
ന്യൂയോർക്ക്: അമേരിക്കയുടെ കൗമാര താരം അമാൻഡ അനിസിമോവ യുഎസ് ഓപ്പണിൽനിന്നും പിൻമാറി. പിതാവും പരിശീലകനുമായ കോൺസ്റ്റാന്റിന്റെ മരണത്തെ തുടർന്നാണ് ടൂർണമെന്റിൽനിന്നും താരം പിൻവാങ്ങിയത്. കഴിഞ്ഞ ജൂണിൽ നടന്ന ഫ്രഞ്ച് ഓപ്പണിൽ സെമിയിലെത്തിയ താരമാണ് പതിനേഴുകാരിയായ അനിസിമോവ.
2018 ൽ യുഎസ് ഓപ്പണിൽ പങ്കെടുത്തെങ്കിലും ലോകറാങ്കിംഗിൽ 24 ാം സ്ഥാനത്തുള്ള അമേരിക്കൻ കൗമാരക്കാരി ആദ്യ റൗണ്ടിൽ പുറത്തായിരുന്നു. ഫ്രഞ്ച് ഓപ്പണിൽ സെമിയിലേക്കുള്ള വഴിയിൽ സിമോണ ഹാലപ്പിനെ അനിസിമോവ പരാജയപ്പെടുത്തിയിരുന്നു. കിരീടം നേടിയ ആഷ്ലി ബാർട്ടിയോടാണ് സെമിയിൽ പരാജയപ്പെട്ടത്. ഈ വർഷത്തെ അവസാനത്തെ ഗ്രാൻഡ് സ്ലാമായ യുഎസ് ഓപ്പൺ തിങ്കളാഴ്ച ആരംഭിക്കും.