എല്ലാവർക്കും അവരവരുടെ വളർത്തുമൃഗങ്ങൾ വളരെ പ്രിയപ്പെട്ടതാണ്. ഭംഗികൊണ്ടും വിലകൊണ്ടും ചില വളർത്തുമൃഗങ്ങൾ മുന്നിൽനിൽക്കുന്പോൾ സന്പാദ്യംകൊണ്ട് മുന്നിൽ നിൽക്കുന്ന ചില മൃഗങ്ങളുണ്ട്. ഇൻഷ്വറൻസ് കമ്പനിയായ കംപെയർ ദ മാർക്കറ്റ് ലോകത്തിലെ സന്പന്നരായ വളർത്തുമൃഗങ്ങളുടെ പട്ടിക ഇന്നലെ പുറത്തുവിട്ടു. പൂച്ചകൾ, നായകൾ എന്തിന് കോഴി വരെ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. പട്ടികയിലെ ആദ്യ റാങ്കുകാർ ഇവരാണ്.
ഗുന്തർ നാലാമൻ (നായ, ആസ്തി 3. 5 കോടി ഡോളർ)
ജർമൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട നായ. മുൻഗാമി ഗുന്തർ മൂന്നാമനിൽനിന്ന് കൈമാറിവന്ന സ്വത്ത്. ജർമൻകാരിയായ കാർലറ്റ് ലീബെൻസ്റ്റീൻ തന്റെ കാലശേഷം നായയുടെ പേരിൽ സ്വത്തുക്കൾ എഴുവയ്ക്കുകയായിരുന്നു. ഇന്ന് ഗുന്തർ നാലാമന് സ്വന്തമായി പരിചാരകയും പാചകക്കാരനുമൊക്കെയുണ്ട്. പേരിൽ നിരവധി വീടുകളും.
ഗ്രംപി ക്യാറ്റ് (പൂച്ച, ആസ്തി 9.95 കോടി ഡോളർ)
സ്ഥിരമായി ദേഷ്യപ്പെട്ട മുഖമുള്ള ഇന്റർനെറ്റിലെ താരം. യഥാർഥ പേര് ടർദർ സോസ്.
ഒലിവിയ ബെൻസൺ (പൂച്ച, 9.7 കോടി ഡോളർ)
ടെയ്ലർ സ്വിഫ്റ്റിന്റെ വളർത്തുപൂച്ച. നിരവധി പരസ്യചിത്രങ്ങളിൽ മുഖംകാണിച്ചിട്ടുള്ള ഒലിവിയ സ്കോട്ടിഷ് ഫോൾഡ് എന്ന ഇനത്തിൽപ്പെട്ടതാണ്.
സാഡി, സണ്ണി, ലോറൻ, ലൈല, ലൂക്ക (നായകൾ, ആകെ ആസ്തി മൂന്നു കോടി ഡോളർ)
അമേരിക്കൻ ടിവി താരമായ ഒപ്ര വിൻഫ്രേ തന്റെ സ്വത്തിന്റെ ഒരു ഭാഗം വളർത്തുമൃഗങ്ങളുടെ പേരിൽ എഴുതിവയ്ക്കുകയായിരുന്നു.
ജിഗൂ (കോഴി, 1.5 കോടി ഡോളർ)
ബ്രിട്ടീഷ് ധനികനായ മിൽസ് ബ്ലാക്ക്വെൽ തന്റെ വിൽപത്രത്തിൽ സ്വത്തിന്റെ ഒരു പങ്ക് വളർത്തുകോഴിയുടെ പേരിൽ എഴുതിവയ്ക്കുകയായിരുന്നു.