മുംബൈ: ചൊവ്വാഴ്ചയ്ക്കകം 453 കോടി രൂപ അടച്ചില്ലെങ്കിൽ ജയിൽവാസം. അനിൽ അംബാനി ഇപ്പോൾ നേരിടുന്ന വെല്ലുവിളി അതാണ്. സ്വീഡിഷ് ടെലികോം ഉപകരണ കന്പനിയായ എറിക്സണു കൊടുക്കാനുള്ള തുകയാണിത്. ഇതിൽ 260 കോടി രൂപ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)യിൽ ഉണ്ട്. ആദായനികുതി വകുപ്പിൽനിന്നു തിരിച്ചുകിട്ടിയ തുക പക്ഷേ, അത് മറ്റു ചില കേസുകളുടെ തീർപ്പിനു ശേഷമേ കിട്ടൂ. ആ തുക വിട്ടുകിട്ടാൻ അനിൽ അംബാനി നല്കിയ അപേക്ഷ നാഷണൽ കന്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണൽ വെള്ളിയാഴ്ച തള്ളി.
എറിക്സണ് 571 കോടിയാണു കൊടുക്കാനുണ്ടായിരുന്നത്. 118 കോടി നല്കി. ബാക്കിയാണു 453 കോടി. നികുതി റീഫണ്ടായി കിട്ടിയ തുക തനിക്കു തന്നാൽ ഈ കുടിശിക വീട്ടാമെന്നാണ് അനിൽ പറയുന്നത്. പക്ഷേ, കോടതികളും ബാങ്കുകളും കനിയുന്നില്ല.
അനിൽ അംബാനിയുടെ റിലയൻസ് കമ്യൂണിക്കേഷന്സിന്റെ ടവറുകൾ, ഓപ്റ്റിക്കൽ ഫൈബർ ശൃംഖല, സ്പെക്ട്രം എന്നിവ റിലയൻസ് ജിയോയ്ക്കു നല്കാൻ ധാരണയായതാണ്. പക്ഷേ അനിലിന്റെ കന്പനികളുടെ പല ലൈസൻസ് ഫീസ് കുടിശിക അടക്കം സർക്കാരിനു കിട്ടാനുള്ള പണത്തിന്റെ കാര്യത്തിൽ തീർപ്പാകാതെ വില്പന അനുവദിക്കില്ലെന്നു ടെലികോം മന്ത്രാലയം ശഠിച്ചു. ആ തുകയുടെ ബാധ്യത ഏൽക്കാൻ ജിയോ ഉടമയായ ജ്യേഷ്ഠൻ മുംകേഷ് അംബാനി തയാറല്ല. 3000 കോടി രൂപയുടെ ബാധ്യതയാണു ഗവൺമെന്റ് അവകാശപ്പെടുന്നത്.
എറിക്സണു തുക നല്കാൻ അനിൽ നേരത്തേ സമ്മതിച്ചിട്ട് മൂന്നു തവണ അവധി മാറ്റി. ഇതോടെ സുപ്രീംകോടതി കോടതിയലക്ഷ്യനടപടി തുടങ്ങി. ഫെബ്രുവരി 20നാണു നാലാഴ്ചത്തെ തുക അടച്ചില്ലെങ്കിൽ മൂന്നുമാസം ജയിലിൽ കഴിയണമന്നു വിധിച്ചത്. ചൊവ്വാഴ്ചയാണു നാലാഴ്ച പൂർത്തിയാകുക.
എസ്ബിഐയിലെ പണം വിട്ടുകിട്ടാൻ സുപ്രീംകോടതിയിൽ നാളെ ഹർജി നല്കാനിരിക്കുകയാണ് അനിൽ.2008-ൽ ലോകത്തിലെ ആറാമത്തെ വലിയ സന്പന്നനായിരുന്നു അനിൽ അംബാനി. ഇപ്പോൾ അരലക്ഷം കോടിയിൽപ്പരം രൂപയുടെ കടബാധ്യതയിൽ കഴിയുന്നു. മൂത്ത സഹോദരന്റെ കന്പനികൾക്കു പതിനായിരം കോടി ഡോളറിന്റെ (ഏഴുലക്ഷം കോടി രൂപ) വിപണി മൂല്യമുള്ളപ്പോൾ അനിലിന്റെ കന്പനികൾക്കു 400 കോടി ഡോളർ (28,000 കോടി രൂപ) മാത്രം.സുപ്രീംകോടതിയോ സഹോദരനോ കനിഞ്ഞില്ലെങ്കിൽ ജയിലിലേക്കാകും ബുധനാഴ്ച അനിൽ അംബാനി പോകേണ്ടത്.