ഋഷി
ഇന്ന് ഇരുപത്തിയഞ്ചാം വിവാഹ വാർഷികമാണ്- സുധിയുടെയും മിനിയുടെയും!! ഒന്നിപ്പിക്കാൻ കൂട്ടുനിന്ന പ്രിയപ്പെട്ട പലരും ഇന്ന് കൂടെയില്ലെങ്കിലും ഇരുപത്തിയഞ്ചാം വാർഷികം ആഘോഷിക്കണം എന്നുതന്നെയാണ് സുധിയുടെയും മിനിയുടെയും മക്കൾ പറയുന്നത്.
സുധിയുടെ അച്ഛനും അമ്മയും, മിനിയുടെ വല്യമ്മച്ചിയും രണ്ടു ചേട്ടന്മാരും സ്വർഗത്തിലിരുന്ന് എല്ലാ ആശംസകളും നേരും..
ആഘോഷങ്ങളെല്ലാം വൈകിട്ടാണ്. ഇന്ന് രാവിലെ സുധിയും മിനിയും കുട്ടികളെയും കൊണ്ട് അന്പലത്തിലും പള്ളിയിലും പോയി.. കടന്നുപോയ പ്രിയപ്പെട്ടവർക്ക് വേണ്ടിയും ജീവിച്ചിരിക്കുന്നവർക്ക് വേണ്ടിയും പ്രാർത്ഥിച്ചു..
പിന്നെ നേരെ അവർ ചെന്നുകയറിയത് ആ ബുക്ക് ഷോപ്പിൽ ആയിരുന്നു. ലവ് ആൻഡ് ലവ് ഒണ്ലി എന്ന പുസ്തകം സുധിയും മിനിയും കണ്ടെടുത്ത ആ ബുക്ക് ഷോപ്പിൽ..
അവിടെവച്ച് അവർ ആ പുസ്തകം വീണ്ടും കണ്ടു. മക്കൾ അതെടുത്ത് കൗതുകത്തോടെ മറിച്ചുനോക്കി..പിന്നെ കോളേജിലേക്ക്..
ഒരു രാജമല്ലി വിടരുന്ന പോലെയായിരുന്നു നിന്റെ അമ്മയുടെ മുഖം ഞാൻ ആദ്യമായി കണ്ടത് എന്ന് സുധി മക്കളോട് പറയുന്പോൾ മിനി ചിരിച്ചു. നിന്റെയച്ഛനെയല്ല ആ സ്പ്ലെൻഡറിനെയാ കോളജിലെല്ലാവർക്കും ഇഷ്ടമെന്ന് മിനിയുടെ മറു കമന്റ്..
അപ്പോഴേക്കും വിളി വന്നു- മറൈൻ ഡ്രൈവിലെ കോഫീ ഷോപ്പിൽ അവർ കാത്തിരിക്കുന്നുവെന്ന്. രാധാമാധവനെന്ന രാധുവും ചിപ്പായിയും. അനിയത്തിപ്രാവിനെ സുധിയുടെ കൈകളിലേൽപ്പിക്കാൻ കൂട്ടും താങ്ങും തണലുമായി നിന്നവർ…
അവരില്ലാതെ എന്ത് വിവാഹവാർഷികാഘോഷം!!
കണ്ടയുടൻ ചിപ്പായി പറഞ്ഞു – മിനീ അന്നത്തെ പോലെ സുധിയുടെ ഗ്ലാസിൽ നിന്നെടുത്ത് വെള്ളം കുടിച്ചേക്കണേ…
അന്നത്തെ സീനൊക്കെ റീമേക്ക് ചെയ്യണ്ടേ…
ഇവിടെനിന്ന് നേരെ പോയത് ആ ഡാമിന്റെ വഴിക്കല്ലേ…സുധി രാധുവിനോടു ചോദിച്ചു. അതെ, ശ്യാമളയും കോമളനും തങ്കമ്മയും തങ്കപ്പനും കൂടിയുള്ള യാത്ര… അതും പറഞ്ഞ് രാധു ചിരിച്ചു., നിങ്ങൾക്കതൊക്കെ അറിയ്വോ മക്കളേ എന്നും ചോദിച്ച്..
നിങ്ങടെ അമ്മേടെ ചേട്ടൻമാരുടെ ഇടി കുറേ കൊണ്ടിട്ടുണ്ട് മക്കളേ ഞങ്ങളും നിന്റെയച്ഛനും – ചിപ്പായി കവിൾ തടവി ഓർമകളിലേക്ക് നീങ്ങി.
കുട്ടപ്പായി ചേട്ടൻ മുറിവിൽ സ്പിരിറ്റൊഴിച്ചതും പോലീസേമാൻ ഈയോ ഇടിച്ചു പപ്പടമാക്കിയതും വർക്കിച്ചേട്ടൻ ഒരു മയവുമില്ലാതെ തല്ലിച്ചതച്ചതുമൊക്കെ ഇന്നലെ കഴിഞ്ഞ പോലെയുണ്ട്….
ഇപ്പോഴും വേദന വിട്ടിട്ടില്ലെന്റെ മിനീ…. നമുക്ക് ചിപ്പായിയുടെ അപ്പനെ കാണാൻ പോണ്ടേ- സുധി ചോദിച്ചതും എല്ലാവരും എഴുനേറ്റു…ഇനി നേരെ ആ കടപ്പുറത്തേക്ക്…
അവിടെ തെങ്ങിൻ കള്ളുപോലെ ശുദ്ധമായ സ്നേഹവും നിറച്ച് ചെല്ലപ്പനുണ്ട്. ആ തുറയുടെ ചെല്ലനപ്പനാശാൻ…ആഴമറിയാത്ത കടലിന്റെയും അതിലേറെ നിഗൂഢമായ മനുഷ്യമനസിന്റെയും സ്പന്ദനങ്ങളറിഞ്ഞ ചെല്ലപ്പൻ….
ചെല്ലുന്പോൾ വല ശരിയാക്കുകയായിരുന്നു ചെല്ലപ്പനാശാൻ. പ്രായം 25 വർഷത്തിന്റെ മേയ്ക്കോവറുകൾ ചെയ്തിട്ടുണ്ടെങ്കിലും ആൾ ആക്ടീവാണ്.
കണ്ടയുടൻ ചേർത്തു പിടിച്ചു മിനിയേയും സുധിയേയും. പിന്നെ മക്കളേയും…ഓർമകൾ തിരമാല പോലെ മനസിന്റെ തീരത്തേക്ക് അലച്ചുവന്നു.
ഒളിച്ചോടിയെത്തിയതും കല്യാണ ഒരുക്കങ്ങളും പിന്നെ പിരിയാമെന്ന് തീരുമാനിച്ചതും അതിന്റെ പേരിൽ ചീത്തവിളിച്ചതും വഴക്കിട്ടതും പിന്നെ അതാണ് ശരിയെന്ന് തിരിച്ചറിഞ്ഞപ്പോൾ ചേർത്തുപിടിച്ച് ആശ്വസിപ്പിച്ചതുമെല്ലാം ഓർത്തെടുത്തു അവരെല്ലാം…
തിരികെ യാത്രയാക്കുന്പോൾ ചെല്ലപ്പേട്ടൻ വീണ്ടും പറഞ്ഞു -ഇപ്പോൾ 25 വർഷമായില്ലേ… ഇനി 250 ഉം 2500ഉം വർഷം കഴിഞ്ഞാലും നിങ്ങളുടെ കഥ ഒരു പാഠമാണ് ..ഒരുപാട് മക്കൾക്കുള്ള നല്ല പാഠം.
അന്ന് ആ മാല ബൈക്കിലിരിക്കുന്പോൾ ഇവന്റെ ഷർട്ടില് കൊളുത്തിപിടിച്ച് പൊട്ടിയില്ലായിരുന്നെങ്കിൽ ഇവര് ഇങ്ങനെ ഇരിക്യോടാ രാധു…
ചിപ്പായി ചോദിച്ചു. അല്ല പിന്നെ…അന്ന് മാല കൊണ്ടുകൊടുക്കാൻ പോയതുകൊണ്ടല്ലേ ഇവന് ഇവളെ കിട്ടിയത്…അല്ലേൽ ഏതോ എൻജിനീയറേം കെട്ടി ഈ മിനി അമേരിക്കയില് ഇംഗ്ലീഷു പറഞ്ഞിരുന്നേനെ…ഇവനാണേൽ വേറെ ഏതേലും മിനിയേം കെട്ടി ഓ പ്രിയേ പാടി നടന്നേനെ..
ആ മാല എടുത്തു വെച്ചിട്ടുണ്ടോ മിനീ – ചിപ്പായി ചോദിച്ചു പിന്നേ…ഇപ്പോഴും ആ മാല ഭദ്രമായി എടുത്തുവെച്ചിട്ടുണ്ട്. ആ മാല ഇല്ലായിരുന്നെങ്കിൽ..ആലോചിക്കാനേ വയ്യ..
മിനി സുധിയുടെ കൈ ചേർത്തെടുത്ത് പറഞ്ഞു.തറവാട്ടിൽ ചെന്നുകയറുന്പോൾ വർക്കിച്ചേട്ടൻ വന്ന് സ്വീകരിച്ചു.
മിനിയെ ചേർത്തണച്ചു..സുധിയേയും…
അപ്പോഴേക്കും ബാക്കിയുള്ളവരെല്ലാമെത്തി.മിനി പതുക്കെ ഗിറ്റാറിൽ വിരൽ തൊട്ടു..പഴയ കുട്ടിപ്പടയൊക്കെ വലിയ കുട്ടികളായിരിക്കുന്നു…പക്ഷേ ആരും പാട്ടു മറന്നിരുന്നില്ല…
മിനിയാന്റിയെ കെട്ടാൻ വന്നതാണോ എന്ന് സുധിയോടു ചോദിച്ച ആ തടിയൻ ഇപ്പോൾ തടിയൊക്കെ കുറച്ച് ചുള്ളനായിട്ടുണ്ട്…അവൻ പാട്ടിന് തുടക്കമിട്ടു.
ഒരു കൊറിയറുണ്ട്- സുധി ആൻഡ് മിനി….
കൊറിയറുമായി എത്തിയ ആൾ വീടിനു പുറത്തുനിന്ന് വിളിച്ചുപറഞ്ഞു. ഇരുവരും ചെന്ന് കൊറിയർ വാങ്ങി….
ലൗ ആൻഡ് ലൗ ഓണ്ലി എന്ന പുസ്തകമാണ് കവറിലുണ്ടായിരുന്നത്.കൗതുകത്തോടെ ആരാണ് അയച്ചതെന്നറിയാൻ അവർ പുസ്തകം തുറന്നു…
അതിന്റെ ആദ്യത്തെ പേജിൽ
ലൗ ആൻഡ് ലൗ എന്ന ടൈറ്റലിനു താഴെ ഇങ്ങനെ എഴുതിയിരുന്നു…അനിയത്തിപ്രാവിനും അവളെ പൊന്നുപോലെ നോക്കുന്ന സുധിക്കും വിവാഹമംഗളാശംസകൾ… സ്വന്തം ഫാസിൽ…