ലണ്ടന്‍: ഇന്ത്യന്‍ പരിശീലകസ്ഥാനത്ത് നിന്നു രാജിവച്ചതിനു പിന്നാലെ അനില്‍ കുംബ്ലെ ട്വിറ്ററിലൂടെ എല്ലാവര്ക്കും നന്ദി അറിയിച്ചു. വിരാട് കോഹ്ലിയുമായുള്ള അഭിപ്രായഭിന്നത തന്നെയാണ് രാജിയിലേക്ക് നയിച്ചതെന്നും തന്റെ അഭിരുചിക്കനുസരിച്ച് പരിശീലകനെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം കോഹ്ലിക്കുണ്ടെന്ന് ബിസിസിഐയില്‍നിന്നു മനസിലാക്കിയത് കഴിഞ്ഞ ദിവസമാണെന്നും കുംബ്ലെ ട്വിറ്ററില്‍ പറയുന്നു.
ബിസിസിഐയും ഉപദേശക സമിതിയും പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും പരിശീലക സ്ഥാനത്തുനിന്ന് രാജിവയ്ക്കുന്നതാണ് നല്ലതെന്നു തോന്നിയെന്നും കുംബ്ലെ വ്യക്തമാക്കുന്നു.ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി ഒരു വര്‍ഷം സേവനമനുഷ്ഠിക്കാന്‍ കഴിഞ്ഞത് ബഹുമതിയായി കാണുന്നുവെന്നും ആരാധകരില്‍നിന്നുള്ള പിന്തുണ ഇനിയും പ്രതീക്ഷിക്കുന്നുവെന്നും പറഞ്ഞാണ് ട്വീറ്റ് അവസാനിപ്പിക്കുന്നത്. രാജ്യത്തിന്റെ ക്രിക്കറ്റ് പാരമ്പര്യത്തിന്റെ ഭാഗമായി ഇനിയും കൂടെത്തന്നെയുണ്ടാകുമെന്നും കുംബ്ലെ ഉറപ്പുനല്‍കുന്നുണ്ട്.
എന്നിലുള്ള വിശ്വാസം നഷ്ടപ്പെടാതെ പരിശീലകനായി തുടരാന്‍ ക്രിക്കറ്റ് ഉപദേശക സമിതി ആവശ്യപ്പെട്ടപ്പോള്‍ ഞാന്‍ ആദരിക്കപ്പെടുകയായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തെ ഇന്ത്യന്‍ ടീമിന്റെ നേട്ടങ്ങളുടെ ബഹുമതി ക്യാപ്റ്റനും ടീമിനും പരിശീലകനും സപ്പോര്‍ട്ടിംഗ് സ്റ്റാഫിനും അവകാശപ്പെട്ടതാണ്.
തന്റെ അഭിരുചിക്കനുസരിച്ച് പരിശീലകനെ തെരഞ്ഞെടുക്കാനും പരിശീലകനായുള്ള എന്റെ ഭാവിയില്‍ തീരുമാനമെടുക്കാനും ക്യാപ്റ്റനു സ്വാതന്ത്ര്യമുണ്ടെന്ന് ബിസിസിഐയില്‍ നിന്ന് ഞാന്‍ കഴിഞ്ഞ ദിവസമാണ് അറിഞ്ഞത്. നായകന്റെയും പരിശീലകന്റെയും ബന്ധങ്ങളുടെ അതിര്‍ത്തികളെക്കുറിച്ച് വ്യക്തമായ ധാരണയുള്ള ഒരാളെന്ന നിലയില്‍ ഇതെന്നെ അദ്ഭുതപ്പെടുത്തി.
ഞാനും ക്യാപ്റ്റനും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ബിസിസിഐ ശ്രമിച്ചിരുന്നെങ്കിലും പരിശീലക സ്ഥാനത്ത് നിന്ന് പിന്മാറുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നി. കാരണം ക്യാപ്റ്റനുമായുള്ള ബന്ധത്തിന് അത്രയും ഉലച്ചില്‍ തട്ടിയിരുന്നു.
പ്രഫഷണലിസം, അച്ചടക്കം, സത്യസന്ധത, വ്യത്യസ്തമായ കാഴ്ചപ്പാട് എന്നിവയാണ് ഒരു പരിശീലകനെന്ന നിലയില്‍ ഞാന്‍ നടപ്പിലാക്കാന്‍ ശ്രമിച്ചത്. ഒരു ബന്ധം ഫലപ്രദമാകണമെങ്കില്‍ ഈ കാര്യങ്ങള്‍ക്കെല്ലാം പ്രാധാന്യം നല്‍കണം. അതെല്ലാം മുഖവിലക്കെടുക്കുകയും വേണം. കളിക്കാരെ സ്വയം മെച്ചപ്പെടാന്‍ സഹായിക്കുംവിധം ടീമിന് നേരെ ഒരു കണ്ണാടി പിടിക്കുക എന്നതു മാത്രമാണ് ഒരു പരിശീലകന്റെ ഉത്തരവാദിത്വം.
ഈ താത്പര്യങ്ങളുടെയെല്ലാം പശ്ചാത്തലത്തില്‍ എന്റെ ഉത്തരവാദിത്വം കൈമാറുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നുന്നു. ബിസിസിഐയും ഉപദേശക സമിതിയും അതിന് യോജിച്ചവരെ കണ്ടെത്തട്ടെ.കഴിഞ്ഞ ഒരു വര്‍ഷം ഇന്ത്യന്‍ ടീമിന്റെ പരിശീലകനാകാന്‍ കഴിഞ്ഞത് ഒരു ബഹുമതിയായി ഞാന്‍ കാണുന്നു. ക്രിക്കറ്റ് ഉപദേശക സമിതിക്കും ബിസിസിഐക്കും ഇടക്കാല ഭരണസമിതിക്കും ഞാന്‍ എന്റെ നന്ദി അറിയിക്കുന്നു.
ഇന്ത്യന്‍ ക്രിക്കറ്റിനെ ആരാധിക്കുന്ന, പിന്തുണയ്ക്കുന്ന എല്ലാ ആരാധകര്‍ക്കും ഞാന്‍ നന്ദി അറിയിക്കുന്നു. എന്റെ രാജ്യത്തിന്റെ ക്രിക്കറ്റ് പാരമ്പര്യത്തോടൊപ്പം ഒരു ഗുണകാംക്ഷി എന്ന നിലയില്‍ ഞാന്‍ എപ്പോഴുമുണ്ടാകും- കുംബ്ലെ വ്യക്തമാക്കി.