തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ പത്തനംതിട്ട ഒഴികെ സംസ്ഥാനത്തുടനീളം കോൺഗ്രസ് സ്ഥാനാർത്ഥികൾക്കായി പ്രചാരണം നടത്തുമെന്നും പത്തനംതിട്ടയിൽ പ്രചാരണത്തിനില്ലെന്നും മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ. പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർഥി അനിൽ ആന്റണി ബാല്യകാലം മുതലേ തന്റെ സുഹൃത്താണെന്നും അതിനാൽ അനിൽ ആന്റണിക്കെതിരേ പ്രചാരണം നടത്താൻ കഴിയില്ലെന്നുമാണ് അച്ചു ഉമ്മൻ പറയുന്നത്.
പത്തനംതിട്ടയിൽ സിറ്റിംഗ് എംപിയും ഉമ്മൻചാണ്ടിയുടെ വിശ്വസ്തനുമായ ആന്റോ ആന്റണിയാണ് യുഡിഎഫ് സ്ഥാനാർഥി. ബിജെപിയെ സംബന്ധിച്ചും പത്തനംതിട്ട പ്രധാനപ്പെട്ട മണ്ഡലമാണ്. പ്രചാരണ രംഗത്ത് കടുത്ത മത്സരമാണ് മൂന്നു മുന്നണികളും നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അനിൽ ആന്റണിക്കായി പത്തനംതിട്ടയിൽ എത്തുകയും ചെയ്തു.
അനിൽ ആന്റണി ബിജെപിയിൽ ചേർന്നതിനു പിന്നാലെ കെ. കരുണാകരന്റെ മകൾ പത്മജയും ബിജെപിയിൽ ചേർന്നിരുന്നു. അനിൽ ആന്റണിയുടെയും പത്മജയുടെയും പ്രവൃത്തിയെ ചോദ്യം ചെയ്യാനില്ലെന്ന നിലപാടുമായി ചാണ്ടി ഉമ്മൻ രംഗത്തു വന്നിരുന്നു. അതുകൊണ്ടു തന്നെ അനിൽ ആന്റണിക്കെതിരേ പ്രചാരണത്തിനില്ലെന്ന അച്ചു ഉമ്മന്റെ നിലപാട് പത്തനംതിട്ടയിൽ ചർച്ചയാകും. ഇപ്പോൾ ദുബായ് കേന്ദ്രീകരിച്ച് മോഡലിംഗ് മേഖലയിൽ പ്രവർത്തിക്കുകയാണ് അച്ചു ഉമ്മൻ. ഉമ്മൻ ചാണ്ടിയുടെ മരണത്തെ തുടർന്നുണ്ടായ ഉപതെരഞ്ഞെടുപ്പിൽ പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മനു വേണ്ടി അച്ചു പ്രചാരണത്തിനിറങ്ങിയിരുന്നു.