ദേശാതിർത്തികൾ കടന്ന് തരംഗമായി മാറിയ വൈ ദിസ് കൊലവെറി എന്ന ഗാനത്തിനു പിന്നിലെ കൂട്ടുകെട്ട് വീണ്ടും. നടൻ ധനുഷും സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറുമാണ് വീണ്ടും ഒന്നിക്കുന്നത്. ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് അനിരുദ്ധ് ഇക്കാര്യം പറഞ്ഞത്.
ധനുഷും താനും ഇപ്പോഴും നല്ല സുഹൃത്തുക്കളാണെന്നും തങ്ങൾ തമ്മിൽ പ്രശ്നങ്ങളുണ്ടെന്നത് വെറും തെറ്റിദ്ധാരണ മാത്രമാണെന്നും . ഡിഎൻഎ കൂട്ടുകെട്ട് തിരിച്ചുവരുമെന്നും അനിരുദ്ധ് പറയുന്നു. ഡിഎൻഎ എന്നാണ് ഇരുവരേയും ചേർത്ത് ആരാധകർ വിളിക്കുന്നത്.
3 എന്ന തമിഴ് ചിത്രത്തിനു വേണ്ടി 2011ലാണ് അനിരുദ്ധിന്റെ സംഗീത സംവിധാനത്തിൽ വൈ ദിസ് കൊലവെറി ഡി എന്ന ഗാനം ധനുഷ് ആലപിച്ചത്. ഇതിനുശേഷം മാരി എന്ന ചിത്രം വരെ ഇവരുടെ കൂട്ടുകെട്ട് തുടർന്നു.
പിന്നീട് ഈ കൂട്ടുകെട്ട് ഉണ്ടാകാത്തതാണ് ഇരുവരും അകന്നു എന്ന കിംവദന്തികൾക്ക് ഇടയാക്കിയത്. മാരി-2വിലും അനിരുദ്ധ് ഇല്ലാത്തത് സംശയങ്ങളുടെ ആക്കം കൂട്ടി. എന്തായാലും കൊലവെറിയേക്കാൾ വലിയ സൂപ്പർഹിറ്റ് ഉടൻ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.