1970 മുതൽ 2014 വരെയുള്ള 44 വർഷത്തിനിടെ മനുഷ്യർ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കിയത് 60 ശതമാനത്തോളം മൃഗങ്ങളെ. മത്സ്യങ്ങൾ, പക്ഷികൾ, ഉരഗങ്ങൾ, ഉഭയജീവികൾ, സസ്തനികൾ എന്നിങ്ങനെ എല്ലാ വിഭാഗത്തിലുംപെട്ട ജീവികളുടെ എണ്ണത്തിൽ ഇത്രയേറെ കുറവ് മനുഷ്യർ വരുത്തിയിരിക്കുവെന്നാണ് വേൾഡ് വൈൽഡ്ലൈഫ് ഫണ്ടിന്റെ (ഡബ്ല്യുഡബ്ല്യുഎഫ്) ലിവിംഗ് പ്ലാനറ്റ് റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്നത്.
നിയന്ത്രണമില്ലാത്ത വേട്ടയാടലും ഉപഭോഗവും ആഗോള വന്യജീവികളുടെ എണ്ണത്തിൽ സാരമായ കുറവുണ്ടാക്കി. നിരവധി ഇനങ്ങൾക്ക് വംശനാശം സംഭവിച്ചു. ചിലതാവട്ടെ വംശനാശത്തിലേക്ക് കടന്നുകൊണ്ടിരിക്കുന്നു. വനപ്രദേശങ്ങൾ വെട്ടിനിരത്തി മനുഷ്യവാസയോഗ്യമായ ആവാസവ്യവസ്ഥ സ്ഥാപിച്ചപ്പോൾ, ജനസംഖ്യ ഉയർന്നപ്പോൾ, വിശപ്പ് വർധിച്ചപ്പോൾ വന്യജീവികളുടെ എണ്ണം ക്രമാതീതമായി താഴേക്കു പോയി എന്ന് ഇന്നലെ പുറത്തുവിട്ട റിപ്പോർട്ടിൽ ഡബ്ല്യുഡബ്ല്യുഎഫ് ചൂണ്ടിക്കാട്ടി.
പുതിയ കണക്കുകൾ പ്രകാരം 4000ലധികം ജനുസുകളിൽപ്പെട്ട മൃഗങ്ങൾക്ക് ലോകവ്യാപകമായുള്ള എണ്ണം ശരാശരി 16,700 ആണ്. ഇത് വളരെ അപകടരമായ അവസ്ഥയാണെന്ന് ഡബ്ല്യുഡബ്ല്യുഎഫ് ഇന്റർനാഷണൽ ഡയറക്ടർ ജനറൽ മാർക്കോ ലാംബെർട്ടിനി പറയുന്നു.
കൂടാതെ ഏതാനും ശതകങ്ങൾക്കു മുന്പ് ജീവികൾ നശിച്ചിരുന്നതിനേക്കാളും 100 മുതൽ 1000 വരെ മടങ്ങാണ് ഇപ്പോൾ നശിച്ചുകൊണ്ടിരിക്കുന്നത്. ഇന്ന് ലോകത്തുള്ള ജീവികളുടെ തൂക്കമെടുത്താൽ (ബയോമാസ്) നാലു ശതമാനം മാത്രമാണ് വന്യജീവികളുടേതായിട്ടുള്ളത്. മനുഷ്യർ 36 ശതമാനവും വളർത്തുജീവികൾ 60 ശതമാനവുമുണ്ട്.
1000 വർഷങ്ങൾക്കു മുന്പ് ഇതു നേരേ തിരിച്ചായിരുന്നു, ഇപ്പോഴത്തെ കണക്കുകൾ ശരിക്കും ഭയപ്പെടുത്തുന്നുവെന്ന് ഓസ്ട്രിയയിലെ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അപ്ലൈഡ് സിസ്റ്റം അനാലിസിസ് ഗവേഷകൻ പിയറോ വിസ്കോന്റി പറയുന്നു.
കഴിഞ്ഞ 50 വർഷത്തിനിടെ മനുഷ്യരാശിയുടെ ജീവിതശൈലിയിൽ വന്ന മാറ്റമാണ് പ്രകൃതിയുടെ നാശത്തിനു കാരണമായത്. ഊർജം, വെള്ളം, മരം, മത്സ്യം, ഭക്ഷണം, വളം, കീടനാശിനി, ധാതുക്കൾ, പ്ലാസ്റ്റിക് മുതലായവയുടെ ഉപയോഗം ഗണ്യമായി കൂടി. പരിരക്ഷിക്കപ്പെടേണ്ട പല സ്ഥലങ്ങളും നാശോന്മുഖമായി.
1950 ജീവികളുടെയെല്ലാം നാശത്തിനു തുടക്കംകുറിച്ച കാലഘട്ടമായാണ് ശാസ്ത്രജ്ഞർ വിലയിരുത്തുന്നത്. അതായത് പുതിയ ഭൂവിജ്ഞാനീയ യുഗത്തിന് ഈ കാലഘട്ടത്തിൽ തുടക്കമായി.