മങ്കൊമ്പ് : കൈനകരിയിൽ യുവതിയെ കൊലപ്പെടുത്തി ആറ്റിൽ തള്ളിയ കേസുമായി ബന്ധപ്പെട്ടു പോലീസ് തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോൾ കാര്യമായ ഭാവഭേദമില്ലാതെയാണ് പ്രതികൾ സംഭവങ്ങൾ വിവരിച്ചത്.
കൊല നടത്തിയതിന്റെ പിറ്റേന്നും സാധാരണ നിലയിലായിരുന്നു ഇരുവരുടെയും പെരുമാറ്റമെന്ന് നാട്ടുകാർ പറഞ്ഞു. രജനിയും, അമ്മയും, പ്രബീഷുമടങ്ങുന്ന കുടുംബവുമായി തൊട്ടയൽപക്കത്തു താമസിക്കുന്ന ബന്ധുക്കൾക്കു പോലും വലിയ ഇടപെടലുകളൊന്നുമില്ലായിരുന്നു.
ഒരുമിച്ച് ഉറങ്ങിയവർ…
പ്രബീഷിന്റെ മറ്റൊരു കാമുകിയായിരുന്ന മരിച്ച അനിത ഗർഭിണിയാണെന്ന വിവരം രജനിക്കും അറിയാമായിരുന്നു. അനിതയെ ഒഴിവാക്കാൻ വേണ്ടി തന്നെയാണ് കൈനകരിയിലെ വീട്ടിലേക്കു വിളിച്ചു വരുത്തിയത്.
ആലപ്പുഴ ബസ്് സ്റ്റാൻഡിലെത്തിയ അനിതയെ, രജനിയും, പ്രബീഷും ചേർന്നാണ് സംഭവദിവസം വൈകുന്നേരം നാലോടെ വീട്ടിലെത്തിച്ചത്. ഇത് അയൽവാസികൾ കണ്ടിരുന്നു.
രണ്ടു മുറികൾ മാത്രമുള്ള കൊച്ചു വീട്ടിൽ ഈ സമയം രജനിയുടെ അമ്മയും ഉണ്ടായിരുന്നു. രാത്രി മൂവരും ഒരുമിച്ച് ഉറങ്ങാൻ കിടക്കുകയും ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തിരുന്നു.
ഇതിനു ശേഷം പ്രബീഷ് അനിതയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഈ സമയം രജനി അനിതയുടെ വായയും, മൂക്കും അമർത്തിപ്പിടിച്ചു. മരിച്ചുവെന്നു ഉറപ്പുവന്നതോടെ രാത്രി വൈകി മൃതദേഹം സമീപത്തെ ബന്ധുവിന്റെ കൊച്ചുവള്ളത്തിൽ കയറ്റി.
വള്ളത്തിൽ രജനി, കരയിൽ പ്രബീഷ്
അര കിലോമീറ്റർ താഴെ മാത്രം അകലെയുള്ള പള്ളാത്തുരുത്തി ആറ്റിലേക്കു മൃതദേഹം കയറ്റിയ വള്ളം തുഴഞ്ഞുപോയത് രജനിയാണ്. ഈ സമയം പ്രബീഷ് കരയിലൂടെ നടന്നു ആറ്റു തീരത്തെത്തി.
എന്നാൽ മൃതദേഹം ആറ്റിൽ ഉപേക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വള്ളം മറിഞ്ഞു. ഒടുവിൽ വള്ളം അവിടെത്തന്നെ ഉപേക്ഷിച്ചു ഇരുവരും വീ്ട്ടിലേക്കു മടങ്ങുകയായിരുന്നു.
രാവിലെ മീൻ പിടിക്കാൻ ഇട്ട വല തിരികെയെടുക്കുന്നതിനായി ഉടമ വള്ളം അന്വേഷിച്ചെങ്കിലും കണ്ടില്ല.ഇതെത്തുടർന്നു നടത്തിയ അന്വേഷണത്തിനൊടുവിൽ ആറിനു സമീപത്തു നിന്നു വള്ളം കണ്ടെത്തിയെങ്കിലും അസ്വാഭാവികമായി ഒന്നും തോന്നിയില്ല.
കഥ പറയുന്ന പിസ്റ്റൽ!
ഈ സമയവും പ്രതികൾ ഭാവഭേദമൊന്നുമില്ലാതെ വീട്ടിൽ തന്നെയുണ്ടായിരുന്നു. തെളിവെടുപ്പിനിടെ പ്രബീഷ് വീട്ടിൽ സൂക്ഷിച്ചിരുന്ന പിസ്റ്റൽ കണ്ടെടുത്തു.
ഇതു കാട്ടി തന്നെ പ്രബീഷ് നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നതായി അയൽവാസിയായ ബന്ധു പറയുന്നു. പ്രതികളുമായി എത്തുന്നതറിഞ്ഞു നൂറുകണക്കിനാളുകളാണ് വീടിനു സമീപത്തെ തോടിന് ഇരുകരകളിലുമായി തടിച്ചുകൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തു.