പി. പ്രശാന്ത്
മെഡിക്കല്‍കോളജ്: 18 വര്‍ഷമായി മാതാപിതാക്കള്‍ എവിടെയുണ്ടെന്നറിയാതെ അഗതിമന്ദിരത്തില്‍ കഴിയുകയാണ് ഒരു യുവാവ്. ഈ വിഷമം മനസിന്റെ ഏതോ കോണിൽ ഒതുക്കുന്നുണ്ടെങ്കിലും അനില്‍കുമാര്‍ (40) ഇപ്പോഴും സന്തുഷ്ടനാണ്.
ആ പഴയ 16-ാം വാര്‍ഡിന്റെ ദുരനുഭവങ്ങള്‍ ഒഴിഞ്ഞ് അനില്‍കുമാര്‍ ഇപ്പോള്‍ ആശ്രയകേന്ദ്രത്തില്‍ കഴിയുന്നത് നിറഞ്ഞ മനസും തെളിഞ്ഞ പുഞ്ചിരിയുമായി. 2000 ഡിസംബറിൽ കൊല്ലം ജില്ലയില്‍ ഉണ്ടായ വാഹനാപകടത്തില്‍പ്പെട്ട് പോലീസ് ജില്ലാ ആശുപത്രിയിലെത്തിക്കുകയും തുടർന്ന് തിരുവനന്തപുരം മെഡിക്കല്‍ കോജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്ത യുവാവ് ഇപ്പോള്‍ ശ്രീകാര്യം കട്ടേല എന്‍ജിനിയറിംഗ് കോളജിനു സമീപത്തെ കാരുണ്യ വിശ്രാന്തി ഭവനിലെ അന്തേവാസിയാണ്.
കരമനയ്ക്കു സമീപം മേലാറന്നൂരാണ് തന്റെ വീടെന്ന് അനില്‍ കുമാര്‍ പറയുന്നുണ്ടെങ്കിലും വര്‍ഷങ്ങള്‍ക്കിപ്പുറവും അനിലിന്റെ രക്ഷിതാക്കള്‍ കാണാമറയത്തു തന്നെ. ചെറിയ മാനസികാസ്വാസ്ഥ്യമുണ്ടായിരുന്ന അനിലിന് വീട്ടില്‍ നിന്ന് ഇറങ്ങി നടന്നുവെന്നു മാത്രം അറിയാം. പിന്നെ, എങ്ങോട്ടുപോയി എന്നോ, എവിടെവച്ച് അപകടം പറ്റിയെന്നോ, എവിടെ ചികിത്സയിലായി എന്നോ ഓര്‍മ്മയില്ല.
തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയിൽ അജ്ഞാതനായി മുദ്രകുത്തി കിടക്ക നിഷേധിച്ച് തറയില്‍ അര്‍ദ്ധബോധാവസ്ഥയിലുള്ള അനിലിന്റെ നേര്‍ചിത്രം പുറംലോകം അറിഞ്ഞതോടെയാണ് സന്നദ്ധ പ്രവര്‍ത്തകര്‍ ഇദേഹത്തെ ഏറ്റെടുക്കാനെത്തിയത്.
ഏറെക്കുറെ അബോധാവസ്ഥയിലായിരുന്ന അനിലിനെ കാരുണ്യാ ഗൈഡന്‍സ് സെന്ററിന്റെ കോ-ഓര്‍ഡിനേറ്റര്‍ ഫാ. തോമസ് ജോണിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകര്‍ എത്തിയാണ് ആശ്രയ കേന്ദ്രത്തിലേക്കു മാറ്റിയത്.അനിലിന്റെ കുടുംബത്തെ കണ്ടെത്താന്‍ പോലീസും വിശ്രാന്തി അധികൃതരും ദീര്‍ഘനാള്‍ അന്വേഷണം നടത്തിയെങ്കിലും യാതൊരു പ്രയോജനവുമുണ്ടായില്ല.
അന്തേവാസികള്‍ക്കൊപ്പം വിശ്രമവേളകളും ആഘോഷവേളകളും സന്തോഷപൂര്‍വം കൊണ്ടാടുന്ന അനിലിന്റെ മുഖത്ത് വല്ലപ്പോഴും ഉണ്ടാകുന്ന ദു:ഖത്തിന് ഒരു കാരണമേയുള്ളൂ തന്റെ മാതാപിതാക്കളെയും സഹോദരങ്ങളെയും കണ്ടെത്താനാകാത്ത നിരാശ…