കോട്ടയം: വനിതാ ദിനത്തിലും ഉരങ്ങളിലേക്കുള്ള യാത്രയിലാണ് കൂരോപ്പട ചേന്നാമറ്റം കൊച്ചുകൊട്ടാരത്തിൽ അനിതാ ഉണ്ണികൃഷ്ണന് എന്ന വീട്ടമ്മ. സ്ത്രീകൾക്ക് ഏതു ജോലിയുമാകാമെന്ന് അനിത തെളിയിക്കുന്നു.
എത്ര ഉയരത്തിലുള്ള തെങ്ങിലും അനിത മിനിറ്റുകൾക്കുള്ളിൽ കുതിച്ചു കയറും. അടുക്കളയിൽ കറിക്കരിയുന്നതുപോലെ കരിക്കിൻകുലകൾ വെട്ടിയിറക്കും.
സൈക്കിൾ ചവിട്ടുന്ന ലാഘവത്തോടെ ഓട്ടോ ഓടിച്ചു റോഡിലെത്തും. ദാഹിച്ചു വരുന്നവർക്കൊക്കെ കരിക്ക് വെട്ടി നൽകും. 47 കാരിയായ അനിത വീടു പോറ്റാൻ സാഹസിക അധ്വാനമാണ് നടത്തുന്നത്.
കോട്ടയം കുര്യൻ ഉതുപ്പ് റോഡിൽ കരിക്കു കച്ചവടവവും ജില്ലാ ആശുപത്രിക്കുസമീപം ഓട്ടോ ഓടിച്ചുമാണ് അനിത കുടുംബം പോറ്റുന്നത്. പുലർച്ചെ നാലിന് ഉണർന്ന് ഭർത്താവിനും കുട്ടികൾക്കുമുള്ള ഭക്ഷണം തയാറാക്കുന്നതുൾപ്പെടെയുള്ള വീട്ടുജോലികൾ പൂർത്തിയാക്കി അനിത ഓട്ടോ ഓടിച്ച് ടൗണിലെത്തും.
കുമരകം, പരിപ്പ് പ്രദേശങ്ങളിലെ തെങ്ങിൻ തോപ്പുകളിലെ തെങ്ങുകളിൽ കയറി കരിക്കുവെട്ടി ഓട്ടോയിൽ കയറ്റി തിരികെ ടൗണിലേക്കെത്തും. ഒരു ദിവസം 15 തെങ്ങുകളിൽ വരെ കയറും. രാവിലെ 11നു തുടങ്ങുന്ന കച്ചവടം വൈകുന്നേരത്തോടെ അവസാനിപ്പിക്കും.
ആദ്യം തൊഴിലാളികളെ ഉപയോഗിച്ചായിരുന്നു കരിക്ക് ശേഖരിച്ചത്. തൊഴിലാളികളെ കിട്ടാതായപ്പോൾ മറ്റൊന്നും ചിന്തിക്കാതെ തെങ്ങുകയറാൻ തീരുമാനിക്കുകയായിരുന്നു. ഭർത്താവിന്റെ സുഹൃത്തിന്റെ കൈയിൽനിന്നും വാങ്ങിയ തെങ്ങുകയറ്റ യന്ത്രവുമായി തെങ്ങുകയറ്റം പഠിക്കാനെത്തിയപ്പോൾ ആദ്യം എല്ലാവരും പരിഹസിച്ചെങ്കിലും അതൊന്നും കൂസാക്കാതെ അനിത ഉയരങ്ങളിലേക്ക് പതുക്കെ ചവിട്ടി കയറുകയായിരുന്നു. കരിക്ക് കച്ചവടത്തിനുശേഷം ഓട്ടോ ഓടിക്കാനും സമയം കണ്ടെത്തും. അഖിൽ, അഞ്ജന, അജയ് എന്നിവരാണ് മക്കൾ. ഓട്ടോ മുതൽ ജെസിബിവരെ ഓടിക്കാനുളള ലൈൻസും അനിതയ്ക്കുണ്ട്.