സ്വന്തം ലേഖകൻ
തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പു കേസിലെ പ്രതി മോൻസണ് മാവുങ്കലിന്റെ ഇടനിലക്കാരിയെന്ന ആരോപണം ഉയർന്ന അനിത പുല്ലയിൽ ലോക കേരളസഭയ്ക്കിടെ നിയമസഭയിലെത്തിയത് സഭാ ടിവിയ്ക്ക് സാങ്കേതിക സഹായം ഒരുക്കുന്ന കണ്‍സൾട്ടൻസി സ്ഥാപനത്തിലെ ജീവനക്കാരുടെ സഹായത്തോടെയെന്ന് ചീഫ് മാർഷലിന്റെ റിപ്പോർട്ട്.
സഭാ ടിവിയ്ക്ക് ഒടിടി പ്ലാറ്റ്ഫോം ഒരുക്കുന്ന ബിട്രെയിറ്റ് സൊല്യുഷൻസിലെ രണ്ടു ജീവനക്കാർ അനിത പുല്ലയിൽ നിയമസഭയിലുണ്ടായിരുന്ന മുഴുവൻ സമയവും ഒപ്പമുണ്ടായിരുന്നതായും സ്പീക്കർ എം.ബി. രാജേഷിനു കൈമാറിയ റിപ്പോർട്ടിൽ പറയുന്നു.
റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്വീകരിക്കുന്ന തുടർ നടപടികൾ സ്പീക്കർ ഇന്നു പ്രഖ്യാപിക്കുമെന്നാണു വിവരം.
27നു തുടങ്ങുന്ന നിയമസഭാ സമ്മേളന കാര്യങ്ങൾ വിശദീകരിക്കാൻ സ്പീക്കർ മാധ്യമ പ്രവർത്തകരെ കാണുന്നുണ്ട്.
അനിതയ്ക്ക് പിന്തുണ നൽകിയ ബിട്രെയ്റ്റ് സൊല്യുഷൻസുമായുള്ള കരാർ അവസാനിപ്പിക്കുന്നതും സജീവമായി പരിഗണിക്കുന്നുണ്ട്.
എന്നാൽ, ജൂലൈയിൽ കണ്സൾട്ടൻസിയുമായുള്ള കരാർ കാലാവധി അവസാനിക്കും. പിന്നീടു പുതുക്കി നൽകേണ്ടതില്ലെന്ന ആവശ്യവുമുണ്ട്.
എന്നാൽ, ഇപ്പോഴത്തെ ബജറ്റ് സമ്മേളനം തുടങ്ങാൻ ദിവസങ്ങൾ മാത്രം അവശേഷിക്കേ സാങ്കേതിക സഹായം നൽകുന്ന കൾസൾട്ടൻസി സ്ഥാപനത്തെ ഒഴിവാക്കുന്നത് ഏറെ ദോഷം ചെയ്യുമെന്ന അഭിപ്രായവും ഉയരുന്നു.
അനിത പുല്ലയിൽ ഓപ്പണ്‍ ഫോറത്തിൽ പങ്കെടുക്കാനുള്ള ക്ഷണകത്തു കാട്ടിയതിനെ തുടർന്നാണ് ഇവരെ സഭാമന്ദിരത്തിലേക്ക് കടത്തിവിട്ടതെന്നാണ് സുരക്ഷാ ജീവനക്കാരുടെ മൊഴി.
എന്നാൽ, ക്ഷണക്കത്ത് എവിടെ നിന്നു കിട്ടിയെന്നതിനെപ്പറ്റി റിപ്പോർട്ടിലില്ല.