ചെങ്ങന്നൂർ: ‘ആ കരൾ തന്റെ ശരീരത്തിൽ പുതു ജീവനായി വേരുപിടിച്ചു തുടങ്ങി. 2003-ൽ ഓട്ടോറിക്ഷ ഡ്രൈവിംഗിനിടെ മനസു കൈമാറി. പിന്നീട് കരളും…’
അനിതയെ ചേർത്തുനിർത്തി ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോൾ കളിയായി സുരേഷിന്റെ വാക്കുകൾ.
വൈദ്യശാസ്ത്രത്തിന്റെ കാവലിൽ സ്നേഹത്തിന്റെ കരുതലിന്റെ കൈമാറ്റ വിജയം. ഇരുവരും സാധാരണജീവിതത്തിലേക്ക്.
സ്നേഹമെന്നത് അഭിനയമല്ലെന്ന സന്ദേശവുമായി അവയവദാനത്തിന്റെ വക്താവായി മാറുകയാണിന്ന് ഇരുവരും.
ഇത് ചെങ്ങന്നൂർ ആലാ കൊച്ചുതുണ്ടിയിൽ പുത്തൻ വീട്ടിൽ പി.സി. സുരേഷും ഭാര്യ കെ.ടി. അനിതാകുമാരിയും.
ഭർത്താവ് സുരേഷിനു കരൾ പകുത്തുകൊടുത്തപ്പോൾ അനിതകുമാരി പഞ്ചായത്തിലെ ആദ്യ കരൾ ദാതാവായി.
ഇപ്പോൾ രണ്ടു കുട്ടികളുടെ അമ്മയും അച്ഛനുമൊക്കെയാണെങ്കിലും പ്രണയകാലത്തെക്കുറിച്ച് പറയുമ്പോൾ ഇരുവർക്കും നൂറുനാവാണ്.
രണ്ടുമൂന്നു വർഷത്തെ പ്രണയത്തിനുശേഷമാണ് അനിതകുമാരിയും പി.സി. സുരേഷും ഒന്നാകുന്നത്.
ഹയർ സെക്കൻഡറി പഠനം പൂർത്തിയാക്കി വെറുതെ നിൽക്കുമ്പോൾ ഒഴിവു സമയം ചെലവഴിക്കാൻ സുരേഷ് കണ്ടെത്തിയ മാർഗമായിരുന്നു ഓട്ടോ ഡ്രൈവറുടെ വേഷം.
അതിലൂടെ തരക്കേടില്ലാത്ത വരുമാനം കൂടി കിട്ടാൻ തുടങ്ങിയതോടെ ഓട്ടോറിക്ഷ തന്റെ ചെറിയ കുടുംബത്തിനും ഒരനുഗ്രഹമായി തോന്നി.
കർഷകത്തൊഴിലാളിയായ പിതാവ് ചെല്ലപ്പനും തന്റ ഓട്ടോ സർവീസ് കൈത്താങ്ങാകുകയായിരുന്നു.
പിന്നീടത് സ്ഥിരം തൊഴിലാക്കി.
അങ്ങനെ ഓട്ടോ യാത്രയ്ക്കിടെയാണ് അനിതയും സുരേഷും തമ്മിൽ കണ്ടുമുട്ടുന്നത്. 2005 ഏപ്രിൽ 19 – ന് വധു ഗൃഹത്തിൽ വച്ചായിരുന്നു വിവാഹം.
ഓട്ടോ റിക്ഷയിൽനിന്നുള്ള വരുമാനത്തിനു പരിമിതികളുണ്ടെങ്കിലും ഉള്ളതുകൊണ്ടു ഓണമായി കഴിയുമ്പോഴാണ് അവരുടെ ജീവിതത്തിന്മേൽ കരിനിഴൽ വീഴ്ത്തി സുരേഷ് കരൾരോഗ ബാധിതനാകുന്നത്.
2017 ഡിസംബറിൽ ആയിരുന്നു രോഗം സ്ഥിരീകരിച്ചത്. കരൾ മാറ്റിവയ്ക്കൽ അല്ലാതെ ജീവൻ രക്ഷിക്കാൻ മാർഗമില്ലെന്ന് ഡോക്ട്ടർമാർ വിധിയെഴുതി.
പിന്നെ കരളിനായി അന്വേഷണം. രണ്ടു വ്യത്യസ്ത രക്ത ഗ്രൂപ്പുകളായതിനാൽ തന്റെ കരളിനെക്കുറിച്ച് ആദ്യം അനിത ചിന്തിച്ചില്ല.
എന്നാൽ തന്റെ രക്തഗ്രൂപ്പ് യൂണിവേഴ്സൽ ഡോണറാണെന്ന് പിന്നീട് തിരിച്ചറിഞ്ഞപ്പോഴാണ് അനിത സ്വന്തം കരളിനെക്കുറിച്ച് ആലോചിച്ചത്.
പിന്നെ എല്ലാം അതിവേഗത്തിലായിരുന്നു. 2018 ജനുവരി 23ന് കരൾ മാറ്റിവച്ചു. ഒരുമാസത്തെ ബുദ്ധിമുട്ടുകൾ മാത്രമാണ് ഉണ്ടായത്.
മടങ്ങിവന്ന് നിലവിലുള്ള ചെറിയ ജോലിയിൽ തിരികെ പ്രവേശിച്ചു. ആരോഗ്യവകുപ്പിൽ സെക്കൻഡ് ഗ്രേഡ് താത്കാലിക ജീവനക്കാരിയാണ് അനിത. ഇപ്പോൾ മാവേലിക്കര ജില്ലാ ആശുപത്രിയിലാണ് ജോലി.
ഭാരിച്ച ചികിത്സാചെലവ് പ്രശ്നമായിരുന്നു. ശസ്ത്രക്രിയയ്ക്കും ആശുപത്രി ചെലവുകൾക്കും മാത്രമായി 24 ലക്ഷം രൂപയായി. പുറമെ പത്തു ലക്ഷത്തോളം രൂപ മറ്റു ചെലവുകൾക്കും വേണ്ടി വന്നു.
ചങ്ങനാശേരിയിലെ പ്രത്യാശ ചാരിറ്റബിൾ സംഘടനയും ആലാ പഞ്ചായത്തു സമിതിയുടെ നേതൃത്വത്തിൽ നാട്ടുകാരുമെല്ലാം കൈകോർത്തപ്പോൾ ചികിത്സയ്ക്കാവശ്യമായ തുക സ്വരൂപിക്കാനായി.
ഇപ്പോൾ നാല്പത്താറുകാരനായ സുരേഷ് ഇപ്പോൾ പതിയെ സാധാരണ ജീവിതത്തിലേക്ക് എത്തിക്കഴിഞ്ഞു.
എങ്കിലും ജീവിതകാലം മുഴുവൻ മരുന്നു കഴിക്കണം. ഇവർക്ക് രണ്ടു മക്കളാണ്: അവിനാശ് കെ.എസ്, അഭിഷേക് കെ.എസ്.