. ദക്ഷിണമേഖല എഡിജിപി, വിജിലൻസ് മേധാവി, ജയിൽ മേധാവി എന്നീ നിലകളിലെല്ലാം ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് അദ്ദേഹം പ്രവർത്തിച്ചിരുന്നു. യുപിഎസി സർക്കാരിനു നൽകിയ പട്ടികയിലെ ഏറ്റവും ജൂനിയറായിരുന്നു അനിൽ കാന്ത്.
പട്ടികയിലുണ്ടായിരുന്ന സുദേഷ് കുമാറിനെ പോലീസ് അസോസിയേഷനുകൾ പിന്തുണയ്ക്കാതിരുന്നതോടെയാണ് പിന്തള്ളപ്പെട്ടത്. പോലീസിലെ ദാസ്യപ്പണി, പോലീസ് ഡ്രൈവറെ മകൾ മർദിച്ച സംഭവം തുടങ്ങിയവ സുദേഷ് കുമാറിനു തിരിച്ചടിയായി.
ബി. സന്ധ്യയേയും ഉന്നത ഉദ്യോഗസ്ഥരൊന്നും പിന്തുണച്ചില്ലെന്നാണ് അറിയുന്നത്. പുതിയ പോലീസ് മേധാവി വൈകിട്ട് പോലീസ് ആസ്ഥാനത്തെത്തി ബെഹ്റയിൽ നിന്ന് ചുമതലയേറ്റെടുക്കും.