കായംകുളം: കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. ബന്ധുക്കളുടെ പരാതിയിൽ കായംകുളം പോലീസാണ് കേസെടുത്തത്.
ഇന്നലെ രാവിലെ മാവേലിക്കര മറ്റം ക്ഷേത്രത്തിൽ തൊഴാൻ എത്തിയപ്പോൾ കുഴഞ്ഞുവീണ അനിൽ പനച്ചൂരാനെ ഉടൻതന്നെ കൂടെയുണ്ടായിരുന്ന കാറിന്റെ ഡ്രൈവറും നാട്ടുകാരും ചേർന്നു തട്ടാരമ്പലത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഇവിടത്തെ പരിശോധനയിൽ കോവിഡ് പോസിറ്റീവാണെന്നും കണ്ടെത്തി. ഹൃദയാഘാതത്തിന്റെ ലക്ഷണവും പ്രകടിപ്പിച്ചു. തുടർന്ന് അവിടെനിന്നു കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും അവിടെനിന്നു തിരുവനന്തപുരം കിംസ് ആശുപതിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
ഇന്നലെ രാത്രി ഒമ്പതോടെ മരണം സംഭവിച്ചു. ശരീരത്തിൽനിന്നു രക്ത സ്രാവം ഉണ്ടായി. ആരോഗ്യപരമായി മറ്റ് അസുഖങ്ങൾ ഒന്നും ഇല്ലാതിരുന്നതായി ബന്ധുക്കൾ പറഞ്ഞു. അതിനാൽ മരണം കാരണം അറിയണമെന്നും മൃതദേഹം പോസ്റ്റ്മോർട്ടം നടത്തണമെന്നുമാണ് ബന്ധുക്കളുടെ പരാതി.
ഭാര്യ മായയുടെ മൊഴി പ്രകാരം പനച്ചൂരാന്റെ ബന്ധുവാണ് കായംകുളം പോലീസിൽ ഇന്നു രാവിലെ പരാതി നൽകിയത്. അസ്വാഭാവിക മരണത്തിനു കേസെടുത്തതായും മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാൻ നടപടി സ്വീകരിക്കുമെന്നും കായംകുളം സിഐ മുഹമ്മദ് ഷാഫി രാഷ്ട്രദീപികയോടു പറഞ്ഞു.
ചികിത്സ വൈകിയോ?
കോവിഡ് ബാധിതനാണെന്നു കണ്ടെത്തുകയും ഹൃദയാഘാതത്തിന്റെ ലക്ഷണം പ്രകടിപ്പിച്ച അദ്ദേഹത്തിനു കൃത്യസമയത്തു മതിയായ ചികിത്സ ആശുപത്രികളിൽ ലഭിച്ചില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട് .
കോവിഡ് പോസിറ്റീവ് ആയതിനാലാണോ ആശുപത്രികളിൽനിന്ന് ആശുപത്രികളിലേക്കു കൊണ്ടുപോകേണ്ടി വന്നതെന്ന കാര്യവും പരിശോധിക്കും. നിരവധി സൂപ്പർ ഹിറ്റ് കവിതകളും സിനിമ ഗാനങ്ങളും രചിച്ചു ജനമനസുകൾ കീഴടക്കിയ കവിയായിരുന്നു അദ്ദേഹം.
വിജീഷ് വിജയൻ സംവിധാനം ചെയ്ത വിത്തിൻ സെക്കൻഡ്സ് എന്ന സിനിമയ്ക്ക് വേണ്ടിയാണ് അവസാനമായി ഗാനങ്ങൾ രചിച്ചത്.
സ്വന്തമായി ഒരു സിനിമ നിർമിക്കണമെന്ന ആഗ്രഹത്തിൽ കാട് എന്നു പേരിട്ട സിനിമയുടെ തിരക്കഥ പൂർത്തിയാക്കി അതു സംവിധാനം ചെയ്യാനുള്ള പരിശ്രമത്തിനിടയിലാണ് അനിൽ പനച്ചൂരാന്റെ മരണം.
പോസ്റ്റ് മോർട്ടത്തിന് ശേഷം മാത്രമേ സംസ്കാരം സംബന്ധിച്ചു തീരുമാനം എടുക്കൂ എന്ന് ബന്ധുക്കൾ പറഞ്ഞു. കായംകുളം ഗോവിന്ദമുട്ടം വാരണപ്പള്ളി പനച്ചൂർ വീട്ടിൽ പരേതനായ ഉദയഭാനുവിൻറ്റെയും ദ്രൗപതിയുടെയും മകനാണ് അനിൽ പനച്ചൂരാൻ.