കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ജനം ടിവിയിലെ വാർത്താമേധാവി അനില്‍ നമ്പ്യാർക്കു സ്റ്റംസിന്റെ ക്ലീന്‍ ചിറ്റ് നൽകാതിരുന്നതു ബിജെപി കേന്ദ്രങ്ങളിൽ ആശങ്കയാകുന്നു.
ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ നേതൃത്വത്തിലാണു സ്വർണക്കടത്തു കേസിൽ പ്രതിഷേധങ്ങൾ ശക്തമാക്കിയിരുന്നത്. ഇതിനിടയിൽ ഇടിത്തീ പോലെയാണിപ്പോൾ സ്വർണക്കടത്തു കേസിലെ മൊഴി പുറത്തുവന്നിരിക്കുന്നത്.
മുൻപ് കേസിലെ പ്രതികളിലൊരാളായ സന്ദീപ് നായരുടെ ബിജെപി സൗഹൃദം വിവാദമായതു നേരത്തെ തന്നെ ബിജെപിക്കു ക്ഷീണമായിരുന്നു.
കേസുമായി ബന്ധപ്പെട്ട് അനിൽ നന്പ്യാരുടെ മൊഴി വിശദമായി പരിശോധിച്ചശേഷം വീണ്ടും ചോദ്യംചെയ്യാന്‍ വിളിപ്പിച്ചേക്കുമെന്നാണു പുറത്തുവരുന്ന വാര്‍ത്തകള്‍. ഇന്നലെ അഞ്ച് മണിക്കൂറോളമാണ് അനില്‍ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്തത്.
രാവിലെ പത്തോടെയാണു കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ചോദ്യംചെയ്യലിനായി ഹാജരായത്. എല്ലാ ചോദ്യങ്ങൾക്കും തൃപ്തികരമായ മറുപടി നൽകാൻ അനിലിനു കഴിഞ്ഞില്ലെന്നാണ് കസ്റ്റംസ് കേന്ദ്രങ്ങൾ നൽകുന്ന സൂചന.
അതുകൊണ്ടാണ് സ്വപ്നയുടെ മൊഴിയുമായി ചേർത്തു പരിശോധിച്ചശേഷം വീണ്ടും ചോദ്യം ചെയ്യുന്നതു പരിഗണിക്കും. ചോദ്യം ചെയ്യലില്‍ നല്കിയ മൊഴികള്‍ വിശദമായി പരിശോധിച്ചശേഷം മാത്രമെ ക്ലീന്‍ ചിറ്റ് നല്‍കുകയുള്ളൂവെന്നാണു കസ്റ്റസ് അധികൃതര്‍ പറയുന്നത്.
ജൂലൈ അഞ്ചിന് ഡിപ്ലോമാറ്റിക് ബാഗ് തുറന്നു സ്വര്‍ണം കണ്ടെടുത്ത ദിവസം സ്വപ്നയും അനില്‍ നമ്പ്യാരുമായി രണ്ടു തവണ ഫോണില്‍ സംസാരിച്ചതായുള്ള രേഖകള്‍ നേരത്തെ പുറത്തു വന്നിരുന്നു.
ഈ ഫോണ്‍ വിളിയെക്കുറിച്ചു കേസിലെ പ്രധാന പ്രതിയായ സ്വപ്ന സുരേഷ് കസ്റ്റംസിനു മൊഴി നല്‍കിയിരുന്നു. വന്നതു ഡിപ്ലോമാറ്റിക് ബാഗേജ് അല്ല വ്യക്തിപരമായി ലഭിച്ചതാണെന്നു കസ്റ്റംസിനെ അറിയിക്കാൻ അനിൽ നന്പ്യാർ ഉപദേശിച്ചെന്നാണ് സ്വപ്നയുടെ മൊഴി. സരിത്ത് ആണ് കടത്തിനു പിന്നിലെന്നു പറഞ്ഞു തലയൂരാനും ഉപദേശിച്ചെന്നും ആരോപണമുണ്ട്.
ഇതേത്തുടര്‍ന്നാണ് അനില്‍ നമ്പ്യാരെ ചോദ്യംചെയ്യാന്‍ അന്വേഷണം സംഘം തീരുമാനിച്ചത്. സ്വപ്ന സുരേഷിന്റെ ഫോണ്‍ രേഖകള്‍ പൂര്‍ണമായും കസ്റ്റംസും എന്‍ഐഎയും പരിശോധിച്ചിരുന്നു. ഇതിലാണ് ബാഗില്‍നിന്നു സ്വര്‍ണം കണ്ടെത്തിയ ദിവസം അനില്‍ നമ്പ്യാരും സ്വപ്ന സുരേഷും തമ്മില്‍ രണ്ടു തവണ ഫോണിലൂടെ സംസാരിച്ചിരുന്നതായി കണ്ടെത്തിയത്.
മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ വിവരശേഖരണത്തിനായി മാത്രമാണു സ്വപ്ന സുരേഷിനെ വിളിച്ചതെന്നായിരുന്നു അനില്‍ നമ്പ്യാര്‍ നേരത്തെ വിശദീകരിച്ചിരുന്നത്. എന്നാൽ, ഇരുവരും തമ്മിൽ നേരത്തെയും അടുത്ത പരിചയമുണ്ടെന്നും കണ്ടിട്ടുണ്ടെന്നുമുള്ള വാർത്തകളും ഇതിനിടെ പുറത്തുവന്നു.
അതേസമയം, അനിൽ നന്പ്യാർക്കു കേസിനെ തുടർന്നു യുഎഇയിൽ നിലനിന്നിരുന്ന വിലക്ക് ഒഴിവാക്കി സന്ദർശനം നടത്താൻ അവസരമുണ്ടാക്കിയതു സ്വപ്നയാണെന്നും ഇരുവരും തമ്മിൽ ദീർഘകാലമായി പരിചയമുണ്ടെന്നും ആരോപണം ഉയർന്നിരുന്നു.
ഇതിനിടെ, കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഏജന്‍സികള്‍ ഇന്നു കൂടുതല്‍പേരെ ചോദ്യം ചെയ്യുമെന്നാണു സൂചന. കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഐടി ഫെലോ അരുണ്‍ ബാലചന്ദ്രനും ഇന്നു കസ്റ്റംസിന്റെ മുന്നില്‍ ഹാജരായേക്കുമെന്നാണ് അറിയുന്നത്.