കൊച്ചി: ഇൗ കോവിഡ് കാലം ഒട്ടും തളർത്താത്തൊരു മേഖലയാണ് അരുമമൃഗങ്ങളുടെ വളർത്തലും വില്പനയും.
വർഷങ്ങൾക്കു മുന്പേ നായവളർത്തൽ ഹോബിയായെടുത്ത് അതിനായി ജോലി പോലും കളഞ്ഞൊരാൾ കൊച്ചിയിലുണ്ട്;
തമ്മനം സ്വദേശി അനിൽ ഗോപിനാഥ്. സർവേയർ ജോലിയും കളഞ്ഞിട്ടാണ് അനിൽ നായവളർത്തലിലേക്ക് എടുത്തുചാടിയത്.
ഇപ്പോൾ കേരളത്തിലെ തന്നെ മുൻനിര നായവളർത്തുകാരൻ കൂടിയാണ് അദേഹം. അനിലിന്റെ ഒരുദിവസം തുടങ്ങുന്നതും അവസാനിക്കുന്നതും നായകൾക്കൊപ്പമാണ്.
പതിനഞ്ചു വർഷമായി നായ്ക്കളെ വളർത്തിയും വിറ്റുമാണ് ജീവിതം. കോവിഡിനൊന്നും തന്നെ തളർത്താനായിട്ടില്ലെന്ന് അനിൽ പറയുന്നു.
നൂറിലേറെ നായ്ക്കുഞ്ഞുങ്ങളെയാണ് ഇക്കാലത്ത് വിറ്റത്. ഏറ്റവും കൂടുതൽ വിൽപ്പന ഇൗ കോവിഡ് കാലത്തായിരുന്നു.
സമൂഹ മാധ്യമങ്ങളിലൂടെയാണ് വില്പന. തായ്ലൻഡ്, റഷ്യ, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് കൊണ്ടുവന്ന നായ്ക്കളാണ് ഏറെയും.
ടിബറ്റൻ വംശമായ ഷിറ്റ്സുവിനാണ് ഏറ്റവും ഡിമാൻഡ്. രണ്ടാമത് ബീഗിളിനാണ്. പഗ്, ബോക്സർ ഇനങ്ങളും അനിലിന്റെ കൈവശമുണ്ട്.
സിനിമയിലും അനിലിന്റെ നായകൾ തിളങ്ങിയിട്ടുണ്ട്. പല സംവിധായകരും സിനിമയ്ക്കായി നായയെത്തേടി ആദ്യം അന്വേഷിക്കുന്നത് അനിലിനെയാണ്.
നിരവധി സെലിബ്രിറ്റി, മോഡലിംഗ് ഫോട്ടോ ഷൂട്ടുകളിലും അനിലിന്റെ നായ്ക്കൾ വേഷമിട്ടിട്ടുണ്ട്.
കെന്നൽ ഷോകളിലെ സ്ഥിരം സാന്നിധ്യം കൂടിയാണ് അനിലിന്റെ നായ്ക്കൾ. കേരളത്തിലെമ്പാടും നിന്ന് അനിലിനെത്തേടി നായപ്രേമികൾ എത്താറുണ്ട്.