നടി അഞ്ജലിയെ തെലുങ്ക് സൂപ്പര്‍ താരം നന്ദമൂരി ബാലകൃഷ്ണ ഗാരു അപമാനിച്ച വീഡിയോ ഇക്കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിലെല്ലാം വൈറലായിരുന്നു. ദേശീയ മാധ്യമങ്ങളും ഏറ്റെടുത്ത വിഷയം നിമിഷ നേരംകൊണ്ടാണ് കത്തിക്കയറിയത്. എന്നാല്‍ ഇപ്പോള്‍ ആ സംഭവത്തിനുശേഷമുള്ള നടി അഞ്ജലിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് വൈറലാവുന്നത്.
ഗ്യാംഗ്സ് ഓഫ് ഗോദാവരിയുടെ പ്രീ റിലീസിംഗ് ചടങ്ങിലായിരുന്നു സംഭവം. അഞ്ജലി കേന്ദ്രകഥാപാത്രമായി എത്തുന്ന സിനിമയുടെ പ്രീ റിലീസിംഗ് ഇവന്റില്‍ മുഖ്യാതിഥിയായി എത്തിയതാണ് നന്ദമൂരി ബാലകൃഷ്ണ. സ്റ്റേജില്‍ ഫോട്ടോഷൂട്ടൊക്കെ നടക്കുന്നതിനിടെയാണ് അഞ്ജലിയെ നന്ദമൂരി പിടിച്ചു തള്ളിയത്. അങ്ങേയറ്റം മോശമായ പെരുമാറ്റം എന്ന് പറഞ്ഞ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ദേശീയ പുരസ്കാര ജേതാവായ സംവിധായകന് ഹന്‍സല്‍ മെഹ്ത വിഷയത്തില്‍ പ്രതികരിക്കുകയും, നന്ദമൂരിയെ നികൃഷ്ട വ്യക്തി എന്ന് വിളിക്കുകയും ചെയ്തു. ആ വിഷയത്തിലും ട്വിറ്ററില്‍ വലിയ രീതിയിലുള്ള ചര്‍ച്ചകള്‍ നടന്നിരുന്നു.
വിഷയം ദേശീയതലത്തില്‍ ചര്‍ച്ചയാകുകയും, നന്ദമൂരി ബാലകൃഷ്ണയ്ക്കെതിരേ വ്യാപകമായ പ്രതിഷേധം ഉയരുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് അഞ്ജലിയുടെ പ്രതികരണം. അഞ്ജലിയുടെ വാക്കുകൾ…
ഗ്യാംഗ്സ് ഓഫ് ഗോദാവരിയുടെ പ്രീ റിലീസ് ഇവന്റില്‍ പങ്കെടുത്തതില്‍ നന്ദമൂരി ബാലകൃഷ്ണ ഗാരുവിനോട് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞാനും ബാലകൃഷ്ണ ഗാരുവും പരസ്പര ബഹുമാനം കാത്തുസൂക്ഷിക്കുന്നു. വളരെക്കാലമായി ഞങ്ങള്‍ നല്ല സൗഹൃദത്തിലാണ്. അദ്ദേഹത്തോടൊപ്പം വീണ്ടും വേദി പങ്കിടാന്‍ സാധിച്ചത് അതിമനോഹരമായിരുന്നു- എന്നാണ് അഞ്ജലിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. ബാലകൃഷ്ണയുടെ ആ പെരുമാറ്റത്തില്‍ തനിക്ക് യാതൊരു പ്രശ്നവുമില്ല എന്നാണു പോസ്റ്റിലൂടെ നടി വ്യക്തമാക്കുന്നത്.
കമന്റ് ബോക്സ് ഓഫ് ചെയ്തിരിക്കുന്നതിനാല്‍ പോസ്റ്റിന് താഴെ ആരാധകരുടെ പ്രതികരണം ഒന്നുമില്ല. എന്നാല്‍ അഞ്ചലിയുടെ പോസ്റ്റ് ഏറ്റെടുത്ത നന്ദമൂരിയുടെ ആരാധകര്‍ അത് ആഘോഷിക്കുകയാണ്. ഹന്‍സല്‍ മെഹ്തയ്ക്കുള്ള മറുപടിയാണ് ഈ പോസ്റ്റെന്ന് പറഞ്ഞാണ് അഞ്ജലിയുടെ പോസ്റ്റിന്റെ സ്ക്രീന്‍ ഷോട്ടുകൾ പ്രചരിക്കുന്നത്. എന്നാല്‍ ഇത്രയും ഗൗരവമേറിയ വിഷയത്തെ നിസാരവത്കരിച്ചതില്‍ അഞ്ജലിക്കെതിരെയും ചിലർ രംഗത്തെത്തിട്ടുണ്ട്.