പേരൂര്‍ക്കട: പരസഹായത്തോടെയെങ്കിലും കസേരയില്‍ എണീറ്റിരിക്കാന്‍ സാധിച്ചപ്പോള്‍ അനില്‍കുമാറിന് എന്തെന്നില്ലാത്ത സന്തോഷമായിരുന്നു. ഇപ്പോള്‍ എല്ലാവരോടും സംസാരിക്കാന്‍ സാധിക്കും.
അസഹ്യമായ വേദന അലട്ടിയിരുന്ന മുറിവുകള്‍ കരിഞ്ഞു. കൈകള്‍ക്ക് ചലനശേഷി ലഭിച്ചു. കഴുത്തിന്റെ വേദനമാറി. മരുന്നും ആഹാരവും മുറയ്ക്ക് ലഭിച്ചതോടെ മറ്റു ശാരീരിക പ്രശ്നങ്ങളും ശ്വാസകോശത്തിന്റെ രോഗവും മാറി.
വട്ടിയൂര്‍ക്കാവ് മേലത്തുമേലെ സ്വദേശിയും ഇപ്പോള്‍ നേതാജി നഗറില്‍ താമസിച്ചുവരുന്നയാളുമായ അനില്‍കുമാര്‍ (55) വിധിയോടു പടവെട്ടിയാണ് ജീവിതത്തിലേക്കു തിരികെ പ്രവേശിച്ചിരിക്കുന്നത്.
ഓഗസ്റ്റ് 21-ന് പടിക്കെട്ടില്‍നിന്നു വീണ് കഴുത്തെല്ലിന് ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതു മാത്രം അറിയാം.
അധികൃതരുടെ അവഗണന മൂലം ശരിയായ ചികിത്സ ലഭിക്കാതെ നില വഷളാകുകയും ഒടുവില്‍ പുഴുവരിച്ച നിലയില്‍ ഡിസ്ചാര്‍ജ്ജ് ചെയ്യപ്പെടുകയും ചെയ്ത മനുഷ്യന് !
സംഭവം വിവാദമായതോടെ ഉന്നതാധികാരികള്‍ ഇടപെട്ട് ചികിത്സ സൗജന്യമാക്കിയതോടെ പേരൂര്‍ക്കട ഗവ. ആശുപത്രിയില്‍ 2 ആഴ്ചത്തെ ചികിത്സയ്ക്കുശേഷം പൂര്‍ണ്ണ ആരോഗ്യവാനായി വീട്ടിലെത്തി.
വട്ടിയൂര്‍ക്കാവ് കുലശേഖരം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകരാണ് ഇപ്പോള്‍ ചികിത്സിച്ചു വരുന്നത്. കാലുകളുടെ ചലനശേഷി വീണ്ടുകിട്ടുന്നതിന് ഫിസിയോതെറാപ്പി മുടങ്ങാതെ ചെയ്യുന്നുണ്ട്.
മെഡിക്കല്‍കോളജ് അധികൃതര്‍ തന്നോട് തികഞ്ഞ അവഗണന കാട്ടിയെന്നും മരുന്നോ ആഹാരമോ തന്നില്ലെന്നും അനില്‍കുമാര്‍ ഏറെ വേദനയോടെയാണ് പറഞ്ഞത്. വീട്ടില്‍ വിശ്രമിക്കുന്ന അനില്‍കുമാറിന്റെ ആരോഗ്യകാര്യത്തില്‍ വീട്ടുകാര്‍ ഏറെ ശ്രദ്ധിക്കുന്നുണ്ട്.
അതേസമയം പിതാവിനോടും കുടുംബത്തോയും അധികൃതര്‍ ചെയ്ത അവഗണനയ്ക്കെതിരേ നഷ്ടപരിഹാരം ലഭിക്കുന്നതു സംബന്ധിച്ച് കോടതിയില്‍ കേസ് ഫയല്‍ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്.