വടക്കഞ്ചേരി : ആന ഉൾപ്പെടെയുള്ള കാട്ടുമൃഗ ഭീഷണിയും വനംവകുപ്പിന്റെ ദ്രോഹ നടപടികളും മൂലം മലയോരങ്ങളിൽ നിന്നും മറ്റു സ്ഥലങ്ങളിലേക്ക് താമസം മാറേണ്ട ഗതികേടിൽ കർഷകർ.
പതിറ്റാണ്ടുകളേറെ അധ്വാനിച്ചുണ്ടാക്കിയതെല്ലാം നഷ്ടപ്പെടുത്തി ജീവിതമാർഗമില്ലാതെ ദുരിതക്കയങ്ങളിലേക്ക് തള്ളിവിടുകയാണ് സർക്കാർ സംവിധാനങ്ങൾ.
കാട്ടുമൃഗങ്ങളെ കാട്ടിൽ തന്നെ സംരക്ഷിക്കാൻ നടപടി സ്വീകരിക്കാതെ മനുഷ്യർക്കു നേരെ കൊലവിളി നടത്തുന്ന സമീപനമാണ് വനം വകുപ്പ് നടത്തുന്നതെന്നാണ് ആക്ഷേപം.
മംഗലം ഡാമിന്റെ മലയോരങ്ങളിലെല്ലാം ആനയിറങ്ങി കൃഷി നശിപ്പിക്കുന്ന വാർത്തകളാണ് ഇപ്പോൾ. നിറയെ വീടുകളുള്ള ഓടംതോട് പള്ളി ജംഗ്ഷനിൽ വരെ കഴിഞ്ഞ ദിവസം കാട്ടാനക്കൂട്ടമെത്തി.
വനപാലകർ എല്ലാം നോക്കി പോകുന്നതല്ലാതെ ആനയിറങ്ങുന്നതു തടയാൻ ഒന്നും ചെയ്യുന്നില്ലെന്നാണ് പരാതി.സോളാർ വേലി സുരക്ഷിതമല്ലെന്ന് കണ്ടെത്തിയിട്ടുള്ളതിനാൽ വനാതിർത്തികളിൽ ട്രഞ്ച് കുഴിച്ച് ആന ഇറങ്ങുന്നത് തടയണം.
ഇത് ഘട്ടം ഘട്ടമായി നടപ്പിലാക്കാനുള്ള പദ്ധതി ഉണ്ടാകണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.ആന, പന്നി, മാൻ, മയിൽ, കുരങ്ങ് ഉൾപ്പെടെയുള്ള കാട്ടുമൃഗശല്യം മൂലം മലയോര പ്രദേശങ്ങളിൽ തരിശിടുന്ന ഭൂമിയുടെ വിസ്തൃതി കൂടി വരികയാണ്.
വണ്ടാഴി, കിഴക്കഞ്ചേരി പഞ്ചായത്തുകളിൽപ്പെടുന്ന മലയോരത്തു മാത്രം ഇത്തരത്തിൽ 200 ഏക്കറിലധികം ഭൂമി വർഷങ്ങളായി കൃഷിചെയ്യാതെ തരിശിടുന്നുണ്ടെന്നാണ് കണക്ക്.
പരിചരണമില്ലാതെ വനാതിർത്തികളോട് ചേർന്നു കിടക്കുന്ന ഏക്കർ കണക്കിന് വരുന്ന തോട്ടങ്ങളും ഏറെയുണ്ട്. ഏത് കൃഷി ചെയ്താലും അതെല്ലാം കാട്ടുമൃഗങ്ങൾ ഇറങ്ങി നശിപ്പിക്കും.
ആരോട് പരാതി പറഞ്ഞിട്ടും യാതൊരു പരിഹാര നടപടികളും സ്വീകരിക്കാത്തതിനാലാണ് ഭൂമി പാഴാക്കിയിടേണ്ട സ്ഥിതി ഉണ്ടാകുന്നത്.
ഏതുവിധേനയും വിളകൾ സംരക്ഷിച്ചു വളർത്തിയാൽ കായ്ഫലം ഉണ്ടാകുന്പോൾ അത് മുകളിലിരുന്ന് നശിപ്പിക്കാൻ വാനരപ്പടയും മലയണ്ണാനും മയിലുമൊക്കെ എത്തും.
മരങ്ങൾക്ക് താഴെ ആന, പന്നി, മാൻ ഇനങ്ങൾ, മുള്ളൻപന്നി തുടങ്ങിയവയുമുണ്ട്. ഒരു തരത്തിലും ജീവിക്കാൻ അനുവദിക്കാത്ത വിധമാണ് മൃഗങ്ങൾ ബുദ്ധിമുട്ടിക്കുന്നത്.
മുന്പൊക്കെ രാത്രികാലങ്ങളിൽ മാത്രമായിരുന്ന മൃഗശല്യം ഇപ്പോൾ പകലുമായി. അധ്വാനിച്ചുണ്ടാക്കുന്നതെല്ലാം മൃഗങ്ങൾ നശിപ്പിക്കുന്നത് നിസഹായരായി നോക്കി നിൽക്കാനെ കർഷകർക്ക് കഴിയുന്നുള്ളു.
ആനയിറങ്ങി കൃഷി നശിപ്പിച്ചാൽ വനംവകുപ്പിൽ നിന്നും എന്തെങ്കിലും നക്കാപ്പിച്ച നഷ്ടപരിഹാരം കിട്ടാൻ കിട്ടുന്നതിനേക്കാൾ കൂടുതൽ തുക ചെലവഴിക്കേണ്ട നൂലാമാലകളുമുണ്ട്.
സ്ഥിരം ശല്യക്കാരാകുന്ന പന്നിയെ വെടിവെച്ചുകൊല്ലാൻ നടപടിയായെങ്കിലും എണ്ണം പെരുകിയിട്ടു ള്ളതിനാൽ വല്ലപ്പോഴുമുള്ള വെടിവെപ്പ് കൊണ്ട് പ്രയോജനമില്ലെന്ന അഭിപ്രായമാണ് കർഷകർ പങ്കുവയ്ക്കുന്നത്.
പന്നിയെ കൊല്ലാൻ പഞ്ചായത്തുകൾക്ക് അധികാരം നല്കുന്ന നടപടി കർഷകർക്ക് ഗുണകരമാകുമോ എന്ന് കണ്ടറിയണം. കൂട്ടമായാണ് പന്നികൾ കൃഷിയിടങ്ങളിൽ എത്തുന്നത്.
പത്തും പതിനഞ്ചും എണ്ണം വരുന്ന കൂട്ടങ്ങൾ. കാട്ടുമൃഗങ്ങൾ നാട്ടിലിറങ്ങാതിരിക്കാൻ വനാതിർത്തികളിൽ ചെയ്തു വരുന്ന സോളാർ ഫെൻസിംഗ് പോലും ഇപ്പോഴും ചിമ്മിനി, പീച്ചി വനാതിർത്തികളിൽ പൂർണ്ണമായിട്ടില്ല.
വനാതിർത്തിയിലെ ഫെൻസിംഗ് സംവിധാനവും വിജയകരമല്ലാത്ത സ്ഥിതിയാണിപ്പോൾ. പവർ കൂടിയ ബാറ്ററികൾ സ്ഥാപിക്കുന്നിടത്ത് മാത്രമെ ഇത് നിലനില്ക്കുന്നുള്ളു. അതല്ലെങ്കിൽ വേലി തകർത്തും ആനകൾ കൃഷിയിടങ്ങളിലെത്തും.