ഞാനൊരു പെണ്‍കുട്ടിയാണ്. എന്നിട്ടും ഞാന്‍ പിടിച്ചു നിന്നില്ലേ, സദാചാര ആക്രമണത്തിനിരയായി ആത്മഹത്യ ചെയ്ത അനീഷിന്റെ പെണ്‍ സുഹൃത്തിന്റെ വൈകാരിക പ്രതികരണം

An12ishകൊല്ലം കരുനാഗപ്പള്ളിയില്‍ സദാചാര പോലീസിംഗിന് ഇരയായതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത അനീഷിന്റെ പെണ്‍സുഹൃത്ത് എഴുതിയതെന്ന് കരുതപ്പെടുന്ന കത്ത് സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നു. അനീഷ് ആത്മഹത്യ ചെയ്തതിലെ ഞെട്ടലും ഒറ്റയ്ക്ക് പോയതിന്റെ വേദനയും കത്തില്‍ വിവരിക്കുന്നു. കത്തില്‍ നിന്ന്-

എന്റെ പ്രിയപ്പെട്ട അനീഷിന്..

നീ എന്തിനാടാ എന്നെ ഒറ്റയ്ക്കാക്കി പോയത്. എന്റെ എല്ലാ പ്രതീക്ഷയും നിന്നിലായിരുന്നു. എന്നെ കൈപിടിച്ച് കൊണ്ട് പോകുമെന്ന സ്വപ്നം എനിക്കുണ്ടായിരുന്നു. എല്ലാം ഒരു നിമിഷം കൊണ്ട്…

ഞാനൊരു പെണ്‍കുട്ടിയാണ്. എന്നിട്ടും ഞാന്‍ പിടിച്ചു നിന്നില്ലേ? സമൂഹം എന്നെ ഏത് കണ്ണുകൊണ്ടാണ് കാണുന്നതെന്നും എന്റെ കുടുംബത്തെ മൊത്തത്തില്‍ എന്തൊക്കെയാണ് പറയുന്നതെന്നും നിനക്കറിയാമോ? അതിനു ശേഷം ഞാന്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയിട്ടില്ല.. ഒരു കോണിലിരുന്ന് അമ്മ തലതല്ലിക്കരഞ്ഞ് പിരാകുന്നുണ്ട്.. അച്ഛന്‍ ജോലിക്ക് പോയിട്ടില്ല.. പല രാത്രികളിലും ഉറക്കമില്ലാതെ ആ പാവം ഉമ്മറത്തിരുന്നു കരയുന്നുണ്ട്.

പക്ഷെ എനിക്ക് നിന്നില്‍ ഒരുപാട് പ്രതീക്ഷയുണ്ടായിരുന്നു. ആ പ്രതീക്ഷ മാത്രമാണ് എന്നെ ജീവിക്കാന്‍ പ്രേരിപ്പിച്ചതും. ഈ ദുഷിച്ച സമൂഹത്തിനു മുന്നില്‍ നമുക്ക് ജീവിച്ച് കാണിക്കണമായിരുന്നു. അന്ന് അഴീക്കല്‍ ബീച്ചില്‍ വച്ച് നമ്മള്‍ എന്ത് തെറ്റാണ് ചെയ്തത്? അതിരുവിട്ട് നമ്മളെന്തെങ്കിലും ചെയ്‌തോ?പോലീസ് സ്‌റ്റേഷനിലും നീ സധൈര്യമായാണ് പെരുമാറിയത്. പക്ഷെ എവിടെയാണ് നിനക്ക് പിഴച്ചത്? സോഷ്യല്‍ മീഡിയ നമ്മോടൊപ്പമായിരുന്നില്ലേ. ഭരണകൂടം നമ്മോടൊപ്പമായിരുന്നില്ലേ. പിന്നെ നീ ആരെയാണ് ഭയപ്പെട്ടത്? ഞാന്‍ ഇനി ആര്‍ക്കു വേണ്ടി ജീവിയ്ക്കണം?

ഞാന്‍ ജീവിക്കും അനീഷ്. എനിക്ക് ജീവിക്കണം. ഒരു ഭീരുവിനെപ്പോലെ ഒളിച്ചോടാന്‍ ഞാനില്ല. അങ്ങനെ ചെയ്താല്‍ ഞാനും നീയും സമൂഹത്തിനു മുന്നില്‍ തെറ്റുകാരാകും. നാളെ ഒരാള്‍ക്കും ഈ അവസ്ഥയുണ്ടാകാന്‍ പാടില്ല. അതിന് ഞാന്‍ ജീവിച്ചേ മതിയാകൂ.

നിന്നോട് സംസാരിച്ച് കൊതി തീര്‍ന്നിട്ടില്ല അനീഷ്. ജീവിക്കാനുള്ള ആഗ്രഹത്തിനും.. പൊരുതാനുറച്ച് തന്നെയാണ് ഞാന്‍ ഇനി ജീവിക്കുക. എന്റെ കണ്ണ് ഇനി നിറയില്ല. എന്റെ ചെറിയൊരു വേദന പോലും നിനക്ക് സഹിക്കാന്‍ കഴിയില്ല. എന്റെ മുന്നോട്ടുള്ള ജീവിതത്തിന് ഒരദൃശ്യ ശക്തിയായി നീയുണ്ടാകുമെന്നെനിക്കറിയാം. ആ ഒരു പ്രതീക്ഷയോടെ..

സ്വന്തം.
മോളൂട്ടി

Related posts