മൂവാറ്റുപുഴ: തദ്ദേശ തെരഞ്ഞെടുപ്പിന് മുഖ്യകേന്ദ്രമായി നവമാധ്യമങ്ങൾ മാറിയതോടെ വേറിട്ട പ്രചാരണ തന്ത്രങ്ങളാണ് ഓരോ മുന്നണികളും പയറ്റുന്നത്.
സ്ഥാനാർഥികളുടെ അനൗണ്സ്മെന്റ് അടങ്ങിയ ആനിമേഷൻ വാഹനമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്.
സ്ഥാനാർഥികളുടെ ചിത്രം പതിച്ച പോസ്റ്ററും ഫ്ളക്സ് ബോർഡും കൊടിയും മറ്റും ഘടിപ്പിച്ച റോഡിലൂടെയുള്ള വാഹന പ്രചരണം ആനിമേഷനിലൂടെ ഒപ്പിയെടുത്ത് ജനമനസുകളിൽ പതിപ്പിക്കുകയാണ് മുന്നണികളുടെ ലക്ഷ്യം.
ആഴ്ചകൾക്ക് മുന്പേ തന്നെ സ്ഥനാർഥിത്വം ഉറപ്പിച്ചവരാണ് ആദ്യഘട്ട പ്രവർത്തനത്തിനു അനിമേഷൻ വീഡിയോ പ്രചാരണം ആരംഭിച്ചത്. ഇതുകൂടാതെ ഭരണകക്ഷികളെ കളിയാക്കികൊണ്ടുള്ള ട്രോൾ വീഡിയോകളും പ്രചരിക്കുന്നുണ്ട്.
എന്നാൽ അനിമേഷൻ വീഡിയോകൾക്ക് ജനങ്ങളെ ആകർഷിക്കാൻ സാധിച്ചതിനാൽ ഒട്ടുമിക്ക സ്ഥാനാർഥികളും ആനിമേഷൻ പ്രചരണത്തിലേക്ക് കടക്കുകയാണ്.
മൂവാറ്റുപുഴയിലും നിരവധി ഏജൻസികൾ ഇത്തരത്തിലുള്ള ആനിമേഷൻ വീഡിയോകൾ ചിത്രീകരിച്ചു നൽകുന്നുണ്ട്.
ഇതുകൂടാതെ പ്രചരണം മുഴുവൻ ഏറ്റെടുത്ത് ചെയ്യാൻ തയാറായിരിക്കുന്ന ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പുകളും മേഖലയിൽ സജീവമാണ്.