കോഴഞ്ചേരി: പ്രളയത്തിന്റെ കുത്തൊഴുക്കിൽ ജീവിതമാർഗം നഷ്ടമായ കുടുംബത്തിന് കൈത്താങ്ങായി ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും സുഹൃത്തും. ഹൃദ് രോഗിയായ കുടുംബ നാഥനും കാൻസർ രോഗിയായ ഭാര്യയും മൂന്ന് പെൺമക്കളുമടങ്ങുന്ന കുടുംബത്തിന്റെ ഏക വരുമാനമായിരുന്നു കോഴഞ്ചേരി – റാന്നി റോഡിൽ കുട്ടികളുടെ ആശുപത്രിക്ക് സമീപമുള്ള പെട്ടിക്കട.
പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയായിരുന്ന തൊഴിലില്ലാത്തവർക്ക്ജീവനോപാധികളിൽ ഉൾപ്പെടുത്തി ആർഡിഒയുടെ അനുമതിയോടെ 2005 ലാണ് കടആരംഭിച്ചത്.ഇതിൽ നിന്നുള്ള തുച്ഛമായ വരുമാനം ഉപയോഗിച്ച് കുടുംബം പോറ്റുന്നതിനിടയിലാണ് കുടുംബ നാഥൻ കോഴഞ്ചേരി കുരങ്ങുമല ചരിവുകാലയിൽ സി.ജെ. അനിയന് ഹൃദ് രോഗം പിടിപെടുന്നത്.
ഇതിനുള്ള ചികിത്സക്കിടയിൽ ഭാര്യ ബീനാ ഭായി കാൻസർ ബാധിതയുമായി. വിദ്യാർഥികളായ മക്കളുമായി കടയുടെ വരുമാനത്തിൽ എല്ലാം നടത്തുന്നതിനിടയിലാണ് പ്രളയത്തിൽ കടയിൽ ഉണ്ടായിരുന്ന സാധനങ്ങൾ ഒഴുകിപ്പോയി. കടതോട്ടിലേക്ക് മറിഞ്ഞു വീഴുകയും ചെയ്തു.
ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി അനിയന് ജീവനോപാധി അനുവദിച്ച മുൻ പ്രസിഡന്റ് കെ.കെ. റോയിസൺ സഹായ വാഗ്ദാനം നൽകുകയായിരുന്നു. പ്രളയ ദുരിതാശ്വസ പ്രവർത്തങ്ങൾക്കിടയിലും ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് തന്നെ പഴയ കട പുതിയ രൂപത്തിൽ നിർമിച്ച് നൽകി.
കെപിസിസി നിർവാഹക സമിതിയംഗം കൂടിയായ റോയിസണ്‍ ഒപ്പം യൂത്തു കോൺഗ്രസ് തെക്കേമല ബൂത്തു പ്രസിഡന്റ്അക്കരക്കാലായും ചേർന്നാണ് ഒരു ലക്ഷത്തിൽ അധികം രൂപ ചെലവിൽ നിരാലംബകുടുംബത്തിന് ജീവിത മാർഗം നൽകിയത്.
കാലടി ശ്രീ ശങ്കര യൂണിവേഴ്സിറ്റിയിലെഎംഎ വിദ്യാർഥിയായ അനുഷ, ബിഎ വിദ്യാർഥിയായ അഖില മോൾ, പ്ലസ് ടുവിദ്യാർഥിയായ ആനിന എന്നിവരാണ് മക്കൾ. പുനരുദ്ധരിച്ച സ്ഥാപന ഉദ്ഘാടനം ഇന്നലെ കെ.കെ. റോയ്സൺ നിർവഹിച്ചു.