കൂത്തുപറമ്പ്: വീട്ടമ്മയേയും മൂന്നു വയസുകാരനേയും കടിച്ചു പരിക്കേല്ലിച്ച വന്യ ജീവിയെ കണ്ടെത്താനാകാത്തതിനാൽ ഭീതി വിട്ടൊഴിയാതെ ആയിത്തറ, മാനന്തേരി പ്രദേശവാസികൾ. ആയിത്തറ പാറയിലെ വീട്ടമ്മയായ കാവും കുണ്ടത്തിൽ സുജാത (45), മാനന്തേരി പന്ത്രണ്ടാം മൈലിലെ മൂന്നു വയസുകാരനായ സാൽവിൻ എന്നിവർക്കാണ് കഴിഞ്ഞ ദിവസം വന്യ ജീവിയുടെ കടിയേറ്റത്.
വീടിന്റെ അടുക്കള ഭാഗത്ത് വച്ച് സുജാതയ്ക്കും വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ സാൽവിനും ജീവിയുടെ കടിയേൽക്കുകയായിരുന്നു.ഇത് കൂടാതെ പ്രദേശത്തെ മൂന്ന് പൂച്ചകളേയും അജ്ഞാത ജീവി കടിച്ചു കൊന്ന സംഭവം ഉണ്ടായി. ജീവിയുടെ അക്രമം വ്യാപകമായതോടെയാണ് പ്രദേശവാസികളിൽ ഭീതി ഉടലെടുത്തത്. ഇതോടെ കുട്ടികളെ തനിച്ച് സ്കൂളിലയക്കാനും യാത്ര ചെയ്യാനുമൊക്കെ ജനങ്ങൾ ഭയക്കുകയാണ്.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഇന്നലെ രാവിലെ കൊട്ടിയൂർ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ പി.വിനുവിന്റെ നിർദ്ദേശപ്രകാരം ബീറ്റ് ഫോറസ്റ്റ് ഓഫീസർ കെ.വി. സിജേഷിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ പ്രദേശത്ത് തെരച്ചിൽ നടത്തിയിരുന്നു. ആയിത്തറ പാറ പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി കുറുക്കനോട് രൂപസാദൃശ്യമുള്ള ജീവിയെ കണ്ടിരുന്നതായി നാട്ടുകാർ പറയുന്നു.
ഇത് കുറുനരിയായിരിക്കാമെന്നാണ് ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. പ്രദേശത്ത് നിരീക്ഷണം ശക്തമാക്കുമെന്നും തുടർന്നും വന്യജീവിയുടെ അക്രമം ഉണ്ടാവുകയാണെങ്കിൽ കൂട് സ്ഥാപിച്ച് ഇവയെ പിടികൂടുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.