ഫ്രാങ്ക്ഫർട്ട്: ജർമനിയിൽ ഉന്നതപഠനത്തിനെത്തിയ മാവേലിക്കര സ്വദേശിനി വിദ്യാർഥിനി ഫ്രാങ്ക്ഫർട്ടിലെ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തി.
മാവേലിക്കര പുന്നമൂട് അനിലഭവൻ കാഞ്ഞൂർ കിഴക്കേതിൽ അച്ചൻകുഞ്ഞിന്റെ ഏകമകൾ അനിലയാണ് താമസിയ്ക്കുന്ന മുറിയിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. മരണകാരണം ദുരൂഹമാണ്. മൃതദേഹം പോലീസ് കസ്റ്റഡിയിലാണ്. പോസ്റ്റ്മോർട്ടം കഴിഞ്ഞാലേ മരണം കാരണം വെളിവാകുകയുള്ളു.
ഈ മാസം ഏഴിന് രാത്രിയിലാണ് അനില വീട്ടുകാരുമായി അവസാനമായി ഫോണിൽ ബന്ധപ്പെട്ടത്. എന്നാൽ എട്ടിന് രാത്രി അനിലയുമായി പിതാവ് ഫോണിൽ ബന്ധപ്പെടാൻ പലതവണ ശ്രമിച്ചെങ്കിലും നടന്നില്ല. അപ്പാർട്ട്മെന്റിൽ താമസിയ്ക്കുന്നവരാണ് ഇക്കാര്യം വീട്ടുകാരെ അറിയിച്ചത്.
അനിലയുടെ ഫോട്ടോ വാട്സാപ്പ് മുഖേന പലരും അയച്ചു അന്വേഷണം നടത്തിയിരുന്നു. അനിലയുടെ മരണത്തിൽ ഇവിടെയുള്ള സുഹൃത്തുക്കളും നാട്ടിലെ ബന്ധുക്കളും ആകെ അന്പരപ്പിലും ഞെട്ടലിലുമാണ്. ജർമനിയിലെ പോലീസ് നടപടികൾ പൂർത്തിയാക്കാൻ കാലതാമസമുണ്ടാവും.
ഇരുപത്തിയേഴുകാരിയായ അനില ഫ്രാങ്ക്ഫർട്ട് യൂണിവേഴ്സിറ്റിയിൽ അപ്ളെയിഡ് സയൻസിൽ മാസ്റ്റർ ബിരുദവിദ്യാർത്ഥിനിയാണ്. കൂസാറ്റിൽ ജോലി ചെയ്യവേ 2017 ലാണ് അനില മാസ്റ്റർ പഠനത്തിനായി ജർമനിയിലെത്തുന്നത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ