നെടുമ്പാശേരി: നടപ്പു സാമ്പത്തികവര്‍ഷം കൊച്ചി വിമാനത്താവളം വഴി കടന്നുപോയ യാത്രക്കാരുടെ എണ്ണം ഒരു കോടി മറികടന്നതോടെ കൊച്ചിന് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാൽ) മറ്റൊരു ചരിത്ര നേട്ടം കൂടി കൈവരിച്ചു. 2017-18 സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ മൂന്നു ദിവസം മാത്രം ബാക്കിയിരിക്കെയാണ് സിയാല്‍ ഈ നേട്ടം സ്വന്തമാക്കിയത്.
സിയാലിന്റെ 19 വര്‍ഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സാമ്പത്തിക വര്‍ഷം ഒരു കോടി യാത്രക്കാര്‍ വിമാനത്താവളം ഉപയോഗിക്കുന്നത്. കേരളത്തിലെ മൂന്നു വിമാനത്താവളങ്ങളിലൂടെ ഈ സാമ്പത്തിക വര്‍ഷം 1.7 കോടിയോളം ആളുകളാണ് യാത്ര ചെയ്തത്.
ഒരു പവൻ
ഇന്നലെ ഉച്ചയ്ക്ക് 12.20ന് ചെന്നൈയില്‍നിന്ന് 175 യാത്രക്കാരുമായി ഇന്‍ഡിഗോ വിമാനം എത്തിയതോടെയാണ് സിയാല്‍ ഒരു കോടി യാത്രക്കാര്‍ എന്ന നേട്ടം സ്വന്തമാക്കിയത്. ഒരു കോടി തൊട്ട യാത്രക്കാരുടെ പ്രതിനിധിയെ സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ വി.ജെ. കുര്യന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.
യാത്രക്കാരോടുള്ള സിയാലിന്റെ കടപ്പാടിന്റെ മുദ്രയായി ഒരു പവന് സ്വര്‍ണ നാണയം സമ്മാനിച്ചു. ഇന്‍ഡിഗോ എയര്‍പോര്‍ട്ട് മാനേജര്‍ റോബി ജോണിനു സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ ഉപഹാരം നല്കി. 2016-17 സാമ്പത്തിക വര്‍ഷം 89.41 ലക്ഷം യാത്രക്കാരാണ് സിയാലിലൂടെ കടന്നുപോയത്.
വിമാനങ്ങൾ കൂടി
നടപ്പു വര്‍ഷം ഇതുവരെ സിയാല്‍ കൈകാര്യം ചെയ്ത ആഭ്യന്തര യാത്രക്കാരുടെ എണ്ണം 48.43 ലക്ഷമാണ്. 2016-17ല്‍ ഇത് 39.42 ലക്ഷമായിരുന്നു. 23 ശതമാനമാണ് ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വളര്‍ച്ച. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 49.98 ലക്ഷം രാജ്യാന്തര യാത്രക്കാര്‍ സിയാല്‍ വഴി കടന്നുപോയി.
വിമാന സര്‍വീസുകളുടെ എണ്ണത്തിലും സിയാല്‍ വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. 2016-17ല്‍ 62,827 എയര്‍ക്രാഫ്റ്റ് മൂവ്മെന്റ് (ടേക്ക് ഓഫ്, ലാന്‍ഡിംഗ് മൊത്തം സംഖ്യ) രേഖപ്പെടുത്തിയ സ്ഥാനത്ത് ഈ സാമ്പത്തിക വര്‍ഷം ഇതുവരെ 68,891 ആയി ഉയര്‍ന്നു.
25 എയര്‍ലൈനുകള്‍ സിയാലില്‍ നിന്ന് സര്‍വീസ് നടത്തുന്നുണ്ട്. ഗള്‍ഫ് മേഖലയിലെ മിക്ക രാജ്യങ്ങളിലേക്കും കൊച്ചിയില്‍ നിന്ന് നേരിട്ട് സര്‍വീസുകളുണ്ട്. സിംഗപ്പൂര്‍, ക്വാലാലംപൂര്‍, ബാങ്കോക്ക് എന്നി പൂര്‍വേഷ്യന്‍ രാജ്യങ്ങളിലേക്കു പ്രതിദിനം ശരാശരി മൂന്നു വീതം വിമാന സര്‍വീസുണ്ട്. നിലവിലെ ശീതകാല ഷെഡ്യൂള്‍ പ്രകാരം പ്രതിവാരം ഡല്‍ഹിയിലേക്ക് 95, ബാംഗളൂരിലേക്ക് 71, മുംബൈയിലേക്ക് 68 എന്നിങ്ങനെയാണ് സിയാലില്‍ നിന്നുള്ള ആഭ്യന്തര സര്‍വീസുകള്‍.
ആഭ്യന്തര യാത്ര
ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ പുരോഗതിക്കാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. പ്രതിവര്‍ഷം 10 കോടി യാത്രക്കാര്‍ ഇന്ത്യയില്‍ ആഭ്യന്തര വിമാനയാത്ര നടത്തുന്നു. ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിലുണ്ടാകുന്ന വന്‍ വളര്‍ച്ച ഉള്‍ക്കൊള്ളാന്‍ സിയാല്‍ സജ്ജമാകുന്നതായി മാനേജിംഗ് ഡയറക്ടര്‍ വി.ജെ. കുര്യന് പത്രസമ്മേളനത്തില്‍ പറഞ്ഞു.
നാലു വര്‍ഷംകൊണ്ട് ഇരട്ടിക്കുന്ന വിധത്തിലാണ് ആഭ്യന്തര ട്രാഫിക്കില്‍ രാജ്യത്തുണ്ടാകുന്ന വര്‍ധന. നിലവില്‍ 480 വിമാനങ്ങള്‍ ഇന്ത്യന്‍ എയര്‍ലൈന്‍ കമ്പനികള്‍ക്കുവേണ്ടി സര്‍വീസ് നടത്തുന്നു.
ഒന്നാം ടെർമിനൽ
അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ 1080 പുതിയ വിമാനങ്ങള്‍ കൂടി എത്തുന്നുമെന്നും വ്യോമയാന രംഗത്തുണ്ടാകുന്ന ഈ വളര്‍ച്ച ഉള്‍ക്കൊള്ളണമെങ്കില്‍ ഇന്ത്യയിലെ വിമാനത്താവളങ്ങള്‍ നിരന്തരം നവീകരിക്കപ്പെടണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇക്കാര്യത്തില്‍ സിയാല്‍ ഏറെ മുന്നൊരുക്കങ്ങള്‍ നടത്തുന്നുണ്ട്. ആറു ലക്ഷം ചതരുശ്രയടി വിസ്തീര്‍ണത്തില്‍ ആധുനിക സൗകര്യങ്ങളോടെ നവീകരിക്കുന്ന ഒന്നാം ടെര്‍മിനല്‍ മേയിൽ ആഭ്യന്തര സര്‍വീസിനായി തുറന്നുകൊടുക്കും.
മണിക്കൂറില്‍ 4,000 യാത്രക്കാരെ കൈകാര്യം ചെയ്യാന്‍ ഈ ടെര്‍മിനലിനു ശേഷിയുണ്ടാകുമെന്നും കുര്യന് പറഞ്ഞു. എയര്‍പോര്‍ട്ട് ഡയറക്ടര്‍ എ.സി.കെ. നായര്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍ എ.എം. ഷബീര്‍, ചീഫ് ഫിനാഷല് ഓഫീസര്‍ സുനില്‍ ചാക്കോ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.