ന്യൂഡൽഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകൻ അനിൽ കുംബ്ലെ രാജിവച്ചേക്കും. പരിശീലകനായി തുടരാൻ താൽപര്യമില്ലെന്ന് കുംബ്ലെ അറിയിച്ചതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. നായകൻ വിരാട് കോഹ്ലിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നാണ് കുംബ്ലെ പരിശീലകസ്ഥാനം വേണ്ടായെന്ന് വയ്ക്കുന്നത്. കുംബ്ലെ സ്ഥാനമൊഴിഞ്ഞാൽ ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം മുന്‍ താരം വിരേന്ദര്‍ സെവാഗിനെ പരിശീലകനായി നിയമിച്ചേക്കുമെന്നാണ് റിപ്പോർട്ട്.
പരിശീലകസ്ഥാനത്ത് തുടരണമെന്ന് ആവശ്യപ്പെട്ട് ബിസിസിഐയുടെ സുപ്രീംകോടതി നിയോഗിച്ച ഇടക്കാല ഭരണസമിതി കുംബ്ലെയുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നും പറയുന്നു. കുംബ്ലെ പരിശീലകനായി തുടരുന്നതാണ് സുപ്രീംകോടതി നിയോഗിച്ച ഇടക്കാല ഭരണസമിതിക്ക് താൽപര്യം. എന്നാൽ ബിസിഐക്ക് കുംബ്ലെയുടെ സേവനം തുടരുന്നതിനോട് യോജിപ്പില്ല.
ഇതിനിടെ കുംബ്ലെയും കോഹ്ലിയും തമ്മിലുള്ള പ്രശ്നത്തില്‍ ഗാംഗുലിയും ബിസിസിഐയും ഇടപെട്ടിരുന്നു. ബിസിസിഐ ജോയിന്റ് സെക്രട്ടറി അമിതാഭ് ചൗ ധരിയും ജനറല്‍ മാനേജര്‍ എം.വി. ശ്രീധറും കളിക്കാരുമായി ചർച്ച നടത്തി. വെള്ളിയാഴ്ച ഗാംഗുലി കളിക്കാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.ടോം മൂഡിയെ പരിശീലകനാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.