ഏതാനും വർഷങ്ങൾക്ക് മുന്പാണ്; കോഴിക്കോട്ടെ സ്പോർട്സ് കൗൺസിൽ ഓഫീസിലേക്ക് അനിത എന്ന ഉദ്യോഗസ്ഥയെ തേടി ചെറുപ്പക്കാരനായ ഒരു പത്രപ്രവർത്തകനെത്തി. അവരുടെ ഒരു അഭിമുഖം വേണമെന്നതായിരുന്നു അയാളുടെ ആവശ്യം.
ഒരു അഭിമുഖം നൽകാൻ പോയിട്ട് ആരെയെങ്കി ലും ഒന്ന് അഭിമുഖീകരിക്കാൻ പോലുമുള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല അവരപ്പോൾ. അതുകൊണ്ടുതന്നെ ആ ആവശ്യം അവർ നിരസിച്ചു. അന്ന് നിരാശയോടെ ഇറങ്ങിപ്പോയെങ്കിലും വർഷങ്ങൾക്കിപ്പുറം അവർക്കായി ജീവിതത്തിലെ ഏറ്റവും വലിയ സമ്മാനങ്ങളിലൊന്ന് അയാൾ അണിയിച്ചൊരുക്കി.
കാൽപ്പന്തുകളിയിൽ ഒരിക്കൽ മലയാളികളുടെയും ഇന്ത്യക്കാരുടെയും ആശയും ആവേശവുമായിരുന്ന വി.പി.സത്യന്റെ ഐതിഹാസിക ജീവിതം ക്യാപ്റ്റൻ എന്ന പേരിൽ അഭ്രപാളികളിൽ സാക്ഷാത്കരിച്ചുകൊണ്ടാ യിരുന്നു അത്. അന്നത്തെ ആ പത്രപ്രവർത്തകനാണ് ക്യാപ്റ്റൻ എന്ന സിനിമയുടെ സംവിധായകനായ ഇന്നത്തെ പ്രജേഷ് സെൻ. അനിത, വി.പി. സത്യന്റെ ഭാര്യ അനിത സത്യനും!
ആ കഥ പറയുന്പോൾ അനിതയുടെ മുഖത്ത് ഇന്നും ഒരു വിഷമമുണ്ട്. അന്നു പക്ഷെ, പ്രജേഷിനെ നിരസിക്കുകയല്ലാതെ അവർക്ക് വേറെ നിർവാഹമില്ലായിരുന്നു. വി.പി.സത്യന്റെ വിധവ എന്ന നിലയിൽ സ്പോർട്സ് കൗൺസിലിൽ ജോലി കിട്ടി കോഴിക്കോട് എത്തിയിട്ട് അധിക നാളുകളായിട്ടില്ല.
ദുരന്തവും ദുരിതവും ദുഃഖവും മാനസികമായി വേട്ടയാടിക്കൊണ്ടിരുന്ന ആ കാലത്ത് ആരെയും കാണാനോ സംസാരിക്കാനോ അവർ ആഗ്രഹിച്ചിരുന്നില്ല. എല്ലാത്തിൽ നിന്നും ഒഴിഞ്ഞുനിന്ന് ഏക മകൾ ആതിരയെ എങ്ങനെയും വളർത്തി വലുതാക്കി ഒരു നിലയിലെത്തിക്കണമെന്ന ചിന്ത മാത്രമായിരുന്നു അവർക്കപ്പോൾ.
പക്ഷെ, വി.പി.സത്യൻ എന്ന ഇന്ത്യയുടെ എക്കാലത്തേയും വലിയ സ്റ്റാർ പ്ലെയർ ജീവിതത്തിന്റെ ഗ്രൗണ്ടിൽ നിന്നും അപ്രതീക്ഷിതമായ ഒരു നിമിഷം ചുവപ്പു കാർഡ് കാണാതെ പുറത്തു പോയപ്പോൾ അതിനെ ചുറ്റിപ്പറ്റി ഉയർന്നു വന്നത് നൂറുകൂട്ടം ഉൗഹാപോഹങ്ങളാണ്.
അതിന്റെ നെല്ലും പതിരും വേർതിരിച്ച് സത്യനെക്കുറിച്ചുള്ള സത്യം പുറത്തു കൊണ്ടുവരാൻ അനിതയ്ക്കപ്പോൾ ഒരു പിടിവള്ളി ആവശ്യമായിരുന്നു. അതിനെന്തു വഴി എന്നാലോചിച്ച് ഇരിക്കുന്പോഴാണ് ഒരിക്കൽ നിരാശപ്പെടുത്തി പറഞ്ഞയച്ച പ്രജേഷ് സെൻ വീണ്ടും അഭിമുഖത്തിനായി അവരെ സമീപിക്കുന്നത്. അതൊരു നിമിത്തമായിട്ടാണ് അപ്പോൾ അനിതയ്ക്ക് തോന്നിയത്.
അയാളിലൂടെ തനിക്ക് പറയാനുള്ളത് പൊതുസമൂഹത്തോട് പറയാൻ കഴിയുമെന്ന് അനിത കണക്കുകൂട്ടി. അതുകൊണ്ടു തന്നെ ഇക്കുറി അവർ ആ ചെറുപ്പക്കാരനെ നിരാശപ്പെടുത്തിയില്ല. വി.പി.സത്യൻ എന്ന കളിക്കാരനെക്കുറിച്ച്, ഭർത്താവിനെക്കുറിച്ച്, വ്യക്തിയെക്കുറിച്ച്, സ്നേഹസന്പന്നനായ കുടുംബനാഥനെക്കുറിച്ച് വ്യക്തമായ യാഥാർഥ്യങ്ങൾ അവർ കണ്ണീരിന്റെ നനുത്ത ചൂടു വീണ് വിറയ്ക്കുന്ന വാക്കുകളോടെ അയാളോട് പറഞ്ഞു.
സത്യന്റെ മരണകാരണങ്ങൾ അസത്യവും അബദ്ധവും ചേർത്ത് ആഘോഷിച്ചവർക്ക് മുന്പിൽ പ്രജേഷ് സെൻ അക്ഷരങ്ങളിലൂടെ സത്യം, സത്യസന്ധമായി തന്നെ തുറന്നെഴുതി. അദ്ദേഹത്തക്കുറിച്ച് അന്നുവരെ പരന്നിരുന്ന പൊതു ധാരണകൾ ആ ഫീച്ചർ പൊളിച്ചെഴുതി. അതോടെ എതിരാളികളിൽ വലിയൊരു വിഭാഗത്തിന്റെ വായ അടഞ്ഞു. അനിതയ്ക്കത് വലിയ ആശ്വാസവുമായി.
പക്ഷെ, ഫീച്ചർ ചെയ്തു കഴിഞ്ഞപ്പോഴും സത്യനെക്കുറിച്ചുള്ള ഓർമകൾ തന്നെ വല്ലാതെ ഹോണ്ട് ചെയ്യുന്നതായി പ്രജേഷ് സെൻ പലപ്പോഴും അനിതയോട് പറഞ്ഞു. ഫീച്ചറിൽ പറഞ്ഞതിനേക്കാൾ കൂടുതൽ കാര്യങ്ങൾ അദ്ദേഹത്തെക്കുറിച്ച് മലയാളികളെ അറിയിക്കേണ്ടതുണ്ടെന്ന തോന്നൽ അപ്പോഴേക്കും പ്രജേഷിൽ ശക്തമായി. സത്യനെക്കുറിച്ച് ഒരു പുസ്തകമെഴുതിയാലോ എന്ന ചിന്തയുമായി പ്രജേഷ് അനിതയെ സമീപിച്ചു. അവരതിന് സർവ പിന്തുണയും നൽകി ഒപ്പം നിന്നു. വി.പി.സത്യൻ എന്ന പേരിൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടാണ് ആ കൊച്ചു പുസ്തകം പുറത്തിറക്കിയത്.
സത്യന്റെ വലിയ സ്വപ്നങ്ങളിലൊന്നായിരുന്നു കാര്യക്ഷമമായ ഒരു ഇന്ത്യൻ ഫുട്ബോൾ ടീം എന്നത്. മത്സരങ്ങളിൽ പങ്കെടുക്കാൻ ഇന്ത്യക്ക് വെളിയിൽ പോകുന്പോൾ ആ രാജ്യങ്ങളിലൊക്കെ ദേശീയ ടീമുകളിലേക്ക് കളിക്കാരെ തെരഞ്ഞെടുക്കുന്നത് എങ്ങനെ എന്ന് അദ്ദേഹം സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നു. കഴിവുള്ള കുട്ടികളെ ചെറുപ്രായത്തിൽ തന്നെ തെരഞ്ഞെടുത്ത് മികച്ച പരിശീലനം നൽകി വളർത്തിയെടുക്കുകയാണ് വേണ്ടത് എന്നദ്ദേഹം എപ്പോഴും പറയുന്നത് അനിത ശ്രദ്ധിച്ചിരുന്നു.
അത് സാക്ഷാത്കരിക്കാനായി 2013-ൽ കോഴിക്കോട്ട് വി.പി.സത്യൻ സോക്കർ സ്കൂൾ എന്ന പേരിൽ കുട്ടികൾക്കായി ഒരു ഫുട്ബോൾ ക്ലബ് ആരംഭിച്ചു. അനിത സത്യൻ പ്രസിഡന്റ്. സണ്ണി എ.ജെയാണ് സെക്രട്ടറി. കേരള സ്പോർട്സ് കൗൺസി ൽ പ്രസിഡന്റ് കെ.ജെ. മത്തായി ക്ലബിന്റെ രക്ഷാധികാരിയാണ്. പല പ്രായത്തിലുള്ള ഇരുന്നൂറോളം കുട്ടികൾ അവിടെ വിജയകരമായി പരിശീലനം പൂർത്തിയാക്കുകയും വിവിധ ക്ലബ്ബുകൾക്കുവേണ്ടി ഇപ്പോൾ കളിക്കുകയും ചെയ്യുന്നുണ്ട്. പുതിയ ബാച്ചുകൾ വന്നുകൊണ്ടിരിക്കുന്നു.
എൺപതുകളിലും തൊണ്ണൂറുകളിലും കാൽപ്പന്തു കളിക്കാരുടെ സ്വപ്നനായകനായിരുന്ന വി.പി. സത്യനെക്കുറിച്ച് പുതിയ തലമുറയ്ക്ക് എന്തറിയാം? കണ്ണൂർ ജില്ലയിലെ ചൊക്ലിക്കടുത്തുള്ള മേക്കുന്ന് എന്ന ഗ്രാമത്തിൽ ജനിച്ച്, കണ്ണൂരിലെ പോലീസ് മൈതാനിയിൽ കളിച്ചു വളർന്ന് പിന്നീട് ലക്കി സ്റ്റാർ ക്ലബിലും തുടർന്ന് 1984-ൽ കേരളാ പോലീസ് ടീമിലും എത്തിയ അതുല്യ കളിക്കാരൻ.
1985-ൽ ഇന്ത്യൻ ടീമിനെ പ്രതിനിധീകരിച്ചുകൊണ്ട് ധാക്കയിൽ സാഫ് ഗെയിംസിൽ പങ്കെടുത്തു. 1986-ൽ തിരുവനന്തപുരത്ത് ഇന്ത്യക്കുവേണ്ടി നെഹ്റു കപ്പിൽ കളിച്ചു. അതേ വർഷം സിയൂൾ ഏഷ്യൻ ഗെയിംസിലും പങ്കെടുത്തു. ആ വർഷം മലേഷ്യയിൽ നടന്ന മെർഡെക്കാ കപ്പ് മത്സരത്തിന്റെ ക്വാർട്ടർ ഫൈനലിൽ ഗ്രൗണ്ടിന്റെ ഏകദേശം 32 മീറ്റർ ദൂരേ നിന്ന് അദ്ദേഹം തൊടുത്തുവിട്ട പന്ത് അവിശ്വസനീയമാം വിധം ദക്ഷിണ കൊറിയയുടെ ഗോൾ വല കുലുക്കിയപ്പോൾ അത് ഫുട്ബോളിന്റെ ചരിത്രത്തിലെ തന്നെ അദ്ഭുത ഗോളുകളിലൊന്നായി സ്ഥാനം പിടിക്കുകയായിരുന്നു.
1989-90, 1990-91 വർഷങ്ങളിൽ തുടർച്ചയായി കേരള പോലീസ് ഫെഡറേഷൻ കപ്പ് നേടുന്നതിൽ അദ്ദേഹം സുപ്രധാന പങ്കുവഹിച്ചു. 1991-ൽ ഇന്ത്യൻ ടീം ക്യാപ്റ്റൻ എന്ന നിലയിൽ ലോകകപ്പ് യോഗ്യതാ മത്സരത്തിനായി ബെയ്റൂട്ടിലും സിയൂളിലുമെത്തി. 1992-ൽ കോയന്പത്തൂരിൽ വച്ചു നടന്ന സന്തോഷ് ട്രോഫി ഫുട്ബോൾ മത്സരത്തിൽ നീണ്ട 19 വർഷങ്ങളുടെ ഇടവേളയ്ക്കുശേഷം കേരളത്തിന് വിജയം നേടിക്കൊടുക്കുന്നതിൽ വി.പി. സത്യന്റെ നായകത്വം നിർണായകമായിത്തീർന്നു.
1995-ൽ ചെന്നൈയിൽ നടന്ന സാഫ് ഗെയിംസ് ഫുട്ബോൾ മത്സരം സത്യന്റെ ക്യാപ്റ്റൻസി തന്ത്രങ്ങളിൽ വിജയിച്ച് ഇന്ത്യക്ക് ഒരു സ്വർണ മെഡൽ സമ്മാനിക്കുകയുണ്ടായി. ആദ്യം കളിക്കാരനായി ഇന്ത്യൻ ടീമിൽ ഇടംപിടിക്കുകയും പിന്നീട് 5 വർഷക്കാലം ക്യാപ്റ്റനായി ദേശീയ ഫുട്ബോൾ ടീമിനെ നയിക്കുകയും മിന്നുന്ന പ്രകടനങ്ങളിലൂടെ രാജ്യത്തിന്റെ മാനം, വാനോളം ഉയർത്തുകയും ചെയ്ത കരുത്തനായ ഈ സെൻട്രൽ മിഡ് ഫീൽഡർക്ക് നാം എന്തു തിരിച്ചു നൽകി?
1995-ൽ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ ആ വർഷത്തെ മികച്ച കളിക്കാരനായി തെരഞ്ഞെടുത്തു എന്നതൊഴിച്ചാൽ മറ്റ് അർഹതപ്പെട്ട അംഗീകാരങ്ങളൊന്നും വി.പി.സത്യന് ലഭിച്ചിരുന്നില്ല എന്ന് വലിയ വേദനയോടെ അനിത ഓർക്കുന്നു. 2006 ജൂലൈ 18 ന്് 41-ാം വയസിലാണ് ചെന്നൈയിലെ പല്ലാവാരത്ത് വി.പി.സത്യൻ എന്ന ഫുട്ബോൾ പ്രതിഭയുടെ ജീവിതത്തിന് വിരാമം വീഴുന്നത്.
അദ്ദേഹത്തിന് മരണാനന്തര ബഹുമതിയായിട്ടെങ്കിലും അർജുന അവാർഡ് ലഭിക്കാൻ അനിത ഒരുപാട് ശ്രമിച്ചിരുന്നു. പക്ഷെ, ഓരോ നിസാര കാരണങ്ങൾ ചൂണ്ടിക്കാട്ടി അധികൃതർ അതൊക്കെ തള്ളിക്കളയുകയാണ് ഉണ്ടായത്. ഇന്നും അർജുന അവാർഡ് ജേതാക്കളുടെ ഫോട്ടോ ലിസ്റ്റ് കാണുന്പോൾ അതിലുണ്ടാകാൻ സർവഥാ യോഗ്യനായ സത്യന്റെ പടം മാത്രം ഇല്ലാതെ പോയത് ഉണങ്ങാത്ത ഒരു മുറിവിന്റെ നീറ്റലായി അവരുടെ മനസിൽ ബാക്കിനിൽക്കുന്നു.
ഇന്ത്യൻ ഫുട്ബോളർ എന്ന ദേശമഹിമയിൽ ഉറച്ച് വിശ്വസിച്ചിരുന്ന കളിക്കാരനായിരുന്നു വി.പി.സത്യൻ. ഖത്തറും, ചെക്കോസ്ലോവാക്യയും കോടികൾ കിലുക്കമുള്ള മോഹവിലയുമായി സമീപിച്ചപ്പോഴും ആ പ്രലോഭനങ്ങളിലൊന്നും വീഴാതെ താൻ അണിയുന്ന ജേഴ്സി ഇന്ത്യക്കുവേണ്ടി മാത്രമുള്ളതായിരിക്കുമെന്ന് ചങ്കുറപ്പോടെ തുറന്നുപറയാനും അദ്ദേഹം മടിച്ചില്ല.
അങ്ങനെ ഫുട്ബോളിനെ അതിരുവിട്ട് പ്രണയിക്കുകയും അതിനായി ജീവിതം തന്നെ ഉഴിഞ്ഞുവയ്ക്കുകയും ചെയ്ത സത്യനെ പക്ഷേ, നിർഭാഗ്യങ്ങൾ നിർബാധം പിന്തുടർന്നു. തനിക്കർഹതപ്പെട്ട അംഗീകാരങ്ങളിൽ പലതും പല രും നേടിയെടുക്കുന്നത് പലപ്പോഴും അദ്ദേഹത്തിന് നിസഹായനായി നോക്കിനിൽക്കേണ്ടി വന്നിട്ടുണ്ട്.
അതിനൊപ്പം അധികാരികളാൽ നിരന്തരം അവഗണിക്കപ്പെടുകയും അവഹേളിക്കപ്പെടുകയും ചെയ്തു. അവസാനകാലത്ത് സത്യനെ കടുത്ത മാനസിക സംഘർഷങ്ങളിലേക്ക് തള്ളിയിടുന്നതിൽ ഇതൊക്കെ കാരണങ്ങളായിത്തീർന്നിട്ടുണ്ട് എന്ന് അനിത വിശ്വസിക്കുന്നു. കഴിവുള്ള ഒരു ഫുട്ബോളറെ ഇന്ത്യയിലെ സാഹചര്യങ്ങൾ എങ്ങനെ കഴിവുകെട്ടവനായിത്തീർക്കുന്നു എന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് വി.പി. സത്യൻ. അത് പുതിയ തലമുറയെക്കൂടി ബോധ്യപ്പെടുത്തുന്നതിന് എന്തു വഴി എന്ന ചിന്ത ഇടയ്ക്ക് വന്ന് അനിതയെ വല്ലാതെ അലട്ടി.
പ്രജേഷ് സെന്നിനെക്കുറിച്ച് അപ്പോൾ വിവരമൊന്നുമില്ല. ഇടയ്ക്കെപ്പോഴെങ്കിലും വിളിക്കും. അതിനിടയിൽ അയാൾ പത്രത്തിലെ ജോലി വിട്ടു എന്നറിഞ്ഞു. ഒരിക്കൽ വിളിച്ചപ്പോൾ പ്രജേഷ് പറഞ്ഞത് താൻ സിദ്ധിക്കിന്റെ കൂടെ സംവിധാന സഹായിയായി സിനിമാ മേഖലയിലുണ്ട് എന്നാണ്.
ഫുട്ബോൾ കളിയോടെന്നപോലെ അനിതയ്ക്ക് സിനിമകളും ഏറെ ഇഷ്ടമാണ്. ജോലി ചെയ്യുന്നതിനിടയിലെ ഏതോ ഒരു ഒഴിവു നേരത്തെ ഏകാന്ത നിമിഷങ്ങളിലൊന്നിൽ സത്യേട്ടനെക്കുറിച്ച് ഒരു സിനിമ ഉണ്ടായാൽ നല്ലതായിരിക്കില്ലേ എന്നും അനിത ആലോചിച്ചിരുന്നു. എന്നാൽ അതൊന്നും അത്രപെട്ടെന്ന് നടക്കുന്ന കാര്യങ്ങളല്ലെന്ന് ചിന്തിച്ചപ്പോൾ മനസിനെ സ്വയം തിരുത്തി പിൻതിരിഞ്ഞു.
പക്ഷെ, പെട്ടെന്നൊരു ദിവസം പ്രജേഷ് സെൻ അവർക്ക് മുന്നിൽ വീണ്ടും പ്രത്യക്ഷപ്പെട്ടു. ഒരു ദൈവദൂതനെപ്പോലെ അവതരിച്ചു എന്നാണ് അതിനെക്കുറിച്ച് അനിത പറഞ്ഞത്. അവരുടെ മനസറിഞ്ഞിട്ടെന്നപോലെ അദ്ദേഹം ചോദിച്ചു, സത്യേട്ടനെക്കുറിച്ച് നമുക്കൊരു സിനിമ ചെയ്താലോ? ഒരു നിമിഷം അനിത സ്തംഭിച്ചു നിന്നു. പ്രജേഷ് നല്ല ആവേശത്തിലായിരുന്നു.
ഒട്ടും പ്രതീക്ഷയില്ലെങ്കിലും അനിത സമ്മതം മൂളി. പിന്നെയെപ്പോഴോ കഥാ ചർച്ചകൾ തുടങ്ങി. സത്യനെക്കുറിച്ച് വേറിട്ട കുറേ കാര്യങ്ങൾ സിനിമയ്ക്കായി അനിതയും പറഞ്ഞുകൊടുത്തു. കഥയുടെ ഒരു ഏകദേശ രൂപമായപ്പോൾ പ്രജേഷ് തിരക്കഥയൊരുക്കാൻ തുടങ്ങി. മുൻകാല അനുഭവങ്ങളിൽനിന്നും പ്രജേഷ് സത്യനെ മോശമായൊന്നും ചിത്രീകരിക്കില്ല എന്നൊരു വിശ്വാസം അനിതയ്ക്കുണ്ടായിരുന്നു. അതുകൊണ്ടു തന്നെ തിരക്കഥയൊന്നും കാര്യമായി വായിച്ചില്ല. എല്ലാം പ്രജേഷിന്റെ സ്വാതന്ത്ര്യത്തിനു വിട്ടുകൊടുത്തു.
വി.പി. സത്യൻ എന്ന ഫുട്ബോളറുടെ ജീവിതകഥ പറയുന്ന ക്യാപ്റ്റൻ സിനിമയുടെ ഷൂട്ടിംഗ് കോഴിക്കോട്ടും പരിസരത്തും ഒക്കെ വന്നപ്പോൾ മിക്കവാറും ദിവസങ്ങളിൽ അനിത പോയി കണ്ടിരുന്നു. തന്റെ സ്വഭാവവിശേഷങ്ങളും മാനറിസങ്ങളും നന്നായി മനസിലാക്കിയ സംവിധായകൻ പ്രജേഷ് സെന്നിന്റെ നിർദേശങ്ങൾ അണുവിട തെറ്റാതെ ഒപ്പിയെടുത്ത് അനു സിത്താര എന്ന നടി അതിസമർഥമായി പകർന്നാടിയപ്പോൾ അനിത അതിശയം കൊണ്ട് വീർപ്പുമുട്ടിപ്പോയി.
ഷൂട്ടിംഗ് കാണുന്ന വേളയിൽ പലപ്പോഴും അനു, താൻ തന്നെയാണ് എന്നു തോന്നിപ്പോയ നിമിഷങ്ങളും അനിതയ്ക്കുണ്ട്. അന്നേരം നഷ്ടപ്പെട്ട ഏതൊക്കെയോ ഓർമകളുടെ തിരത്തല്ലലിൽ തന്റെ കണ്ണുകൾ ഈറനണിയുന്നതും അവർ അറിഞ്ഞു.
വി.പി. സത്യനായി വേഷപ്പകർച്ച നടത്താൻ മനസും ശരീരവും കൊണ്ട് ജയസൂര്യ നടത്തിയ പരീക്ഷണങ്ങളും പരിശീലനങ്ങളും അതികഠിനമായിരുന്നു എന്ന് അനിത സാക്ഷ്യപ്പെടുത്തുന്നു. ആ കഥയുമായി പ്രജേഷ് സെൻ ജയസൂര്യയെ സമീപിക്കുന്പോൾ സത്യൻ എന്ന ഫുട്ബോളറെക്കുറിച്ച് അദ്ദേഹത്തിന് ഒന്നും അറിയില്ലായിരുന്നു. അദ്ദേഹം ഒരിക്കലും ഫുട്ബോൾ കളിച്ചിട്ടുമില്ല.
പക്ഷേ, കഥ കേട്ടപ്പോൾ അതിൽനിന്നും ഒന്നാന്തരം ഒരു സിനിമ പിറക്കും എന്നൊരു ഉൾവിളി ജയസൂര്യക്കുണ്ടായി. അദ്ദേഹം കൊച്ചിയിലെ തേവര എസ്.എച്ച്.കോളജ് ഗ്രൗണ്ടിൽ അതികാലത്തെ ചെന്ന് മാസങ്ങളോളം ഫുട്ബോൾ പരിശീലനം നടത്തി. വ്യായാമം ചെയ്ത് തടി കുറച്ചു.
വി.പി.സത്യനെക്കുറിച്ച് കൂടുതൽ മനസിലാക്കാൻ ജയസൂര്യ അദ്ദേഹത്തിന്റെ നാടായ മേക്കുന്നിൽവരെ എത്തി. അനിതയും ഒപ്പം നാട്ടിലെ വി.പി.സത്യൻ മെമ്മോറിയൽ ട്രസ്റ്റിന്റെ ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ തുടങ്ങിയവരും അദ്ദേഹത്തിന് എല്ലാ സഹായവും നൽകി കൂടെനിന്നു.
തറവാട്ടിൽ സത്യൻ ഉപയോഗിച്ച കട്ടിൽ, മേശ, കസേര, പെട്ടി, എഴുതിയ കത്തുകൾ, അലമാര, ഉപയോഗിച്ച നീല നിറമുള്ള ജാക്കറ്റ് (അത് സിനിമയിൽ അതേപടി ഉപയോഗിച്ചിട്ടുണ്ട്) അങ്ങനെ ഓരോന്നും കണ്ടും തൊട്ടും അറിഞ്ഞും അനുഭവിച്ചും ജയസൂര്യ അവിടെയൊക്കെ ചുറ്റിത്തിരിഞ്ഞു.
പിന്നെ കൂടെയുള്ള എല്ലാവരോടും ഒന്നു പുറുത്തിറങ്ങാൻ പറഞ്ഞ് അദ്ദേഹം സത്യന്റെ മുറിയിൽ കയറി കതകടച്ച് കട്ടിലിൽ കയറി ഒറ്റക്കിടത്തം. 11 വർഷങ്ങൾക്ക് മുന്പ് കളിക്കളവും ഈ ലോകവും വിട്ടുപോയ വി.പി.സത്യനെ മനസുകൊണ്ട് തന്നിലേക്ക് ആവാഹിക്കുകയായിരുന്നു അദ്ദേഹം.
അവിടെനിന്നും പുറത്തിറങ്ങിയ ജയസൂര്യ മറ്റൊരാളായിട്ടാണ് മടങ്ങിയത് – വി.പി.സത്യനായിട്ട്! സത്യേട്ടനെ എല്ലാ അർഥത്തിലും ഓർമപ്പെടുത്തുംവിധം അത്ര തൻമയത്വത്തോടെയാണ് ജയസൂര്യയുടെ അഭിനയപ്രകടനം എന്നാണ് അനിതയുടെ വിലയിരുത്തൽ.
സത്യനെ അനശ്വരനാക്കിയ ജയസൂര്യക്കു നന്ദി. ഒപ്പം അതിന് സാധ്യത തീർത്ത് വി.പി.സത്യന് നിത്യസ്മാരകംപോലെ ഒരു സിനിമ ഒരുക്കിയ സംവിധായകൻ പ്രജേഷ് സെന്നിനോടുള്ള നന്ദിയും കടപ്പാടും തനിക്ക് പറഞ്ഞു തീർക്കാനാവാത്തതാണ് എന്നും അനിത സമ്മതിക്കുന്നു.
ജീവിച്ചരിക്കെ അദ്ദേഹത്തിന് കിട്ടാത്ത ആദരവും അംഗീകാരവും ഇപ്പോൾ സിനിമയിലൂടെ ജനങ്ങളിൽനിന്നും ലഭിക്കുന്പോൾ അനിതയുടെ ആത്മനിർവൃതി ചെറുതല്ല. എവിടെയോ ഇരുന്ന് സത്യേട്ടന്റെ ആത്മാവും ഇതൊക്കെ കണ്ട് സന്തോഷിക്കുന്നുണ്ടാവും എന്നു പറയുന്പോൾ അനിതയുടെ വാക്കുകളിൽ ഗദ്ഗദം വന്നു നിറഞ്ഞു.
മിനീഷ് മുഴപ്പിലങ്ങാട്