അഞ്ചല്‍ : കാഷ്മീരില്‍ ഇന്ത്യ പാകിസ്ഥാന് അതിര്‍ത്തിയായ രജൌരിയില്‍ പാകിസ്ഥാന് നടത്തിയ ഷെല്ലാക്രമണത്തില്‍ വീരമൃത്യു വരിച്ച കടയ്ക്കല്‍ വയല സ്വദേശി അനീഷ് തോമസിന്റെ മൃതദേഹം ജന്മനാട്ടില് സംസ്കരിച്ചു.
രാവിലെ പതിനൊന്നോടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം ആദ്യം എത്തിച്ചത് പാങ്ങോട് സൈനിക ക്യാമ്പിലാണ്. ഇവിടെ സൈനികരടക്കം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
പിന്നീട് വിലാപയാത്രയായി മൃതദേഹം സ്വദേശത്തേക്ക്. വഴിയോരങ്ങളില്‍ നൂറുകണക്കിന് ആളുകള്‍ കാത്തുനിന്നു അന്ത്യാഞ്ജലി അര്‍പ്പിച്ചു. മിക്കയിടങ്ങളിലും പുഷ്പവൃഷ്ട്ടി നടത്തിയാണ് ധീര ജവാനെ അവസാനമായി യാത്രയാക്കിയത്.
ഉച്ചകഴിഞ്ഞ് രണ്ടോടെ ധീരജാവാന്റെ മൃതദേഹം സ്വന്തം വീടായ കടയ്ക്കല്‍ വയലയിലെ ആലുമുക്കില്‍ ആശ നിവാസിൽ എത്തിച്ചു. പിതാവ് തോമസ്, മാതാവ് അമ്മിണികുട്ടി, ഭാര്യ എമിലി, ഏകമകള്‍ ഹന്നയടക്കം ഉറ്റവര്‍ കണ്ണീരോടെ അനീഷ് തോമസിന് അന്ത്യാഞ്ജലി നല്കി.
ബന്ധുക്കളും നാട്ടുകാരും സുഹൃത്തുക്കളും അടക്കം നൂറുകണക്കിന് പേര് അന്തിമോപചാരം അര്‍പ്പിച്ചു. മുക്കാല്‍ മണിക്കൂര്‍ വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹം അനീഷിന്റെ ഇടവക പള്ളിയായ വയലാ ആലുംമുക്കിലെ ഓർത്തഡോക്സ് പളളിയിലേക്ക് എത്തിച്ചു.
ഇവിടെയും ഇടവക അംഗങ്ങള്‍ അടക്കം നൂറുകണക്കിന് ആളുകളാണ് അനീഷിനെ അവസാനമായി ഒരുനോക്ക് കാണാനും അന്ത്യാഞ്ജലി അര്‍പ്പിക്കാനും എത്തിയത്.
മുല്ലക്കര രത്നാകരന് എംഎല്‍എ, റൂറല്‍ പോലീസ് മേധാവി ഹരിശങ്കര്‍, പുനലൂര്‍ ആര്‍ഡിഒ ബി. ശശികുമാര്‍, സംസ്ഥാന കശുവണ്ടി വികസന കോര്പറേഷന് ചെയര്മാന് എസ് ജയമോഹന്, അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷ് അടക്കം ജനപ്രതിനിധികള്‍, പൊതുപ്രവര്‍ത്തകര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സാമൂഹിക സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍ അടക്കം നിരവധിയാളുകള്‍ അനീഷിന് വിട നല്കി.
തുടര്‍ന്ന് മതപരമായ ആചാരങ്ങള്‍ പൂര്‍ത്തിയാക്കി വൈകുന്നേരം അഞ്ചോടെ മൃതദേഹം പള്ളി സെമിത്തേരിയില്‍ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു.
ബുധനാഴ്ച ഉച്ചയോടെയാണ് പെട്രോളിങ്ങിനിടെ അനീഷ് തോമസ് അടങ്ങുന്ന സംഘത്തിന് നേരെ പാക്കിസ്ഥാന് ആക്രമണം നടത്തുന്നത്. വൈകുന്നേരത്തോടെ സഹപ്രവര്‍ത്തകരാണ് മരണവിവരം അനീഷിന്റെ ബന്ധുക്കളെ അറിയിക്കുന്നത്. ഈ മാസം 25 ന് അവധിക്കായി നാട്ടില്‍ വരാന്‍ തീരുമാനിച്ചിരിക്കെയാണ് അനീഷ് അതിര്‍ത്തിയില്‍ വീരമൃത്യു വരിക്കുന്നത്.