തിരുവനന്തപുരം: ബാർട്ടൺഹില്ലിൽ ഗുണ്ടാ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി ഒരാൾ വെട്ടേറ്റു മരിച്ച സംഭവത്തിൽ ഒരാൾ പോലീസ് കസ്റ്റഡിയിൽ. ഇന്നലെ രാത്രിയാണ് ബാർട്ടൺ ഹിൽ കോളനിയിൽ ക്രിമിനൽ കേസ് പ്രതികൾ തമ്മിൽ ഏറ്റുമുട്ടിയത്. ഈ സംഭവത്തിൽ ഗുണ്ടുകാട് സ്വദേശി അനിൽകുമാർ വെട്ടേറ്റ് മരിച്ചിരുന്നു. ഇയാളെ വെട്ടിയ ജീവൻ നിരവധി കേസുകളിലെ പ്രതിയാണ്.
ജീവനാണ് വെട്ടിയതെന്ന് ദൃക്സാക്ഷികൾ പോലീസിന് മൊഴിനൽകിയിട്ടുണ്ട്. ഇയാൾ ഒളിവിലാണ്. കസ്റ്റഡിയിലുള്ളത് ജീവന്റെ കൂട്ടാളിയാണെന്നാണ് വിവരം. കൊല്ലപ്പെട്ട അനിൽകുമാർ നിരവധി കേസുകളിലെ പ്രതിയാണ്. ഇപ്പോൾ ഓട്ടോറിക്ഷ ഓടിക്കുകയാണ്. അനിൽകുമാറിനെ വെട്ടിയ ജീവനെ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ ആരംഭിച്ച ഓപ്പറേഷന് ബോൾട്ടിന്റെ ഭാഗമായി കസ്റ്റഡിയിലെടുത്ത ശേഷം വിട്ടിരുന്നു.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കകം തലസ്ഥാനത്ത് നടന്ന മൂന്നാമത്തെ കൊലപാതകമാണ്. ഈ മൂന്നു കൊലപാതകത്തിലും കൊല്ലപ്പെട്ടവരും കൊല നടത്തിയവരും ക്രിമിനൽ കേസു പ്രതികളാണ്. തലസ്ഥാനത്ത് മയക്കു മരുന്നു ഗുണ്ടാ സംഘങ്ങളുടെ ഏറ്റുമുട്ടൽ തുടർക്കഥയാകുന്നത് സിറ്റി പോലീസിന് ഉണ്ടാക്കുന്ന തലവേദന ചില്ലറയല്ല.
പ്രതികളെ വളരെ വേഗം പിടികൂടുന്നുണ്ടെങ്കിലും ഒന്നിനു പിറകെ ഒന്നായി സംഭവങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. ആക്രണത്തിന് ശേഷം രക്ഷപ്പെട്ട ജീവനായി പോലീസ് നഗരത്തിനു പുറത്തും വ്യാപക പരിശോധന നടത്തുകയാണ്. പ്രതി ഉടൻ കസ്റ്റഡിയിലാകുമെന്ന് സിറ്റി പോലീസ് കമ്മീഷണർ സഞ്ജയ് കുമാർ ഗുരുദിൻ രാഷ്ട്രദീപികയോട് പറഞ്ഞു.