തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ മത്സരിക്കുന്ന സിപിഐ സ്ഥാനാര്‍ഥികളില്‍ ധാരണയായതായി റിപ്പോർട്ട്. കേരളത്തിൽനിന്നും നാല് സീറ്റുകളിലാണ് സിപിഐ ജനവിധി തേടുക. ആനി രാജ, പന്ന്യൻ രവീന്ദ്രൻ, വി.എസ്. സുനിൽ കുമാർ, സി.എ. അരുണ്‍ കുമാർ എന്നിവരുടെ പേരുകളാണ് പട്ടികയിലുള്ളത്.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി വിജയിച്ച വയനാട്ടിൽ ആനി രാജയ്ക്കാണ് സാധ്യത. ശശി തരൂർ വിജയിച്ച തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രനെ ഇറക്കാണ് സിപിഐ പദ്ധതിയിടുന്നത്.
തിരുവനന്തപുരത്ത് ശക്തനായ സ്ഥാനാർഥിയായിരിക്കും മത്സരരംഗത്തുണ്ടാകുകയെന്ന് ബിജെപിയും വ്യക്തമാക്കിയിരുന്നു. ഇതോടെ തിരുവനന്തപുരത്ത് ശക്തമായ ത്രികോണ മത്സരത്തിനാകും കളമൊരുങ്ങുക. തൃശൂരിൽ വി.എസ്. സുനിൽ കുമാറിനാണ് സാധ്യത കൽപിക്കുന്നത്. നേരത്തെ തന്നെ തൃശൂരിൽ സുനിൽ കുമാറിന്റെ പേര് ഉയർന്നുവന്നിരുന്നു. മവേലിക്കരയിൽ എഐവൈഎഫ് നേതാവ് സി.എ. അരുണ്‍ കുമാറിന്റെ പേരാണ് പരിഗണിക്കുന്നത്.
ഫെബ്രുവരി 10, 11 തീയതികളിൽ നടക്കുന്ന സിപിഐ സംസ്ഥാന കൗണ്‍സിൽ യോഗത്തിൽ ഇക്കാര്യങ്ങളിൽ അന്തിമതീരുമാനം ഉണ്ടാകുമെന്നാണ് സൂചന.