കോഴിക്കോട്: തട്ടം തലയിടാന്‍ വന്നാല്‍ അതു വേണ്ടെന്ന് പറയുന്ന പെണ്‍കുട്ടികള്‍ മലപ്പുറത്ത് ഉണ്ടായത് കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ അധികാരത്തില്‍ വന്നതുകൊണ്ടാണെന്ന സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ. അനില്‍കുമാറിന്റെ പ്രസംഗം വിവാദത്തില്‍.
അനില്‍കുമാറിന്റെ പരാമര്‍ശത്തിനെതിരേ സിപിഎം നേതാക്കളായ മുന്‍ മന്ത്രി ഡോ. കെ.ടി. ജലീൽ, എം.എ. ആരിഫ് എംപി എന്നിവരും സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂരും രംഗത്തെത്തി. അതേസമയം സിപിഎം വിഷയത്തിൽ ഔഗ്യോഗികമായി പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ ഞായറാഴ്ച തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ എസ്സന്‍സ് ഗ്ളോബല്‍ സംഘടിപ്പിച്ച ലിറ്റ്മസ്-23 നാസ്തിക സമ്മേളനത്തിലാണ് അനില്‍കുമാറിന്റെ വിവാദ പരാമര്‍ശം.
വിദ്യാഭ്യാസം ഉണ്ടായതിന്റെ ഭാഗമായിത്തന്നെയാണ് തട്ടം ഒഴിവാക്കലെന്നു ഞങ്ങള്‍ വിശ്വസിക്കുന്നതായും അനില്‍കുമാര്‍ പറഞ്ഞിരുന്നു. സ്വതന്ത്ര ചിന്ത വന്നതില്‍ ഈ പ്രസ്ഥാനത്തിന്റെ പങ്ക് ചെറുതല്ലെന്നും മുസ് ലിം സ്ത്രീകള്‍ പട്ടിണി കിടക്കുന്നില്ലെങ്കില്‍ അതിനു നന്ദി പറയേണ്ടത് സിപിഎമ്മിനോടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
കെ. അനില്‍കുമാറിന്റെ പ്രസ്താവനയ്ക്കെതിരേ സമസ്ത രംഗത്തുവന്നു. മതപരമായ തത്വങ്ങള്‍ക്കെതിരാണ് കമ്യൂണിസമെന്ന് സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂര്‍ പ്രസ്താവനയില്‍ പറഞ്ഞു.
അനില്‍കുമാറിന്റെ അഭിപ്രായം വ്യക്തിപരമായ അഭിപ്രായമായി ചുരുക്കിയാലും പാര്‍ട്ടിയെ സംബന്ധിച്ച് ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന ആളാണ് അനില്‍കുമാര്‍.
ഞങ്ങള്‍ വരുത്തിയ പുരോഗതിയാണ് തട്ടം ഒഴിവാക്കലെന്ന് പറയുമ്പോള്‍ അദ്ദേഹത്തിന്റേത് സ്വന്തം ആശയമല്ല പാര്‍ട്ടിയുടെ ആശയമാണെന്നു പൂക്കോട്ടൂര്‍ പറഞ്ഞു.
ഒരുപക്ഷേ വോട്ടിനുവേണ്ടി അനില്‍കുമാര്‍ ഇതു നാളെ നിഷേധിച്ചേക്കാം. അത് അദ്ദേഹത്തിന്റെ അഭിപ്രായമാണെന്നു പ്രകടിപ്പിച്ചേക്കാം. എങ്കില്‍പോലും അദ്ദേഹം പാര്‍ട്ടി ക്ലാസില്‍നിന്ന് പഠിച്ചൊരു യാഥാര്‍ഥ്യം വച്ചുകൊണ്ടായിരിക്കുമല്ലോ അങ്ങനെ പറഞ്ഞതെന്ന് പൂക്കോട്ടൂര്‍ ചോദിച്ചു.
അനില്‍കുമാറിന്റെ നിലപാട് സിപിഎം നേതാവും മുന്‍മന്ത്രിയുമായ ഡോ. കെ.ടി. ജലീലും തള്ളി. തട്ടാമിടാത്തതു പുരോഗമനത്തിന്റെ അടയാളമല്ലെന്നും കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ ഒരു പെണ്‍കുട്ടിയെയും തട്ടമിടാത്തവളാക്കി മാറ്റിയിട്ടില്ലെന്നും സമൂഹ മാധ്യമത്തിലുള്ള കുറിപ്പില്‍ ജലീല്‍ വ്യക്തമാക്കി. വ്യക്തിപരമായ അഭിപ്രായം പാര്‍ട്ടിയുടേതാക്കി മാറ്റുന്നതു തെറ്റിദ്ധാരണയ്ക്ക് ഇടവരുത്തും.
പര്‍ദയിട്ട മുസ് ലിം സഹോദരിയെ വര്‍ഷങ്ങളായി തിരുവനന്തപുരം കോര്‍പറേഷനില്‍ കൗണ്‍സിലറാക്കിയ പാര്‍ട്ടിയാണ് സിപിഎം. സ്വതന്ത്ര ചിന്ത എന്നാല്‍ തട്ടമിടാതിരിക്കലാണെന്ന് ആരെങ്കിലും തെറ്റിദ്ധരിച്ചതിനെ പഴിചാരി കമ്യൂണിസ്റ്റ് പാര്‍ട്ടിയെ പ്രതിക്കൂട്ടിയാക്കാന് ആരും ശ്രമിക്കേണ്ടതില്ല.
ഒരു വ്യക്തിയുടെ അബദ്ധം ഒരു പാര്‍ട്ടിയുടെ തീരുമാനമാക്കി അവതരിപ്പിക്കാന്‍ ശ്രമിക്കുന്നതു തികഞ്ഞ വിവരക്കേടാണ്. കാളപെറ്റു എന്നു കേള്‍ക്കുമ്പോഴേക്ക് കയറെടുക്കുന്ന പ്രവണത ശരിയല്ല.
അനില്‍കുമാറിന്റെ അഭിപ്രായം സിപിഎമ്മിന്റേതല്ലെന്ന് തിരിച്ചറിയാന്‍ വിവേകമുള്ളവര്‍ക്കു കഴിയണമെന്നും ജലീല്‍ പറഞ്ഞു.അനില്‍കുമാറിന്റെ പ്രസ്താവന പാര്ട്ടിയുടേതെല്ലന്ന് എ.എം. ആരിഫ് എംപിയും പറഞ്ഞു. കെ.ടി. ജലീല്‍ ഫേ്സ്ബുക്കിലിട്ട പോസ്റ്റ് ആരിഫ് ഷെയര്‍ ചെയ്തു.
അതേസമയം, അനിൽ കുമാറിന്റെ പ്രസ്താവന ഒറ്റപ്പെട്ടതാണെന്ന് കരുതാനാവില്ലെന്ന് മുൻ എംഎൽഎയും മുസ് ലിം ലീഗ് നോതാവുമായ കെ.എം. ഷാജി ആരോപിച്ചു.
കാലങ്ങളായി വിശ്വാസികൾക്കും വിശ്വാസത്തിനും എതിരായ നിരവധി അജണ്ടകൾ പദ്ധതികളാക്കി നടപ്പിൽ വരുത്തുന്ന സിപിഎമ്മിന് രണ്ടുതരം പോളിറ്റ് ബ്യൂറോകൾ ഉണ്ടെന്ന് ഷാജി ഫേസ്ബുക്കിൽ കുറിച്ചു. ഈ കമ്യൂണിസം നിഷ്കളങ്കമാണെന്ന് ഇനിയും നിഷകളങ്കമായി വിശ്വസിക്കണോ വിശ്വാസി സമൂഹമേയെന്നും കെ.എം. ഷാജി ചോദിക്കുന്നു.