പമ്പാവാലി: വന്യജീവി ആക്രമണത്തിൽ ഇനിയും രക്തസാക്ഷികളുണ്ടാകാതിരിക്കാൻ വന്യജീവി സംരക്ഷണ നിയമം കാട്ടിൽ മാത്രമാക്കി മാറ്റേണ്ടത് അനിവാര്യമാണെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ.
കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട തുലാപ്പള്ളി കുടിലിൽ ബിജുവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് ആദരാഞ്ജലികൾ അർപ്പിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജുവിന്റെ കുടുംബത്തിന്റെ സംരക്ഷണം ഉൾപ്പെടെ കഴിയുന്ന എല്ലാ നടപടികളും സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നും എന്നാൽ വന്യജീവി ആക്രമണം ഇന്നു നാട് നേരിടുന്ന ഏറ്റവും വലിയൊരു ദുരിതമാണെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ വേണ്ടത് നിയമഭേദഗതി തന്നെയാണ്.
1972ലെ കേന്ദ്ര വനം-വന്യജീവി നിയമം ഭേദഗതി ചെയ്ത് വന്യജീവികളുടെ എണ്ണപ്പെരുപ്പം നിയന്ത്രിക്കുന്നതിനും നാട്ടിലിറങ്ങിയാൽ ഉടൻതന്നെ അവയെ വെടിവച്ചു കൊല്ലുന്നതിനും കാട്ടുമൃഗങ്ങൾക്ക് പരിരക്ഷ നൽകുന്ന നിയമത്തിന്റെ പ്രാബല്യം വനാതിർത്തിക്കുള്ളിൽ മാത്രമായി പരിമിതപ്പെടുത്തുന്നതുമൊക്കെ ഉൾപ്പെടെ നിയമപരമായ പരിഹാരം തേടേണ്ടത് അത്യന്താപേക്ഷിതമാണ്.
പുതിയ കേന്ദ്ര ഗവൺമെന്റ് അധികാരത്തിൽ എത്തിയാൽ ഉടൻതന്നെ ഇക്കാര്യത്തിൽ കൂട്ടായ പ്രക്ഷോഭവും സമ്മർദവും ആരംഭിക്കണം. മനുഷ്യജീവനും സ്വത്തും സംരക്ഷിക്കാനും വനമേഖലയിലെ ജനങ്ങളുടെ ആശങ്കകൾ ദുരീകരിക്കാനും ഒരുമിച്ച് പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.