സിജോ ഡൊമിനിക്
ആലക്കോട്: അച്ഛന്റെ തിരക്കഥയില്‍ പതിനേഴുകാരിയായ മകള്‍ സംവിധാനം ചെയ്യുന്ന സിനിമ പ്രദര്‍ശനത്തിനെത്തുന്നു.
പോലീസ് ഓഫീസറായ ചപ്പാരപ്പടവ് പഞ്ചായത്തിലെ ചാണോക്കുണ്ട് സ്വദേശിഎന്‍.പി. അഗസ്റ്റിന്റെ തിരക്കഥയില്‍ പ്ലസ്ടു വിദ്യാര്‍ഥിയായ മകള്‍ അനിറ്റ അഗസ്റ്റിന് സംവിധാനം ചെയ്ത ‘മൂരി’ എന്ന സിനിമയാണ് പ്രദർശനത്തിനെത്തുന്നത്.
സാമൂഹിക പ്രതിബദ്ധത ഉണര്‍ത്തുന്ന നിരവധി ടെലിഫിലിമുകള്‍ സംവിധാനം ചെയ്ത അഗസ്റ്റിന്റെ അതേ പാത പിന്തുടരുകയാണ് മകള്‍ അനിറ്റയും.
മേക്കുന്നേല്‍ ഫിലിംസിന്റെ ബാനറില്‍ വില്‍സണ്‍ മേക്കുന്നേല്‍ ആണ് സിനിമ നിര്‍മിക്കുന്നത്. പി.ജെ. സാജന് ചായാഗ്രഹണവും മാഫിയ ശശി സംഘട്ടനവും ഒരുക്കുന്ന സിനിമയ്ക്ക് രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുണ്ട്.
17 ദിവസം കൊണ്ട് തൊടുപുഴ, കാളിയാര്‍, വണ്ണപ്പുറം, പോത്താനിക്കാട് എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ഷൂട്ടിംഗ്. സീമ ജി. നായര്‍, മധുസൂദനന് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു.
ഫ്രിഡോള്‍, തപസ്യ എന്നിവരാണ് നായക-നായിക വേഷങ്ങളിലെത്തുന്നത്. മില്ലേനിയം ഓഡിയോസിന്റെ രണ്ടു ഗാനങ്ങളും മാഫിയ ശശിയുടെ രണ്ടു സംഘട്ടനരംഗങ്ങളും ചിത്രത്തിലുണ്ട്.
പോസ്റ്റ് ഓഫ് പ്രൊഡക്ഷന്‍ ബാനറില്‍ അണിയിച്ചൊരുക്കുന്ന ചിത്രം കുട്ടികള്‍ക്കെതിരേയുള്ള ലൈംഗിക ചൂഷണമാണ് പ്രധാനമായും പ്രമേയമാക്കുന്നത്. ആറോളം ടെലിഫിലിമുകള്‍ സംവിധാനം ചെയ്തിട്ടുള്ള അനിറ്റയുടെ വേറിട്ട അനുഭവമാണ് സിനിമാനിര്‍മാണം.
പെയിന്‍ ഓഫ് ലൗ, ദി ഡോക്ടര്‍ തുടങ്ങി ശ്രദ്ധേയമായ ടെലിഫിലിമുകള്‍ അനീറ്റ നിര്‍മിച്ചിട്ടുണ്ട്. പ്ലസ് ടു സയന്‍സ് ഗ്രൂപ്പ് വിദ്യാര്‍ഥിയായ അനീറ്റയ്ക്ക് തിയേറ്റര്‍ ആര്‍ട്സ് ആന്‍ഡ് സൈക്കോളജിയിൽ തുടർപഠനം നടത്താനാണ് ആഗ്രഹം.
തൃപ്പൂണിത്തുറ കെഎപി ബറ്റാലിയന് എസ്ഐ അഗസ്റ്റിന് വര്‍ഗീസ് -ബിന്ദു ദമ്പതികളുടെ മകളാണ് അനിറ്റ. സഹോദരങ്ങള്‍: അക്ഷയ്, ആല്ഡ്രിന്.