ഇരിങ്ങാലക്കുട: പ്രളയക്കെടുതിക്കു ഇരയായ വളർത്തുമൃഗങ്ങളെയും അലഞ്ഞുതിരിയുന്ന മൃഗങ്ങളെയും രക്ഷിക്കാൻ മഹാരാഷ്ട്രയിൽനിന്നുള്ള ഒരു സംഘം ഇരിങ്ങാലക്കുടയിൽ. ഇരിങ്ങാലക്കുട കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന കന്പാനിയൻ ആനിമൽ പ്രാക്ടീഷനേഴ്സ് അസോസിയേഷൻ ഓഫ് കേരള (കേപാക്ക്) യുമായി ബന്ധപ്പെട്ടാണു മഹാരാഷ്ട്രയിലെ മൂന്നു സംഘടനകളിൽ നിന്നായി ഒന്‍പതംഗ സംഘം ഇരിങ്ങാലക്കുടയിൽ എത്തിയത്.
ഒരു വെറ്റിനറി സർജന്റെ നേതൃത്വത്തിൽ രണ്ടു ടീമുകളായാണു പ്രവർത്തിക്കുകയെന്ന് സംഘത്തിനു നേതൃത്വം നൽകുന്ന ആനിമൽ വെൽഫെയർ ഓഫീസർ പവൻ ശർമ പറഞ്ഞു. ആംബുലൻസും മരുന്നുകളും ഉൾപ്പെടെയുള്ള സജ്ജീകരണങ്ങളുമായാണു ഇവർ എത്തിയിരിക്കുന്നത്.
വെള്ളം കയറിയ വീടുകളിൽ പാന്പ് ഉൾപ്പെടെയുള്ള ഇഴജന്തുക്കളുടെ ശല്യം ഉണ്ടെന്നറിയിച്ചാൽ ഇവർ സഹായത്തിനായി എത്തും. ആവശ്യമുള്ളവർ കേപാക്ക് പ്രസിഡന്റ് ഡോ. ഹർഷകുമാർ, സെക്രട്ടറി ഡോ. കെ.ജെ. ജോണ്‍ എന്നിവരെ ഈ നന്പറിൽ ബന്ധപ്പെടാം. 9447084814, 9744700777