അഞ്ചല്‍ : ചിതറ പോലീസ് സ്റ്റേഷന് പരിധിയില്‍ അരിപ്പയിലെ വീട്ടില്‍ പട്ടാപ്പകല്‍ വന്‍ കവര്‍ച്ച നടത്തിയ പ്രതികള്‍ പിടിയിൽ. തിരുവനന്തപുരം വെള്ളനാട് സ്വദേശി എറണാകുളം ബിജു എന്ന ബിജു, കൂട്ടാളി മലയന്‍കീഴ് സ്വദേശി സതീശന് എന്നിവരേയാണ് ചിതറ പോലീസ് ഇന്നലെ രാത്രി പിടികൂടിയത്. കഴിഞ്ഞ മാസം 28 നാണ് നാടിനെ ഞെട്ടിച്ചു പട്ടാപ്പകല്‍ പ്രധാന പാതയോരത്തെ വീട്ടില്‍ മുന്‍വശത്തെ കതക് പൊളിച്ചു പത്തുപവന്‍ സ്വര്‍ണ്ണവും പണവും രേഖകളും കവര്‍ച്ച ചെയ്തത്.
വീട്ടുകാര്‍ തൊട്ടടുത്ത് ബന്ധുവിന്റെ വീട്ടില്‍ പോയി മടങ്ങിവന്നപ്പോഴാണ് കവര്‍ച്ച വിവരം അറിയുന്നത്. ഉടന്‍ സ്ഥലത്ത് എത്തിയ ചിതറ പോലീസ് തെളിവുകള്‍ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു. അരിപ്പമുതല് തിരുവനന്തപുരം വരെയുള്ള നൂറിലധികം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസ് പ്രതികളിലേക്ക് എത്തിയത്.
പിടിയിലായ എറണാകുളം ബിജു അറുപതോളം ക്രിമിനല്‍ കേസുകളില്‍പ്പെട്ട കൊടുംകുറ്റവാളിയാണ്. കൂട്ടാളി സതീശനും കവര്‍ച്ച അടക്കം അനവധി കേസുകളിലെ പ്രതിയാണ്. കവര്‍ച്ച നടന്ന വീടിനു സമീപത്ത് സിസിടിവിയില്‍ നിന്നും ബൈക്കില്‍ എത്തിയ രണ്ടംഗ സംഘമാണ് കവര്‍ച്ചക്ക് പിന്നിലെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
തുടര്‍ന്ന് പ്രത്യേക സംഘത്തെ തന്നെ രൂപീകരിച്ചുകൊണ്ട് അന്വേഷണം ആരംഭിച്ച പോലീസ് ഒരാഴ്ചക്കുള്ളില്‍ പൂന്തുറയിലെ വാടക വീട്ടില്‍ നിന്നും പ്രതികളെ പിടികൂടുകയായിരുന്നു.മൊബൈല്‍ഫോണ്‍ അടക്കം ഉപയോഗിക്കാതെ വീടിനു പുറത്തുപോലും അധികം ഇറങ്ങാതെ ഒളിവില്‍ കഴിഞ്ഞ പ്രതികളെ പോലീസ് കുടുക്കിയത് സാഹസികമായിട്ടയിരുന്നു.
സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ വി ബിജു, രാജേഷ്, ചടയമഗലം എസ്.ഐ മോനിഷ്, ചിതറ എസ്.ഐ രശ്മി, ഗ്രേഡ് എസ്.ഐ അജിത്ത് ലാല്‍ തുടങ്ങിയവരടുങ്ങുന്ന പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ തെളിവെടുപ്പുകള്‍ക്ക് ശേഷം കോടതിയില്‍ ഹാജരാക്കും