മങ്കൊമ്പ് : കഴിഞ്ഞ ദിവസം പള്ളാത്തുരുത്തിയാറ്റിൽ ആറുമാസം ഗർഭിണിയായ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം. കേസുമായി ബന്ധപ്പെട്ടു രണ്ടു പേർ പിടിയിലായി.
നിലമ്പൂർ സ്വദേശിയായ പ്രതീഷ്, ഇയാളുടെ ഇപ്പോഴത്തെ ജീവിത പങ്കാളിയായ കൈനകരി സ്വദേശിനി രജനി എന്നിവരാണ് കസ്റ്റഡിയിലായത്. പുന്നപ്ര സൗത്ത് തോട്ടുങ്കൽ വീട്ടിൽ അനീഷിന്റെ ഭാര്യ അനിത (32) യുടെ മരണമാണ് കൊലപാതകമെന്നു തെളിയുന്നത്.
കഴിഞ്ഞ ശനിയാഴ്ച വൈകിട്ടു പള്ളാത്തുരുത്തി ആറ്റിൽ അരയൻതോട് പാലത്തിനു സമീപത്താണ് മൃതദേഹം പൊങ്ങിയ നിലയിൽ കണ്ടെത്തിയത്.സംഭവത്തെപ്പറ്റി പോലീസിൽ നിന്നു ലഭിക്കുന്ന പ്രാഥമിക സൂചനകൾ ഇങ്ങനെ:
കഴിഞ്ഞ കുറെക്കാലമായി മരിച്ച അനിത പ്രതീഷുമായി അടുപ്പത്തിലായിരുന്നു. ഇതെത്തുടർന്ന് രണ്ടു കുട്ടികളുള്ള അനിതയും ഭർത്താവും തമ്മിൽ അകന്നുകഴിയുകയായിരുന്നു. അതേസമയം കേസിൽ കസ്റ്റഡിയിലുള്ള രജനിയും വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ്.
മൂന്നു വർഷത്തോളമായി കണിച്ചുകുളങ്ങരയിലുള്ള ഭർത്താവുമായി പിണങ്ങി അമ്മയ്ക്കൊപ്പം കൈനകരിയിലെ വീട്ടിലാണ് താമസം. പ്രതീഷും കഴിഞ്ഞ രണ്ടു മൂന്നു വർഷക്കാലമായി രജനിക്കൊപ്പം കൈനകരിയിലാണ് താമസം. ഇവർ വിവാഹിതരായെന്നാണ് നാട്ടുകാരോടു പറഞ്ഞിരുന്നത്. ഇതിനകം പ്രതീഷ് നാട്ടുകാരുമായി നല്ല സൗഹൃദത്തിലാരുന്നു.
മരിച്ച അനിത പ്രതീഷിനോട് തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായാണ് അറിയുന്നത്. ഗർഭിണിയായ അനിത പ്രതീഷ് വിളിച്ചതനുസരിച്ച് കഴിഞ്ഞ ഒൻപതിനു കൈനകരിയിലെ രജനിയുടെ വീട്ടിലെത്തി. രാത്രിയിൽ മൂവരും പരസ്പരം ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടു.
ഇതിനുശേഷം ഉറക്കത്തിൽ അനിതയെ കഴുത്തു ഞെരിച്ചും മുഖം പൊത്തിയും ഇരുവരും ചേർന്നു കൊലപ്പെടുത്തിയെന്നാണ് പറയപ്പെടുന്നത്.ഇതിനു ശേഷം വള്ളത്തിൽ മൃതദേഹം കയറ്റി പള്ളാത്തുരുത്തിയാറ്റിൽ ഉപേക്ഷിക്കുകയായിരുന്നു.
മരണത്തിൽ സംശയം തോന്നിയ പോലീസ് അനിതയുടെ ഫോൺ വിളികൾ പരിശോധിച്ചാണ് ഇന്നലെ പ്രതീഷിനെ കസ്റ്റഡിയിലെടുത്തത്. അരമണിക്കൂറിനുള്ളിൽ രജനിയെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.ചോദ്യം ചെയ്യൽ തുടരുന്നതിനാൽ കേസ് സംബന്ധിച്ചു കൂടുതൽ വിവരങ്ങൾ പുറത്തു വിടാനാകില്ലെന്നാണ് പോലീസ് പറയുന്നത്.