കായംകുളം : ഓരോ മഴ പെയ്തു തോരുമ്പോഴുംഎന്റെ ഓര്‍മയില്‍ വേദനയാകുമാ ഗദ്ഗദം..ഒരു മഴ പെയ്തെങ്കില്‍.. ഒരു മഴ പെയ്തെങ്കില്‍ എന്ന കവിതയിലൂടെ എഴുതിവെച്ച വരികൾ പോലെ പ്രകൃതിയുടെ കണ്ണീർ മഴയിൽ പ്രശ്സത കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാൻ ദീപ്തമായ ഓർമയായി
കോവിഡ് പ്രോട്ടോക്കോൾ
തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നു പോസ്റ്റ് മോർട്ടം നടപടികൾക്കുശേഷം ഇന്നലെ രാത്രി എട്ടോടെ ജന്മനാടായ കായംകുളം പുതുപ്പള്ളിയിലെ വാരണപ്പള്ളി പനച്ചൂർ തറവാട്ടിൽ എത്തിച്ച ഭൗതിക ശരീരം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം ചിതയൊരുക്കി സംസ്കരിച്ചു.
പിതൃ സഹോദരന്റെ മകൻ മോജിയാണ് ചിതയിൽ അഗ്നി പകർന്നത്. അടുത്ത ബന്ധുക്കൾ മാത്രമാണ് സംസ്ക്കാര ചടങ്ങിൽ പങ്കെടുത്തത്. വീടിന് അമ്പത് മീറ്റർ അകലെ ഛായാചിത്രം സ്ഥാപിച്ച് നാട്ടുകാരും വിവിധ ഇടങ്ങളിൽ നിന്നെത്തിയ സാമൂഹിക സാംസ്കാരിക ചലച്ചിത്ര പ്രവർത്തകരും എഴുത്തുകാരും അന്ത്യോപചാരം അർപ്പിച്ചു.
യാത്ര ചൊല്ലാൻ മഴയും..!
അച്ഛനെ ഒരു നോക്ക് കാണാൻ കഴിയാതെ മക്കളായ മൈത്രേയിയും അരുളും വിതുമ്പി കരഞ്ഞു. ഭാര്യ മായയ്ക്കും തേങ്ങൽ അടക്കാനായില്ല. മകനെ അവസാനമായി കാണാൻ കഴിയാതെ അമ്മ ദ്രൗപതിയും വിതുമ്പി.
ഭൗതിക ശരീരം തറവാട്ട് മുറ്റത്തേക്ക് എത്തുന്ന സമയം ശക്തമായ മഴയും പെയ്തു. പിന്നെ തോരാതെ മഴ ചാറിച്ചാറി നിന്നു. ഈ സമയം പനച്ചൂർ തറവാടിന്റെ മുറ്റത്ത് പ്രത്യേകം ക്രമീകരിച്ച ചിതയിൽ കവിയുടെ ഭൗതിക ദേഹം അഗ്നി ഏറ്റുവാങ്ങി. ഒടുവിൽ മഴ പെയ്തു തോർന്നപ്പോൾ കവി അനിൽ പനച്ചൂരാൻ ആരാധകരുടെ ഓർമകളിൽ ഒരു ഗദ്ഗദമായി തീർന്നു.
മരണം ഹൃദയാഘാതത്തെ തുടർന്ന്
ബന്ധുക്കളുടെ പരാതിയിൽ ഇന്നലെ കായംകുളം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തതോടെയാണ് പനച്ചൂരാന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിൽ പോസ്റ്റ് മോർട്ടം നടത്തിയത്.
പോസ്റ്റ് മോർട്ടത്തിൽ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മുരുകൻ കാട്ടാക്കട, പ്രഭാവർമ്മ തുടങ്ങിയ നിരവധിപ്പേർ മെഡിക്കൽ കോളജിൽ എത്തി അന്ത്യോപചാരം അർപ്പിച്ചിരുന്നു.