വണ്ടിത്താവളം: വീടുകൾക്കുമുന്നിൽ വലിയ കാൽപാദവും കൂർത്ത നഖങ്ങളെന്നു സംശയിക്കുന്ന അടയാളവും കണ്ടെത്തിയത് പരിഭ്രാന്തി പരത്തി. ഇന്നുപുലർച്ചെ ഒന്നിന് അയ്യപ്പൻകാവ് ബസ് സ്റ്റോപ്പിനടുത്താണ് സംഭവം. റോഡുവക്കത്തെ വീട്ടുകാരുടെ അന്പലത്തിലേക്ക് കയറിയിറങ്ങി പിന്നീട് സമീപത്തെ വീട്ടിലേക്കുള്ള വഴിയിലൂടെ നടന്ന രീതിയിലാണ് കാൽപാദം കാണപ്പെട്ടത്.
ഈ സമയത്ത് തെരുവുനായ്ക്കൾ കൂട്ടത്തോടെ കുരയ്ക്കുകയും തിരിഞ്ഞോടുന്നതു കണ്ടതായും പരിസരവാസികൾ പറഞ്ഞു.കൊല്ലങ്കോട് വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി കാൽപാദ അടയാളങ്ങൾ പരിശോധിക്കും.
സംഭവസമയത്ത് വൈദ്യുതിയില്ലാത്തതിനാൽ സ്ഥലവാസികളാരും പുറത്തിറങ്ങിയിരുന്നില്ല. മുന്പ് ഇവിടെ രണ്ടുകിലോമീറ്റർ അകലെ പുലിയെത്തിയിരുന്നത് വനപാലകർ സ്ഥിരീകരിച്ചിരുന്നു.
വിവിധ സ്ഥലങ്ങളിൽ രാത്രികാലത്ത് സഞ്ചരിക്കുന്നവർ രണ്ടാഴ്ചക്കാലം പുലിയെ നേരിൽ കണ്ടിരുന്നു. ഇതുവഴി നടന്നുപോയ അറുപത്തിയഞ്ചുകാരനായ കൃഷ്ണൻ എന്നയാളെ പിന്നീട് കാണാതാകുകയും ചെയ്തിരുന്നു. നാളിതുവരെയും കൃഷ്ണൻ വീട്ടിൽ തിരിച്ചെത്തിയിട്ടില്ല.