തൃശൂർ: കോർപറേഷൻ കണിമംഗലം വാർഡിലെ ജനങ്ങൾ ഇനി കണി കണ്ടുണരുക മിൽമ കവറുമായി എത്തുന്ന പാൽക്കാരിയെ അല്ല, തൃശൂരിന്റെ സാരഥിയെയാകും – സാരഥിയെന്നാൽ കോർപറേ ഷൻ മേയർ. എല്ലാദിവസവും രാവിലെ പാലുമായി എത്തുന്ന കൗണ്‍സിലർ അജിത വിജയനെ കാണുന്നതിൽ വാർഡിലെ വോട്ടർമാർക്കു പ്രത്യേകിച്ച് അദ്ഭുതമൊന്നുമുണ്ടായിരുന്നില്ല.
അതിരാവിലെ പാൽക്കാരി, പിന്നെ അങ്കണവാടി അധ്യാപിക. കഴിഞ്ഞ 18 വർഷമായുള്ള സ്ഥിരംകാഴ്ച. തീരുമാനത്തിനു മാറ്റമുണ്ടായില്ലെങ്കിൽ നാളെമുതൽ വീടുകളിൽ പാലെത്തിക്കുന്നതു തൃശൂർ കോർപറേഷൻ മേയറാകും. മറ്റാർക്കും ഇതുവരെ ലഭിക്കാത്ത ഭാഗ്യം ഇല്ലാതാക്കാൻ നിയുക്ത മേയർക്കു തീരെ താത്പര്യമില്ല.
സിപിഐ നേതാവ് വിജയന്റെ സഹധർമിണിയും സിപിഐ അംഗവുമായ അജിത വിജയനെ കോർപറേഷനിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മേയർസ്ഥാനാർഥിയായി മത്സരിപ്പിക്കാൻ കഴിഞ്ഞദിവസം ഒൗദ്യോഗികമായി തീരുമാനിച്ചിരുന്നു.
നിലവിൽ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണായ അജിത വിജയിക്കുമെന്നതിൽ സംശയമില്ല. ബിജെപി അംഗങ്ങൾ കഴിഞ്ഞതവണ മേയർ തെരഞ്ഞെടുപ്പിൽ വിട്ടുനിന്നതുപോലെ ഇത്തവണയും വോട്ടു ചെയ്യില്ലെന്നാണ് സൂചന. അതോടെ അജിത മേയറായി തെരഞ്ഞെടുക്കപ്പെടും.
രണ്ടാംതവണയാണ് അജിത വിജയൻ കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടത്. കൗണ്‍സിലറായി തുടരുമ്പോഴും സ്ഥിരമായി ചെയ്തുവരുന്ന ജോലികളൊന്നും ഒഴിവാക്കിയില്ല. പദവികൾക്കനുസരിച്ച് മനുഷ്യൻ മാറാൻ പാടില്ലെന്നാണ് നിലപാട്.
മേയറായിക്കഴിഞ്ഞാലും പതിവുപോലെ എല്ലാ ജോലികളും തുടരുമെന്ന് അജിത വിജയൻ ദീപികയോടു പറഞ്ഞു. മേയറായെന്നുവച്ച് പാൽവിതരണം നിർത്താൻ ഉദ്ദേശ്യമില്ല. പക്ഷേ, അങ്കണവാടി ടീച്ചറായി തുടരാൻ സാങ്കേതിക തടസമുണ്ടെന്നാണ് കേട്ടത്. അങ്ങനെയാണെങ്കിൽ അവധിയെടുക്കും.
പുലർച്ചെ നാലിന് ഉണർന്നു വീട്ടുജോലികളൊക്കെ ചെയ്യും. ഭർത്താവിന്റെ പേരിലാണ് മിൽമ ഏജൻസി. ഭർത്താവും പാൽവിതരണത്തിന് പോകുന്നുണ്ട്. പക്ഷേ, വേറെ മേഖലയിലേക്കാണെന്നു മാത്രം. അഞ്ചാകുമ്പോൾ തന്റെ ആക്ടീവ സ്കൂട്ടറിൽ സ്വന്തം വാർഡിലെ വീടുകളിലേക്ക് അജിത പാലുമായി ഇറങ്ങും.
ആദ്യമൊക്കെ ആറരയാകുമ്പോൾ വീട്ടിൽ തിരിച്ചെത്തുമായിരുന്നു. എന്നാൽ കൗണ്സിലറായതിൽപിന്നെ പാൽ കൊടുക്കുന്നതിനൊപ്പം പരാതിയും ആവശ്യങ്ങളും കൂടി കേട്ടുവരുമ്പോൾ പലപ്പോഴും ഏഴരയെങ്കിലും ആകും. തെരുവുവിളക്കു കത്തുന്നുണ്ടോ എന്ന പരാതി ആർക്കും പറയേണ്ടിവരില്ല. കാരണം പുലർച്ചെ പാലുമായി പോകുമ്പോൾ അറിയാം എവിടെയൊക്കെ ലൈറ്റുകൾ കണ്ണടച്ചുകിടക്കുന്നുവെന്ന്. ഏക മകൾ ആതിരയുടെ വിവാഹം കഴിഞ്ഞ ഒക്ടോബറിലായിരുന്നു.
യാദൃച്ഛികമായാണ് മത്സരരംഗത്തെത്തിയത്. ഭർത്താവ് മത്സരിച്ചിരുന്ന കണിമംഗലം വാർഡ് വനിതാ സംവരണമായതോടെയാണ് മത്സരിക്കാൻ നറുക്കുവീണത്. എൽഡിഎഫിലെ ആർ. ബിന്ദു മേയറായിരുന്ന കാലത്ത് ആദ്യമായി കൗണ്‍സിലിലെത്തി.
അന്നും വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണായിരുന്നു. കഴിഞ്ഞതവണ മത്സരിച്ചില്ല. അങ്കണവാടി ടീച്ചർമാർക്കു മത്സരിക്കാൻ പാടില്ലെന്ന നിയമം വന്നതോടെയാണ് മത്സരരംഗത്തുനിന്ന് പിൻമാറിയത്. എന്നാൽ ഇത്തവണ അങ്ങനെ നിയമമൊന്നുമില്ലാതിരുന്നതിനാൽ വീണ്ടും മത്സരിച്ചു ജയിച്ചു.
കോർപറേഷനിലെ വികസന പ്രവർത്തനങ്ങൾക്കു വേഗം കൂട്ടുകയെന്നതാണ് പ്രധാന ലക്ഷ്യമെന്ന് നിയുക്ത മേയർ പറഞ്ഞു. മേയറായാൽ ആദ്യമായി ചെയ്യാനുദ്ദേശിക്കുന്നതു കോർപറേഷനിൽ സ്ത്രീകൾക്കായി ഒരു ഫീഡിംഗ് മുറി ഉണ്ടാക്കുകയെന്നതാണ്. കുട്ടികളെ കൊണ്ടുവരുന്ന നിരവധി സ്ത്രീകളാണു കരയുന്ന കുട്ടികൾക്കു മുലപ്പാൽ കൊടുക്കാനായി വളരെയേറെ ബുദ്ധിമുട്ടുന്നത്. ഇതിന് പരിഹാരമുണ്ടാവും.
കല്ലുകൾ കരയാൻ പാടില്ലെന്നതാണ് സ്വന്തം നിലപാട്. മുൻമേയർ കല്ലിട്ട പല പദ്ധതികളും ഭരണസമിതിയുടെ കാലാവധി കഴിയുന്നതിനു മുമ്പുതന്നെ പൂർത്തിയാക്കാനുള്ള ശ്രമവും നടത്തും. എന്തു തന്നെയായാലും ഉപജീവനത്തിനുള്ള വഴികളും പിന്നിട്ട വഴികളും മറക്കാതെയാകും മേയറുടെ കസേരയിലിരിക്കുകയെന്ന് അജിത വിജയൻ പറഞ്ഞു.
പോൾ മാത്യു