തിരുവനന്തപുരം: മകളെ കാണാനെത്തിയ ആണ്‍സുഹൃത്തിനെ പിതാവ് കുത്തിക്കൊലപ്പെടുത്തി. പേട്ട റെയിൽവെ സ്റ്റേഷന് സമീപം ഐശ്വര്യ വീട്ടിൽ ജോർജിന്റെ മകൻ അനീഷ് ജോർജ് (19) ആണ് മരിച്ചത്.
ഇന്ന് പുലർച്ചെ മൂന്നരയോടെ പേട്ട റെയിൽവെ ബ്രിഡ്ജിന് സമീപമുള്ള അനീഷിന്റെ പെണ് സുഹൃത്തിന്റെ വീട്ടിൽ ആയിരുന്നു സംഭവം.
യുവാവിനെ കുത്തിവീഴ്ത്തിയ ശേഷം പെൺകുട്ടിയുടെ പിതാവ് ലാലൻ പേട്ട പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
സംഭവത്തെക്കുറിച്ച് പോലീസ് ഭാഷ്യം ഇങ്ങനെ- ഇന്ന് പുലർച്ചെ മൂന്നരയോടെ വീട്ടിൽ ശബ്ദം കേട്ട് ലാലൻ ഉണർന്നു. വീട്ടിനുള്ളിൽ അനീഷിനെ കണ്ടതോടെ ലാലൻ കുത്തി വീഴ്ത്തുകയായിരുന്നു.
സംഭവത്തിന് ശേഷം പേട്ട പോലീസ് സ്റ്റേഷനിലെത്തി വിവരം പറഞ്ഞ് ഇയാൾ പോലീസിൽ കീഴടങ്ങുകയായിരുന്നു.
പോലീസ് സംഭവ സ്ഥലത്തെത്തിയപ്പോൾ വീട്ടിനകത്തെ ഹാളിൽ രക്തം വാർന്ന് മരിച്ച നിലയിൽ യുവാവിനെ കണ്ടെത്തി.
പോലീസ് സംഘം മെഡിക്കൽ കോളജാശുപത്രി മോർച്ചറിയിലേക്ക് യുവാവിന്റെ മൃതദേഹം മാറ്റി. അതേ സമയം കള്ളനാണെന്ന് തെറ്റിദ്ധരിച്ചാണ് യുവാവിനെ കുത്തിയതെന്ന് ലാലൻ പോലീസിനോട് പറഞ്ഞു.
സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കാനായി ലാലനെ പോലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
ഉന്നത പോലീസ് ഉദ്യോഗസ്ഥരും ഫോറൻസിക് വിദഗ്ധരും സംഭവ സ്ഥലത്തെത്തി തെളിവുകൾ പരിശോധിക്കുകയാണ്.