കൊച്ചി: പുരാവസ്തു തട്ടിപ്പു കേസില്‍ മോന്‍സന്റെ സുഹൃത്തും വേള്‍ഡ് മലയാളി ഫെഡറേഷന് അംഗവുമായ അനിത പുല്ലയിലിനെ ഓൺലൈനിൽ ചോദ്യംചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്. ഇവര്‍ ഇറ്റലിയിലാണ് താമസിക്കുന്നത്.
മോന്‍സന്റെ തട്ടിപ്പ് ഇവര്‍ നേരത്തെ അറിഞ്ഞിരുന്നു. ഇത് പോലീസ് ഉദ്യോഗസ്ഥരുമായി പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ചോദ്യം ചെയ്യല്‍.
ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെയടക്കം മൊഴിരേഖപ്പെടുത്തും. മോന്‍സനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു എന്നതൊഴിച്ചാല്‍ മറ്റ് കാര്യമായ തെളിവുകളൊന്നും കേസില്‍ അനിതക്കെതിരേ നിലവിലില്ല.
അതിനിടെ ഇവര്‍ പോലീസ് ഉദ്യോഗസ്ഥരുമായും മറ്റും നടത്തിയ ചാറ്റുകളും അന്വേഷണ സംഘത്തിന് ലഭിച്ചു. മുന്‍ ഡിജിപി ലോക്നാഥ് ബെഹറ ഉള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥരെ മോന്‍ന്റെ വീട്ടിലെത്തിച്ചത് തന്റെ ഇടപെടലോടെയാണെന്ന് ഇവര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
മോന്സണ് തട്ടിപ്പുകാരനാണെന്ന് തന്നെ അറിയിച്ചത് ബെഹറയാണെന്നും ഇതോടെ ഇയാളുമായുള്ള ബന്ധം ഉപേക്ഷിച്ചുവെന്നുമാണ് അനിത പറയുന്നത്. എന്നാല്‍ ഇതിനുശേഷവും ഇവര്‍ മോന്‍സനുമായി ബന്ധപ്പെട്ടിരുന്നതായാണ് വിവരം.
മോന്സന് മാവുങ്കല്‍ അറസ്റ്റിലായ വിവരം ഐജി ലക്ഷ്മണയെ അറിയിച്ചത് ഇവരാണെന്ന് ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചിട്ടുണ്ട്.
ഇതുസംബന്ധിച്ച് ഇരുവരും ആശയവിനിമയം നടത്തുന്ന വാട്സ്ആപ്പ് ചാറ്റ് പുറത്തായി. കഴിഞ്ഞ 25ന് രാത്രി ഒമ്പതിന് ശേഷമാണ് മോന്സണ് പിടിയിലായത്.
വിവരം അപ്പോള്‍ തന്നെ അനിതയറിഞ്ഞു, മാത്രമല്ല ഇക്കാര്യം ഐജി ലക്ഷ്മണയ്ക്ക് കൈമാറി. പുറത്തുവന്ന വാട്സ്ആപ്പ് ചാറ്റുകളില്‍ ഇക്കാര്യം വ്യക്തമാണ്.
മോന്‍സനെ പലകേസുകളിലും ഒഴിവാക്കാന്‍ ഇടപെട്ടത് ലക്ഷ്മണയാണ്. സെപ്റ്റംബര്‍ 25നും 26നും നടത്തിയ ചാറ്റുകളാണ് ഇപ്പോള്‍ പുറത്തായത്.
അതേസമയം ഐജി ഇതിന് നല്കിയ മറുപടിയെല്ലാം ഡിലീറ്റ് ചെയ്ത നിലയിലാണ്. മോന്‍സനെ കുറിച്ച് ബെഹ്റ രണ്ട് വര്‍ഷം മുമ്പ് തന്നോട് സംശയം പ്രകടിപ്പിച്ചിരുന്നതായും നാളെ വിളിച്ചാല്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കാമെന്നും ചാറ്റില്‍ പറയുന്നുണ്ട്.