പത്തനംതിട്ട: തെരഞ്ഞെടുപ്പിൽ മികച്ച ഭൂരിപക്ഷം പ്രതീക്ഷിക്കുന്നു എന്ന് എൻഡിഎ സ്ഥാനാർഥി അനിൽ ആന്റണി. താൻ മോദിയുടെ സ്ഥാനാർഥിയാണ്. ഒരു പ്രത്യേക വിഭാഗത്തിന്റെ പാർട്ടിയല്ല ബിജെപി. ഇത്തവണ കേരളത്തിൽ നിന്ന് ഒന്നിൽ കൂടുതൽ എംപിമാർ ബിജെപിക്ക് ഉണ്ടാകുമെന്ന് അനിൽ ആന്റ്ണി പറഞ്ഞു.
ക്രൈസ്തവ സഭകളുടെ മാത്രമല്ല, എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പി. സി ജോര്‍ജിന്റെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അനിൽ ആന്റണി. പരാമര്‍ശം വിമര്‍ശനമായി തോന്നുന്നില്ല. പത്തനംതിട്ടയിലെ മത്സരം നിസാരമായി കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അനിൽ ആന്റണിക്ക് പത്തനംതിട്ട മണ്ഡലം എന്താണെന്ന് അറിയില്ലെന്നായിരുന്നു പി. സി ജോർജിന്റെ വിമർശനം. ബിഷപ്പുമാരും, എൻഎസ്എസും തനിക്ക് പിന്തുണ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ആ പിന്തുണ അനിൽ ആന്റണിക്ക് ലഭിക്കുമോയെന്നകാര്യത്തിൽ സംശയമുണ്ടെന്ന് പിസി പറഞ്ഞിരുന്നു. താൻ മത്സരിക്കുകയെന്നത് പ്രവർത്തകരുടെ ആവശ്യമായിരുന്നു. താഴേക്കിടയിലുള്ള പ്രവർത്തകരുടെ വികാരം മനസിലാക്കി വേണമായിരുന്നു തീരുമാനമെടുക്കേണ്ടിയിരുന്നതെന്നും പിസി ആരോപിച്ചു.