പാമ്പുകടിയേല്ക്കുന്നതിലും മരിക്കുന്നതിലുമൊന്നും അസ്വാഭാവികതയില്ല. എന്നാല് ഒരു സ്ത്രീയെ 56 തവണ പാമ്പുകടിക്കുന്നത് ഒരുപക്ഷെ കേരള ചരിത്രത്തില് തന്നെ ആദ്യമായിരിക്കും. കോട്ടയം സ്വദേശിനിയായ അനിത എന്ന യുവതിയ്ക്കാണ് പലപ്പോഴായി, പലതരത്തിലുള്ള പാമ്പുകളുടെ കടിയേറ്റത്. നിരവധി തവണ മരണത്തെ മുഖാമുഖം കണ്ടു. പതിനഞ്ച് വയസിനിടെ സ്കൂളിലും പരിസരത്തുനിന്നുമായി നാലുതവണ കടിയേറ്റിട്ടുണ്ട്. കാല്, കൈ, തല, എന്തിനേറെ മുഖത്തുവരെ കടിയേറ്റിട്ടുണ്ട്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെയാണ് അനിതയ്ക്ക് കടിയേറ്റിട്ടുള്ളത്.
വീടിനുള്ളിലാണെങ്കില് പോലും പാമ്പ് കടിയേല്ക്കും. ഓണം പോലെയുള്ള വിശേഷദിവസങ്ങളില് പലപ്പോഴും ഒന്നും കഴിക്കാന് പോലും കഴിയാതെ പാമ്പ് കടിയേറ്റ് കിടന്നിട്ടുണ്ടെന്ന് പറയുന്നു അനിത. ഇനി അനിതയെ കടിക്കുന്ന പാമ്പുകളാവട്ടെ ഉഗ്ര വിഷമുള്ള മൂര്ഖന്, അണലി, മഞ്ചട്ടി, വളവളപ്പന് തുടങ്ങിയ ഇനങ്ങളും. ആറു വര്ഷം മുമ്പ് മൂര്ഖന്റെ കടിയേറ്റ് ഒരു വൈദ്യന്റെ ചികിത്സ തേടി. വൈദ്യര് ഒരു പ്രതീക്ഷയും ഇല്ലാതെയാണ് മരുന്നു കൊടുത്തത്. പിറ്റേന്ന് വൈദ്യരെപ്പോലും അമ്പരപ്പിച്ച് അനിത ജീവിതത്തിലേക്ക് തിരിച്ചുവന്നു. പക്ഷേ അന്ന് തന്നെ വീട്ടിലെ ഒരു പശു ചത്തു.
ഒരിക്കല് പുല്ല് ചെത്തുമ്പോള് മൂര്ഖന് തൊട്ടടുത്തു കൂടി പോവുന്നത് കണ്ടു. കുറച്ച് കഴിഞ്ഞപ്പോള് അനിത തലകറങ്ങി വീണു. താനറിയാതെ പാമ്പ് കടിച്ചിട്ട് പോയതാണെന്ന് പിന്നെയാണ് മനസിലായത്. സര്പ്പങ്ങള്ക്ക് തന്നോടുള്ള ശത്രുത നല്ല ബോദ്ധ്യമുള്ള അനിത എല്ലാ മാസവും മണ്ണാറശാല ക്ഷേത്രത്തില് സര്പ്പങ്ങള്ക്കുള്ള വഴിപാട് മുടക്കാറില്ല. ഒരു തവണ മുടങ്ങിയാല് പാമ്പ് വീട്ടിലെത്തുമെന്ന് അനിത ഭയപ്പെടുന്നു. വീട്ടിലെ മറ്റെല്ലാവരും സുരക്ഷിതരാണെന്നതാണ് അനിതയുടെ ആശ്വാസം. എന്നാല് ധാരാളം വളര്ത്തു മൃഗങ്ങളുള്ള അനിതയുടെ വീട്ടിലെ പശുവും ആടും നായയുമൊക്കെ പലവട്ടം പാമ്പുകടിയേറ്റ് ചത്തിട്ടുണ്ട്. ഇന്നേത് പാമ്പാണോ കടിക്കുന്നത് എന്ന ചിന്തയോടെയാണ് താനിപ്പോള് ഉണരുന്നതെന്നാണ് അനിത പറയുന്നത്.