ഏറെ നാൾ ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞുനിന്ന താരങ്ങളാണ് അഞ്ജലിയും ജെയ്യും. ഇരുവരും പ്രണയത്തിലാണെന്നും വിവാഹം കഴിക്കാൻ പോകുന്നുവെന്നുമുള്ള വാർത്തകളോട് ആദ്യം നിശബ്ദരായെങ്കിലും പിന്നീട് ഇവയെല്ലാം തള്ളി താരങ്ങൾ തന്നെ രംഗത്തെത്തി. എന്നാൽ ഇടക്കാലത്തിനു ശേഷം വീണ്ടും പ്രണയത്തിലായെന്നും ഒരുമിച്ചാണ് താമസമെന്നും വാർത്ത വന്നു.
പിന്നീട് ഒരു ദോശ ചലഞ്ചുമായി ബന്ധപ്പെട്ടാണ് ഇരുവരും വാർത്തകളിൽ നിറഞ്ഞത്. തുടർന്ന് ഇരുവരും വിവാഹിതരാകുമെന്നും വാർത്തകൾ വന്നു. എന്നാൽ വിവാഹം ഇപ്പോൾ ഇല്ലെന്നാണ് അഞ്ജലി പറയുന്നത്. ജ്യോതിക നായികയായി എത്തുന്ന മഗിളർ മട്ടും എന്ന ചിത്രത്തിന്റെ ഭാഗമായി, ജ്യോതികയ്ക്ക് ദോശ ഉണ്ടാക്കി നൽകി സൂര്യ ദോശ ചലഞ്ച് തുടങ്ങിയിരുന്നു.
അതിനു ശേഷം നടൻ മാധവനേയും സംവിധായകൻ വെങ്കിട് പ്രഭുവിനേയും സൂര്യ ചലഞ്ച് ചെയ്തു. വെങ്കട് പ്രഭു ഭാര്യക്ക് ദോശ ഉണ്ടാക്കി നൽകി ചലഞ്ച് ഏറ്റെടുത്തു. പിന്നാലെ ജെയ്യെ ചലഞ്ച് ചെയ്യുകയും ചെയ്തു. ധൈര്യമുണ്ടെങ്കിൽ കാമുകിക്കു വേണ്ടി ദോശ ചലഞ്ച് ചെയ്യൂ എന്നായിരുന്നു ട്വീറ്റ്. വെല്ലുവിളി ഏറ്റെടുക്കുക മാത്രമല്ല അഞ്ജലിക്കൊപ്പമുള്ള ചിത്രവും ട്വീറ്റ് ചെയ്തു. അതോടെ ഇരുവരുടെയും ദീർഘനാളായുള്ള പ്രണയത്തിന് സ്ഥിരീകരണമായെന്ന് ഗോസിപ്പ് വാർത്തകൾ വന്നു.
എന്നാൽ ഉടനടി വിവാഹിതയാകില്ലെന്നാണ് ഇപ്പോൾ അഞ്ജലി തന്നെ പറയുന്നത്. ഞാൻ ഇപ്പോൾ നിരവധി പ്രൊജക്റ്റുകളുടെ തിരക്കിലാണ്. സിനിമയുടെ എണ്ണത്തിന് അല്ല ഞാൻ പ്രാധാന്യം നൽകുന്നത്, ഗുണത്തിനാണ്. നല്ല തിരക്കഥകൾ കേൾക്കാനാണ് തീരുമാനം. ഉടനൊന്നും വിവാഹിതയാകാൻ തീരുമാനിച്ചിട്ടില്ല. ഇപ്പോൾ സഹോദരന് വധുവിനെ തേടുകയാണ്. എന്റെ വിവാഹം ഉറപ്പിച്ചാൽ അത് എല്ലാവരെയും അറിയിക്കും- അഞ്ജലി പറയുന്നു.