മുട്ടം (തൊടുപുഴ): ചലച്ചിത്ര നടന് അനില്‍ പി. നെടുമങ്ങാട് മുങ്ങിമരിച്ചു. തൊടുപുഴ മലങ്കര ഡാമില്‍ വച്ചാണ് മരണം സംഭവിച്ചത്. ഡാം സൈറ്റില്‍ കുളിങ്ങാനിറങ്ങിയ അനില്‍ കയത്തില്‍പ്പെട്ടു പോകുകയായിരുന്നു.
ഷൂട്ടിംഗ് കഴിഞ്ഞ് വൈകിട്ട് അഞ്ചരയോടെ സുഹൃുത്തകള്ക്കൊപ്പം മലങ്കര ഡാം സൈറ്റില്‍ എത്തിയ അനില്‍ ഡാമിനു സമീപം ജലാശയത്തില്‍ കുളിക്കാനിറങ്ങുകയും ജലാശയത്തിലെ ആഴമുള്ള കയത്തിലേക്ക് വീണു പോവുകയുമായിരുന്നു.
ഒപ്പമുണ്ടായിരുന്നവരും നാട്ടുകാരും ചേര്‍ന്ന് ഏറെ ശ്രമപ്പെട്ട് അദ്ദേഹത്തെ കരയില്‍ എത്തിച്ചു. തൊടുപുഴയിലെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
മലങ്കര ടൂറിസ്റ്റ് ഹബിലാണ് അപകടം നടന്നത്. മലങ്കര ഡാമില്‍ പലയിടത്തും ആഴത്തിലുള്ള കുഴികളുണ്ട്. ഇതിലൊന്നിലേക്ക് അദ്ദേഹം മുങ്ങിപോയതാണ് മരണകാരണം എന്ന് നാട്ടുകാര്‍ പറയുന്നു.
സച്ചി സംവിധാനം ചെയ്ത് ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തില്‍ പോലീസ് ഓഫീസറുടെ റോളില്‍ ഗംഭീര പ്രകടനം നടത്തിയ അനില്‍ പ്രേക്ഷക പ്രശംസ നേടിയിരുന്നു.
വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിക്കാണ് തൊടുപുഴ മുട്ടത്തിന് സമീപം മലങ്കര അണക്കെട്ടില്‍ അനില്‍ മുങ്ങിപ്പോയത്. കുളിക്കാനിറങ്ങിയ അനില്‍ കയത്തില്‍ മുങ്ങിത്താഴുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന പാലാ സ്വദേശികളായ സുഹൃത്തുക്കള്‍ നാട്ടുകാരെ വിവരമറിയിച്ചു. പ്രദേശവാസിയായ യുവാവ് ഓടിയെത്തി എട്ട് മിനിറ്റുകൊണ്ട് അനിലിനെ കരയ്ക്ക് എത്തിച്ചു. ഉടനടി ആശുപത്രിയിൽ എത്തിച്ചെങ്കിലും, ജീവന് രക്ഷിക്കാനായില്ല.
തൊടുപുഴയില്‍ ജോജു ജോര്‍ജ് നായകനായ ‘പീസ്’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലായിരുന്നു അനിൽ. ചിത്രത്തില്‍ ഒരു മുഴുനീള പൊലീസുദ്യോഗസ്ഥന്റെ വേഷമായിരുന്നു അനിലിന്.
തൊടുപുഴയിലെ താലൂക്കാശുപത്രിയിലെ മോര്‍ച്ചറിയിലാണ് അദ്ദേഹത്തിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ഇന്ന് അദ്ദേഹത്തിന്റെ പോസ്റ്റ്മോര്‍ട്ടം നടക്കും.
കൊവിഡ് പരിശോധനാ ഫലം ലഭിച്ച ശേഷം കോട്ടയം മെഡിക്കല്‍ കോളജിലായിരിക്കും പോസ്റ്റ്മോര്‍ട്ടം. അതിന് ശേഷം മൃതദേഹം നാടായ നെടുമങ്ങാട്ടേക്ക് കൊണ്ടുപോകും.
നാടകവേദി സിനിമയ്ക്ക് നല്കിയ പുതിയ തലമുറ അഭിനയപ്രതിഭകളില്‍ ശ്രദ്ധേയനായിരുന്നു അനില്‍ നെടുമങ്ങാട്. മുപ്പതോളം സിനിമകളിലേ വേഷമിട്ടുള്ളൂവെങ്കിലും അഭിനയിച്ച കഥാപാത്രങ്ങളൊക്കെ വ്യത്യസ്തത കൊണ്ടും വ്യക്തിത്വം കൊണ്ടും ആസ്വാദകപ്രശംസ നേടിയിരുന്നു.
നെടുമങ്ങാട് അരശുപറമ്പ് സുരഭിയിൽ പരേതനായ പീതാബരൻനായരുടെയും ഓമനയുടെയും മകനാണ് അനിൽ.ആയുർവേദ ഡോക്ടർ ആനന്ദ് സഹോദരനാണ്. മൃതദേഹം കോട്ടയത്ത് പോസ്റ്റ് മോർട്ടത്തിന് ശേഷം വൈകുന്നേരം നെടുമങ്ങാട് വീട്ടുവളപ്പിൽ എത്തിച്ചു സംസ്കരിക്കും.