aനൗഷാദ് മാങ്കാംകുഴി
കായംകുളം : ജനപ്രിയ കവിതകളും ഗാനങ്ങളും ബാക്കിയാക്കി മലയാളികളുടെ പ്രിയ പ്പെട്ട കവിയും ഗാനരചയിതാവുമായിരുന്ന അനിൽ പനച്ചൂരാൻ ഓർമ്മയായിട്ട് ഇന്ന് ഒരു വർഷമാകുന്നു.
കായംകുളം പുതുപ്പള്ളിയിലെ വാരണപ്പള്ളി പനച്ചൂർ തറവാട്ടില സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടക്കും. അനേകം സൂപ്പർ ഹിറ്റ് കവിതകളും ജനപ്രിയസിനിമ ഗാനങ്ങളും രചിച്ച അനിൽ പനച്ചൂരാൻ സ്വന്തമായി ഒരു സിനിമ സംവിധാനം ചെയ്യണമെന്ന പരിശ്രമത്തിനിടയിലാണ് കഴിഞ്ഞ ജനുവരി 3 ന് വിട പറഞ്ഞത് .
ബാക്കിയായ സ്വപ്നം
കാട് എന്ന പേരിൽ പേരിട്ടിരുന്ന സിനിമയുടെ തിരക്കഥ പൂർത്താക്കി അത് സംവിധാനം ചെയ്യാനുള്ള വലിയ പരി ശ്രമത്തിലായിരുന്നു പനച്ചൂരാൻ.
ഈ സിനിമയിൽ കവി മുരുകൻ കാട്ടക്കടയെ കൊണ്ട് പാട്ടുകൾ എഴുതാൻ മരണത്തിന് മുമ്പ് അദ്ദേഹവുമായി ബന്ധപ്പെട്ടിരുന്നു.പക്ഷെ ആ ആഗ്രഹങ്ങളെല്ലാം ബാക്കി ആക്കി അനിൽപനച്ചൂരാൻ ആരാധക മനസുകളെ കണ്ണീരിലാഴ്ത്തി വിട പറയുകയായിരുന്നു.
മാവേലിക്കര മറ്റം ക്ഷേത്രത്തിൽ തൊഴാൻ എത്തിയ പ്പോൾ കുഴഞ്ഞു വീണ അദ്ദേഹത്തെ മാവേലിക്കര തട്ടാരമ്പലം,കരുനാഗപ്പള്ളി എന്നീ വിടങ്ങളിലെ സ്വകാര്യ ആശുപത്രികളിലും പിന്നീട് തിരുവനന്തപുരം കിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു .
കോവിഡ് ബാധയും ഹൃദയാഘാതവും മൂലമായിരുന്നു മരണം. അതിനാൽ സംസ്കാ രവും കോവി ഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു.
ഹിറ്റായ കവിതയും ഗാനങ്ങളും
കായംകുളം പുതുപ്പള്ളി ഗ്രാമത്തിൽ നിന്നും കവിതയുടെ സ്വതന്ത്ര ലോകത്തിലൂടെ മികച്ച ഗാനരചയിതാവായും അഭിനേതാവായും സിനിമയുടെ മാസ്മരിക ലോകത്ത് ജനപ്രിയനായി മാറിയ കവിയായിരുന്നു അദ്ദേഹം.
സ്വപ്നങ്ങളുടെ കലവറ നിറച്ച് വിദേശ നാടുകളിൽ കഴിയുന്ന പ്രവാസികളുടെ ജീവിത കഥയെ ആസ്പദമാക്കി ശ്രീനിവാസനെ നായകനാക്കി ലാൽ ജോസ് സംവിധാനം ചെയ്ത അറബിക്കഥ എന്ന സിനിമയിലെ ഗാനങ്ങളിലൂടെയാണ് സിനിമ ലോകത്ത് പനച്ചൂരാൻ ശ്രദ്ധേയനായത്.ഇതിൽ ചോര വീണ മണ്ണിൽ നിന്നും ഉയർന്നുവന്ന പൂമരം എന്ന വിപ്ലവ ഗാനം സൂപ്പർഹിറ്റായി.
ആ പാട്ടിൽ ചെറിയ വേഷത്തിൽ അദ്ദേഹം സാന്നിധ്യം അറിയിച്ചു .അറബിക്കഥയിലെ ബാക്കി അദ്ദേഹം രചിച്ച എല്ലാ ഗാനങ്ങളും ഹിറ്റായി.
അതിന് മുമ്പ് മകൾക്ക് എന്ന സിനിമയിൽ അനാഥൻ എന്ന കവിതയിലെ ഇടവമാസപ്പെരുമഴ പെയ്ത രാവിൽ…. എന്ന കവിതയും സിനിമയിൽ ഇടം പിടിച്ചിരുന്നു.പിന്നെ സിനിമയിൽ പനച്ചൂരാൻ ഹിറ്റുകളുടെ പെരുമഴ തീർത്തു.
കാംപസുകളിലും ഹിറ്റ്
കഥപറയുമ്പോൾ സിനിമയിലെ വ്യത്യസ്തനാം ഒരു ബാർബറാം ബാലനെ സത്യത്തിൽ ആരും തിരിച്ചറിഞ്ഞില്ല .ഈ ഗാനം പാടിയും പനച്ചൂരാൻ വ്യത്യസ്തനായി. അണ്ണാറക്കണ്ണ വാ …. എന്റെ അമ്മേടെ ജിമിക്കി കമ്മൽ,തുടങ്ങിയ നിരവധി സൂപ്പർ ഹിറ്റ് ഗാനങ്ങൾ രചിച്ചു.നിരവധി സിനിമകൾക്ക് ഗാനങ്ങൾ രചിച്ച അദ്ദേഹം ഗാനങ്ങളിലൂടെ ജനകീയനായി.
ലയിൽ വീണ കിളികൾ,പ്രണയകാലം,അനാഥൻ,ഒരു മഴപെയ്തെങ്കിൽ,കർണ്ണൻ,തുടങ്ങിയ നിരവധി സൂപ്പർ ഹിറ്റ് കവിതകളും രചിച്ചു.ഓണാട്ടുകരയിലെ സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിധ്യമായിരുന്നു അദ്ദേഹം.
രാഹുൽ ഗാന്ധിക്കായി രാഹുലെ നീ തനിച്ചല്ല എന്നെഴുതിയ കവിതയും വൈറലായി.സ്കൂൾ കലോത്സവ വേദികളിൽ പനച്ചൂരാന്റെ അനാഥൻ കവിതയിലെ ഇടവമാസ പെരുമഴ എന്ന കവിത ഒരു കാലത്ത് വിദ്യാർത്ഥികൾ ഏറ്റവും കൂടുതൽ ആലപിച്ചിരുന്നു..
വലയിൽ വീണ കിളികൾ എന്ന കവിത ക്യാമ്പസുകളിൽ തരംഗം സൃഷ്ടിച്ചു. അങ്ങനെ ജന മനസുകൾ കീഴടക്കിയ കവിയായിരുന്നു അനിൽപനച്ചൂരാൻ.
സന്യാസം
കവിതാ ലോകത്തിന് മുമ്പ് ഏറെക്കാലം പനച്ചൂരാൻ കായംകുളം വാരണപ്പള്ളി പനച്ചൂർ വീട്ടിൽ ആശ്രമം സ്ഥാപിച്ച് ആശ്രമ ജീവിതം നയിച്ചിരുന്നു.നാട്ടിലെ അനുഭവങ്ങളും കഥാപത്രങ്ങളുമാണ് തന്റെ രചനയിൽ അദ്ദേഹം ഉൾപ്പെടുത്തിയിരുന്നത് അതിനാൽ ഗ്രാമീണതയും ഗൃഹാതുരതയും കവിതകളിലും പാട്ടിലും പ്രകടമായിരുന്നു.
അദ്ദേഹത്തിന്റെ പാട്ടിലെ വരികൾ പോലെ തിരികെ വരുമെന്ന വാർത്ത കേൾക്കാനായി ഇന്നും ഗ്രാമം കൊതിക്കുകയാണ് . അദ്ദേഹത്തിന്റെ വേ ർപാടിന് ശേ ഷം ജോലി വാഗ്ദാനം നൽകി രാഷ്ട്രീയ നേതാക്കന്മാരും ജനപ്രതിനിധികളും വഞ്ചിച്ചെന്ന ആരോപണവുമായി അനിൽ പനച്ചൂരാന്റെ ഭാര്യ മായ പരസ്യമായി രംഗത്ത് വന്നിരുന്നു.