കോഴിക്കോട്: സ്വര്‍ണക്കടത്ത് രാഷ്ട്രീയ ആയുധമാക്കിയ ബിജെപി കടുത്ത പ്രതിരോധത്തിലേക്ക്. കേസിൽ വിയർത്തുനിൽക്കുന്ന സിപിഎം കിട്ടിയ അവസരം മുതലെടുക്കാൻ ഊർജിതമായി രംഗത്തിറങ്ങി.
ജനം ടിവി കോ-ഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ അനില്‍ നമ്പ്യാരെ ചോദ്യം ചെയ്യാനായി കസ്റ്റംസ് വിളിപ്പിച്ചതിനുപിന്നാലെയാണ് സ്വര്‍ണക്കടത്ത് കേസ് ബിജെപിക്കെതിരേയുള്ള ആയുധമാക്കാന്‍ സിപിഎം തീരുമാനിച്ചത്. നയതന്ത്ര പാഴ്സല്‍ വഴി സ്വര്‍ണം കടത്തിയതു കസ്റ്റംസ് പിടികൂടിയതു മുതല്‍ മുഖ്യമന്ത്രിക്കും ഓഫീസിനും പങ്കുണ്ടെന്ന ആരോപണമാണ് ബിജെപി ഉന്നയിച്ചുകൊണ്ടിരിക്കുന്നത്.
മന്ത്രിമാര്‍ക്കും സ്പീക്കര്‍ക്കും വരെ കേസിലെ പ്രതി സ്വപ്ന സുരേഷുമായി ബന്ധമുണ്ടെന്ന ആരോപണമാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് ഉന്നയിക്കുന്നത്. സെക്രട്ടേറിയറ്റിലെ തീപിടിത്തത്തിലും ബിജെപി ദുരൂഹത ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അനില്‍ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തിയത്.
ഇതോടെ വീണു കിട്ടിയ ആയുധം മൂര്‍ച്ച കൂട്ടി ഉപയോഗിക്കാന്‍ സിപിഎം തീരുമാനിച്ചു. സമൂഹമാധ്യമങ്ങള്‍ വഴിയും മറ്റും ബിജെപിക്കെതിരേ രൂക്ഷമായ ഭാഷയിലാണ് സിപിഎം സൈബര്‍ പോരാളികള്‍ രംഗത്തെത്തിയത്.
അതേസമയം, സിപിഎം ആരോപണങ്ങളെ പ്രതിരോധിക്കാനുള്ള കരുക്കള്‍ നീക്കാന്‍ ബിജെപിയും ശ്രമമാരംഭിച്ചു. ഇതിന്റെ ഭാഗമായാണ് ജനം ടിവി ബിജെപിയുടെ ചാനല്‍ അല്ലെന്നു കെ. സുരേന്ദ്രന് പ്രതികരിച്ചത്. ഒരു കൂട്ടം ദേശസ്നേഹികളാണ് ചാനല്‍ നടത്തുന്നതെന്നാണ് സുരേന്ദ്രന്റെ പ്രതികരണം.
അനില്‍ നമ്പ്യാരുമായി ബന്ധമില്ലെന്നു വരുത്തി തീര്‍ക്കാനുള്ള ശ്രമവും ബിജെപി നടത്തുന്നുണ്ട്. എന്നാൽ, ആർഎസ്എസ് പിന്തുണയിൽ തുടങ്ങിയിരിക്കുന്ന ജനം ടിവി ചാനൽ ബിജെപി അനുകൂല നിലപാടുകളാണ് പുലർത്തിവരുന്നത്.
എന്നാല്‍, അണികള്‍ നേതൃത്വത്തിന്റെ മറുപടിയില്‍ തൃപ്തരല്ല. ജനം ടിവി ആരംഭിച്ച ഘട്ടത്തില്‍ ബിജെപിക്കു മുതല്‍ കൂട്ടാവുമെന്നായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.
കൂടാതെ ഉദ്ഘാടന പരിപാടിയില്‍ ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ഭയ്യാജി ജോഷി, ബിജെപി ദേശീയ സെക്രട്ടറി റാംമാധവ്, ഒ.രാജഗോപാല്‍, വി.മുരളീധരന്, കുമ്മനം രാജശേഖരന് എന്നിവര്‍ പങ്കെടുത്തിരുന്നതായും സിപിഎം ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തില്‍ ജനം ടിവിയുമായി ബന്ധമില്ലെന്ന പാര്‍ട്ടി അധ്യക്ഷന്റെ വാദം വിലപ്പോകില്ലെന്നാണ് വിലയിരുത്തൽ.
അതേസമയം, അന്വേഷണത്തില്‍ ഒരിക്കലും പാര്‍ട്ടി ഇടപെടില്ലെന്നാണ് ബിജെപി നേതൃത്വം പറയുന്നത്. എല്‍ഡിഎഫ് ഭരിക്കുമ്പോഴും യുഡിഎഫ് ഭരിക്കുമ്പോഴും പോലീസിനു മേലുള്ള നിയന്ത്രണം പോലെയല്ല കേന്ദ്രഭരണത്തില്‍ അന്വേഷണ ഏജന്‍സികള്‍ക്കുള്ളത്.
സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യമാണ് നരേന്ദ്രമോഡി സര്‍ക്കാര്‍ ഒരുക്കുന്നതെന്നും അന്വേഷണ ഘട്ടത്തില്‍ ബിജെപി ഒരിക്കല്‍ പോലും സ്വാധീനിക്കില്ലെന്നും നേതാക്കള്‍ വ്യക്തമാക്കി.
സ്വര്‍ണം കടത്തിക്കൊണ്ട് വന്ന ഡിപ്ലോമാറ്റിക് ബാഗ് കസ്റ്റംസ് പിടികൂടിയതിന് ശേഷം സ്വപ്ന ഒളിവില്‍ പോകുന്നതിന് മുമ്പ് നമ്പ്യാരുമായി ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തിയിരുന്നു. വന്നത് ഡിപ്ലോമാറ്റിക് ബാഗേജല്ലെന്ന് പറയാൻ അനില്‍ നമ്പ്യാര്‍ സ്വപ്നയെ ഉപദേശിച്ചെന്നാണ് കസ്റ്റംസിനു കിട്ടിയിരിക്കുന്ന മൊഴി.
അനിൽ നന്പ്യാർക്ക് ബിജെപിയിലെ ഉന്നത നേതാക്കളുമായുള്ള അടുപ്പമാണ് ബിജെപിക്കു തലവേദനയായിരിക്കുന്നത്. ഇതിനിടെ, കേന്ദ്രമന്ത്രി വി. മുരളീധരൻ ഡിപ്ലോമാറ്റിക് ബാഗ് അല്ല വന്നതെന്ന് ആദ്യഘട്ടത്തിൽ വാദമുന്നയിച്ചതും ഇപ്പോൾ ബിജെപിക്കിട്ടു തിരിഞ്ഞുകൊത്തുകയാണ്. അനിൽ നന്പ്യാർ സ്വപ്നയെക്കൊണ്ടു പറയിക്കാൻ ശ്രമിച്ച കാര്യം തന്നെയാണ് മന്ത്രി അന്നു പറഞ്ഞതെന്നാണ് ആരോപണം.