പരിസ്ഥിതിപ്രവര്‍ത്തകന്‍, നദി സംരക്ഷകന്‍, എഴുത്തുകാരന്‍, പൈലറ്റ്, അന്തരിച്ച കേന്ദ്ര പരിസ്ഥിതിമന്ത്രി അനില്‍ മാധവ് ദാവെയെ ഇങ്ങനെയൊക്കെ വിശേഷിപ്പിക്കാം. ഒരു രാഷ്ട്രീയക്കാരന്‍ എന്നതിലുപരി പരിസ്ഥിതി സംരക്ഷണത്തിനായി ജീവിതം ഉഴിഞ്ഞു വച്ച ഒരു പരിസ്ഥിതി സ്‌നേഹിയായിരുന്നു അനില്‍ മാധവ് ദാവെ. പരിസ്ഥിതി സംരക്ഷണ കാര്യത്തില്‍ രാഷ്ട്രീയം മറന്നുള്ള പ്രവര്‍ത്തനമായിരുന്നു അനില്‍ ദാവെയുടെ കൈമുതല്‍. പൊതുജന സമൂഹത്തില്‍ ഇദ്ദേഹത്തെ സ്വീകാര്യനാക്കിയതും ഈ സവിശേഷ വ്യക്തിത്വം തന്നെയാണ്.
മധ്യപ്രദേശിലെ ഉജ്ജൈനിലെ ബാര്‍നഗറില്‍ 1956 ജൂലൈ ആറിനായിരുന്നു ദാവെയുടെ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഇന്‍ഡോറില്‍ നിന്ന് കൊമേഴ്‌സില്‍ ബിരുദ്ധാനന്തര ബിരുദം പൂര്‍ത്തിയാക്കി. റൂറല്‍ ഡെവലപ്‌മെന്റ് ആന്‍ഡ് മാനേജ്‌മെന്റിലായിരുന്നു സ്‌പെഷലൈസേഷന്‍. കോളജ് കാലത്ത് ദാവെ വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ സജീവമായിരുന്നു.
നര്‍മദാ നദി സംരക്ഷണവുമായി ബന്ധപ്പെട്ടാണ് ധാവെ രാജ്യശ്രദ്ധ ആകര്‍ഷിക്കുന്നത്. ‘ നര്‍മദാ സമഗ്ര’ എന്നൊരു സംഘടനയ്ക്കും ഇദ്ദേഹം രൂപം കൊടുത്തു. നര്‍മദയും പരിസരവും സംരക്ഷിക്കുന്നതിനായി പിന്നീടു നടന്ന ഒട്ടനവധി പ്രക്ഷോഭങ്ങളെ നയിച്ചതും ദാവെയായിരുന്നു. ഈ അവസരത്തില്‍ നര്‍മദാ നദിയുടെ ഉത്സവസ്ഥാനം മുതല്‍ അവസാനം വരെ സെസ്‌ന-173 വിമാനം പറത്തി ഒരു വേറിട്ട പ്രക്ഷോഭത്തിനും ഇദ്ദേഹം വഴിമരുന്നിട്ടു. 18 മണിക്കൂറാണ് അദ്ദേഹം അതിനായെടുത്തത്.1312 കിലോമീറ്റര്‍ നീളംവരുന്ന നര്‍മദാ പ്രദക്ഷിണം 19 ദിവസം കൊണ്ടാണ് ഇദ്ദേഹം പൂര്‍ത്തിയാക്കിയത്. എഷ്യയിലെ മുഴുവന്‍ രാജ്യങ്ങളെയും ഒരുമിപ്പിച്ചു കൊണ്ട് ‘ റിവര്‍ ഫെസ്റ്റിവല്‍’ നടത്താന്‍ മുന്‍കൈയെടുത്തതും ദാവെയാണ്. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും ആഗോളതലത്തില്‍ നദികളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും ഈ ഫെസ്റ്റിവല്‍ ചര്‍ച്ച ചെയ്തു.
പരിസ്ഥിതി,കാലാവസ്ഥാ വ്യതിയാനം, രാഷ്ട്രീയം, കല,സംസ്കാരം,യാത്രാവിവരണം, ചരിത്രം എന്നിങ്ങനെ വിവിധ വിഷയങ്ങളില്‍ ധാവെയുടെ തൂലികയില്‍ വിരിഞ്ഞ പുസ്തകങ്ങള്‍ അനവധിയാണ്. ശിവാജി ആന്‍ഡ് സുരാജ്,ക്രിയേഷന്‍ ആന്റ് ക്രിമേഷന്‍;റാഫ്റ്റിംഗ് ത്രൂ എ സിവിലൈസഷന്‍, മഹാനായക് ചന്ദ്രശേഖര്‍ ആസാദ്, റൊട്ടി ഔര്‍ കമല്‍ കീ കഹാനി, സമഗ്ര ഗ്രാമ വികാസ്,ബിയോണ്ട് കോപ്പന്‍ ഹേഗന്‍ തുടങ്ങിയവ അതില്‍ ചിലതാണ്. മധ്യപ്രദേശിലെ ഹൊസംഗാബാദ് ജില്ലയിലെ എല്ലാ സ്കൂളുകളിലും ബയോ-ടോയ്‌ലെറ്റ് കൊണ്ടു വരാന്‍ മുന്‍കൈയെടുത്തതും അനില്‍ ദാവെയായിരുന്നു. 2104ലെ സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ വച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു പദ്ധതി പ്രഖ്യാപിച്ചത്. 1880 സ്കൂളുകളിലെ 98000 കുട്ടികള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്. നര്‍മദാ നദീതിരത്തുള്ള നാലു ഗ്രാമങ്ങളെ ‘ജഹാന്‍പുര്‍ പഞ്ചായത്ത്’ എന്ന പേരില്‍ ദത്തെടുത്ത് സ്വയംഭരണ സംവിധാനം ഏര്‍പ്പെടുത്തിയതും ദാവെയായിരുന്നു.
വനം-പരിസ്ഥിതി, ശാസ്ത്ര-സാങ്കേതികം സ്റ്റാന്‍ഡിംഗ് കമ്മിറ്റിയിലെ അംഗമായിരുന്ന ദാവെ, ജലവിഭവ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയിലും അംഗമായിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാന വിഭാഗമായ യുഎന്‍എഫ്‌സിസിസിയുടെ സെമിനാറുകളിലും ഇദ്ദേഹം സ്ഥിരസാന്നിദ്ധ്യമായിരുന്നു. ഭീകരവാദത്തിനെതിരേ എല്ലാവര്‍ഷവും ഇസ്രയേലില്‍ നടക്കുന്ന സമ്മേളനങ്ങളിലും ഇദ്ദേഹം സ്ഥിരമായി പങ്കെടുത്തിരുന്നു. നല്ലൊരു സഞ്ചാരപ്രിയനായിരുന്നു ഇദ്ദേഹം. അമേരിക്കയുടെ വിവിധ ഭാഗങ്ങള്‍, യൂറോപ്പ്, തെക്കന്‍ ആഫ്രിക്ക എന്നിവിടങ്ങളിലും യാത്ര പോയിട്ടുള്ളതിന്റെ വിവരണം ഇദ്ദേഹം പുസ്തക രൂപത്തില്‍ പുറത്തിറക്കിയിട്ടുമുണ്ട്. 2009 മുതല്‍ മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാംഗമായ ഇദ്ദേത്തെ 2016ലെ മന്ത്രി സഭാ പുനസംഘടനയില്‍ എന്‍ഡിഎ സര്‍ക്കാര്‍ കേന്ദ്ര പരിസ്ഥിതി മന്ത്രിയായി നിയമിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ വിയോഗത്തെ വലിയ നഷ്ടമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വിശേഷിപ്പിച്ചത്.