ദുബായിലെ ടെലിഫോൺ ബൂത്തിൽ താമസമാക്കിയ മലയാളി യുവതിയെക്കുറിച്ചുള്ള കുറിപ്പോ വൈറലാകുന്നു.
ആലപ്പുഴ സ്വദേശിനി അനിതയാണ് രണ്ടുമാസത്തോളമായി ബർദുബൈ മ്യൂസിയം പള്ളിക്കടുത്തുള്ള ടെലിഫോൺ ബൂത്തിൽ കഴിയുന്നത്.
അഞ്ച് വർഷം മുൻപ് നിരവധി ആളുകൾ തൊഴിൽ ചെയ്യുന്ന യുഎഇയിലെ വലിയ കമ്പനിയുടെ ഒരു പാർട്ണർ ആയിരുന്നു അനിത.
കന്പനിയിലെ ചിലർ നടത്തിയ വലിയ സാന്പത്തിക തിരിമറിയാണ് ഇവരെ തെരുവിലാക്കിയത്.
പോസ്റ്റിന്റെ പൂർണരൂപം
മലയാളികളുടെ തിരുവോണ ദിവസവും അനിത ചേച്ചി ബർദുബായിലെ ഈ ടെലിഫോൺ ബൂത്തിനകത്തു തന്നെയാണുള്ളത് .
2 മാസത്തോളമായി ഇവരുടെ വീടും ലോകവും ബർദുബൈ മ്യൂസിയം പള്ളിക്കടുത്തുള്ള ഈ ടെലിഫോൺ ബൂത്താണ് . ഇവരുടെ ജീവിത കഥകൾ അടുത്തായി പല പത്ര മാധ്യമങ്ങളിലും വാർത്തയായി വന്നിരുന്നു .
കുറച്ചു സത്യങ്ങൾ ഉണ്ടെങ്കിലും വാർത്തകളിലെ പലതും വാസ്തവ വിരുദ്ധമാണ് .
ഞാൻ താമസിക്കുന്ന ഫ്ലാറ്റിന്റെ തൊട്ടു മുന്നിലും , സ്ഥിരമായി നിസ്കരിക്കാൻ പോകുന്ന പള്ളിയുടെ അടുത്തുമായതു കൊണ്ട് ഇവിടേ എത്തിയത് മുതൽ ഞാൻ ഈ ചേച്ചിയുടെ എല്ലാ കഥകളും മനസ്സിലാക്കിയിട്ടുമുണ്ട് .
ദുബായ് കോടതിയിൽ കേസ് നടക്കുന്ന വിഷയം ആയതിനാൽ കഥകളുടെ കൂടുതൽ കാര്യങ്ങൾ ഇവിടെ പറയാൻ പരിമിതികളുണ്ട്.
5 വർഷം മുൻപ് വരേ നിരവധി ആളുകൾ തൊഴിൽ ചെയ്യുന്ന UAE യിലെ വലിയ ഗ്രൂപ് ഓഫ് കമ്പനിയുടെ ഒരു പാർട്ണർ ആയിരുന്നു അനിത .
ഭർത്താവു ആയിരുന്നു വേറൊരു പാർട്ണർ . ഇലക്രോ മെക്കാനിക്കൽ , സ്റ്റീൽ പ്രൊഡക്ഷൻസ് , ഇലക്ട്രിക്കൽ ഐറ്റംസ് പ്രോഡക്റ്റ് ചെയ്യുന്ന GCC യിലെ തന്നെ മികച്ച ടേൺ ഓവർ ഉള്ള , സ്വന്തമായി ഫാക്ടറികളും , ഫ്ലാറ്റുകളും ഉണ്ടായിരുന്ന ഒരു വലിയ ബിസിനസ് ഗ്രൂപ്പിന്റെ ഉടമ .
തന്റെ കമ്പനിയിലെ വിവിധ ഡിപ്പാർട്മെന്റുകളിൽ ഉയർന്ന പോസ്റ്റുകളിൽ ഇരുന്ന ചിലർ , അനിതയും , ഭർത്താവും വിശ്വസിച്ചു നൽകിയ ചില അധികാരങ്ങൾ ദുരുപയോഗം ചെയ്തു നടത്തിയ ഭീമമായ സാമ്പത്തിക ക്രമക്കേടുകളാണ് വിവിധ ബാങ്കുകളുടെ കേസുകളായി മാറിയതും ഈ സഹോദരിയെ ഇന്ന് ഈയൊരവസ്ഥയിൽ എത്തിച്ചതും .
കോടതിയിൽ ഉള്ള കാര്യങ്ങൾ ആയതിനാൽ കേസിന്റെ വിശദാശങ്ങളൊന്നും ഇവിടേ ഇപ്പോൾ എഴുതുന്നില്ല. ദുബായ് കോടതിയിൽ നിന്ന് ഇതുവരെ അവർക്കു നീതി ലഭിച്ചിട്ടുണ്ട് . ഇനിയുള്ള കേസുകളിലും അവർക്കു നീതി ലഭിക്കുക തന്നെ ചെയ്യും .
മുഴുവൻ കേസുകളും തീർപ്പായി കഴിഞ്ഞിട്ടുമില്ല . “ദുബായ് കോടതിയിൽ നിന്ന് തനിക്കു നീതി ലഭിക്കുമെന്നും , തന്നെ ചതിച്ചവരെ എല്ലാം ഒരു കാലം മറ നീക്കി പുറത്തു കൊണ്ട് വരുമെന്നും അവർ ഉറപ്പിച്ചു പറയുന്നു.
” അനിതയോട് നേരിട്ടു സംസാരിക്കുന്നവരോടെല്ലാം അവർ പറയുന്നുണ്ട് ” ഭർത്താവ് എന്നെ ചതിച്ചതല്ല എന്നും , തന്നെയും അദ്ദേഹത്തെയും ഒരുമിച്ചു പറ്റിച്ചാണ് ചിലർ തങ്ങളുടെ ജീവിതം ഈയൊരവസ്ഥയിലേക്കു എത്തിച്ചത് എന്നും അവർ കൃത്യമായി പറയുന്നുണ്ട് .
എന്തായാലും സത്യം ഒരു കാലം പുറത്തു വരിക തന്നെ ചെയ്യും .
50 ഡിഗ്രിയിലധികം ചുട്ടു പൊള്ളുന്ന ഈ ചൂടിൽ ദുബായിലെ തെരുവിൽ ഇരുന്നു അവർ ഇപ്പോൾ നടത്തുന്നത് ഒരു പ്രതിഷേധമാണ് .
അതൊരു പോരാട്ടം കൂടിയാണ് . ആരുടേയും ഔദാര്യം അവർ ഇപ്പോൾ സ്വീകരിക്കുന്നില്ല .
നന്മമനസ്സുള്ള ദുബായ് പോലീസ് നൽകുന്ന പണവും ഭക്ഷണവും , തൊട്ടടുത്ത പള്ളിയിൽ നിന്ന് ലഭിക്കുന്ന ഭക്ഷണവും മാത്രമാണ് അനിത ഇപ്പോൾ കഴിക്കുന്നത് . മറ്റൊരാളും പണമോ ഭക്ഷണമോ അവർ സ്വീകരിക്കാറില്ല .
തന്റെ ജീവിതം ഈ പരുവത്തിലാക്കിയ സമൂഹത്തോട് ചേർന്നു നിൽക്കാൻ അവർക്കു ഇപ്പോളും സാധിക്കുന്നില്ല .
അവരുടെ ‘ ശരികൾ ‘ സമ്മതിച്ചു കൊടുക്കാനല്ലാതെ അവരുടെ കഥകൾ കേൾക്കുന്നവർക്ക് മറ്റൊന്നും വാദിക്കാൻ കഴിയാത്ത ദൈന്യതയും നിസ്സഹായതയുമാണ് അനിതയുടെ ജീവിതം .
തന്നെ തെരുവിലിറക്കിയവർ തന്നെ വന്നു എൻറെ നിരപരാധിത്വം തുറന്നു പറയണം എന്നാണു അവരുടെ പക്ഷം .
പക്ഷേ നഷ്ടപ്പെട്ട തന്റെ ജീവിതം , കുടുംബം , സ്വത്തുക്കൾ , 5 വർഷത്തോളമായി അനുഭവിക്കുന്ന ദുരിതങ്ങൾ , ഒറ്റപ്പെടൽ ഒന്നും അനിതക്ക് ഇനീ തിരിച്ചു നൽകാൻ ആർക്കും കഴിയില്ല.
ഇന്നലെ രാത്രി കുറേ സമയം ഞാൻ അനിതേച്ചിയുടെ അടുത്തിരുന്നു സംസാരിച്ചിരുന്നു .
‘നാളെ തിരുവോണമല്ലേ നമുക്ക് ഒരുമിച്ചൊരു സദ്യ കഴിച്ചൂടെ’ എന്ന എൻറെ ഇഷ്ടം ഞാൻ അനിതയോട് പറഞ്ഞപ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞത് കണ്ടു ഞാനും കരഞ്ഞു പോയി .
വലിയ നിലയിൽ ജീവിക്കേണ്ട ഒരു സ്ത്രീയെ ഈയൊരവസ്ഥയിലേക്കു എത്തിച്ചവർ ആരായാലും അവരൊന്നും അനഭവിക്കാതിരിക്കില്ല .
എന്നെ കാണുന്നത് തന്നെ അവർക്കു വലിയൊരാശ്വാസമാണ് . പലപ്പോഴും അടുത്തിരുന്നു സംസാരിക്കുമ്പോൾ ഒരു സ്വന്തം സഹോദരനെ പോലെ എന്നെ അവർ കാണുന്നു എന്നത് അവരുടെ കണ്ണുകളിൽ ഞാൻ കാണാറുണ്ട് .
ജീവിതത്തിൽ ഒറ്റപ്പെട്ടു പോകുന്നവർക്ക് , ഒന്നടുത്തിരുന്നു ഒരു വാക്കു കൊണ്ടെങ്കിലും ആരെങ്കിലുമൊക്കെ അവരെ പരിഗണിക്കുന്നു എന്ന് അവരെ തോന്നിപ്പിക്കുന്നത് ,
അവരെ ആശ്വസിപ്പിക്കുന്നത് , ഒരുപക്ഷേ അവരെ പുതിയൊരു ജീവിതത്തിലേക്ക് കൈ പിടിച്ചുയർത്താൻ അത് സാധിച്ചാൽ നമുക്ക് ജീവിതത്തിലെ വലിയ പുണ്യമായി അത് മാറും .
ആഘോഷങ്ങൾ എല്ലാ മനുഷ്യർക്കും ഉള്ളതാണ് . എല്ലാ മനുഷ്യരും എല്ലാ ആഘോഷങ്ങളിലും ആഹ്ലാദിക്കാൻ അർഹതപ്പെട്ടവരാണ് .
ഒറ്റപ്പെട്ടവരോടും , അരികുവത്കരിച്ചു നിർത്തപ്പെട്ടവവരോടും , ജീവിതദുരിതം അനുഭവിക്കുന്നവരോടും ഒപ്പമാവുമ്പോൾ നമ്മുടെ ആഘോഷങ്ങൾക്ക് പത്തരമാറ്റ് തിളക്കമാവും!
എല്ലാ മലയാളികൾക്കും എന്റെയും അനിതേച്ചിയുടെയും ഓണാശംസകൾ 💙
( അവരുടെ പ്രൈവസി പരസ്യപ്പെടാതിരിക്കാൻ അനിതയുടെ ഫോട്ടോ ഞാൻ ഇവിടേ കൊടുക്കുന്നില്ല .)